Wednesday 15 March 2017

ആശിച്ചു കിട്ടിയ കപ്പൽ യാത്ര

ആശ തുടങ്ങിയ കഥ
------------------------

ബി.എസി. ഫിസിക്സ് പരീക്ഷയൊക്കെ കഴിഞ്ഞു ഇരിക്കുമ്പോളാണ് നേരത്തെ എഴുതിയ കുസാറ്റ് പിജി എൻട്രൻസ് റിസൾട്ട് വരുന്നത്. പട്ടാളത്തിൽ പോകണമെന്നാണ് ആഗ്രഹമെങ്കിലും ചില  സാങ്കേതിക കാരണങ്ങളാൽ നടന്നില്ല 😅. ഏതായാലും എന്നെ ഞെട്ടിച്ചുകൊണ്ടാണ് കുസാറ്റ് റിസൾട്ട് വരുന്നത്. അപേക്ഷിച്ച എല്ലാ വിഷയങ്ങൾക്കും നല്ല റാങ്ക് ഉണ്ട്.

എന്നാൽ ജനറൽ കാറ്റഗറി ആയതിനാൽ ഫിസിക്സിന് അഡ്‌മിഷൻ കിട്ടാൻ സാധ്യത കുറവായതിനാൽ ബാക്കി വിഷയങ്ങൾ നോക്കി. മീറ്റിയെറോളജി ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. അല്ലെങ്കിൽ അതുമാത്രമേ എന്താണെന്ന് എനിക്ക് മനസ്സിലായത് എന്നുതന്നെ പറയാം. കാലാവസ്ഥ നിരീക്ഷണം ആണല്ലോ. 'ഡേ ആഫ്റ്റർ ടുമാറോ' സിനിമ ഒക്കെ മനസ്സിലൂടെ ഓടി കളിച്ചു. ഫിസിക്സ് എം.എസി പഠിക്കണം എന്നൊരു ത്വരയും ഇല്ല, അച്ഛന് പ്യുവർ ഫിസിക്സ് ആണ് താല്പര്യം. നെറ്റ് എക്സാം ഒക്കെ ക്ലിയർ ചെയ്‌തു ഏതെങ്കിലും കോളേജിൽ പഠിപ്പിക്കാൻ പോയ മതി എന്നാണ് അച്ഛന്റെ അഭിപ്രായം. പക്ഷെ എനിക്ക് അതിൽ വല്യ താല്പര്യം ഇല്ല. അതുകൊണ്ട് കുസാറ്റിലെ എല്ലാ ബാക്കി വിഷയങ്ങളെപ്പറ്റിയും ഒന്ന് അന്വേഷിക്കാം എന്ന് കരുതി. പരിചയക്കാർ വഴി അന്വേഷിച്ചപ്പോൾ എല്ലാവരുടെയും അഭിപ്രായം ജിയോഫിസിക്സ് ആണ് നല്ലത് എന്നാണ്. ജോലി സാധ്യത ഉള്ള കോഴ്‌സ് ആണ് പോലും. എന്തയാലും ഒന്ന് പോയി അന്വേഷിക്കാം എന്ന് കരുതി.

എറണാകുളം പള്ളിമുക്കിലെ കുസാറ് ലേക്ക്സൈഡ് ക്യാമ്പസ്സിൽ ആണ് ഈ കോഴ്സുകൾ ഉള്ളത്. മറൈൻ സയൻസ് വിഷയങ്ങളും ഇൻഡസ്‌ട്രിയൽ ഫിഷറീസ് എന്നിവയുമൊക്കെ ആണ്  ലേക്ക്സൈഡ് ക്യാമ്പസ്സിൽ ഉള്ളത്. അഡ്‌മിഷൻ സാധ്യത ഉള്ള എല്ലാ ഡിപ്പാർട്മെന്റുകളും കയറി അന്വേഷിച്ചു. എല്ലാവരുടെയും അഭിപ്രായം ജിയോഫിസിക്‌സ് ആണ് നല്ല വിഷയം  എന്നാണ്. കൂടാതെ ചോദിച്ചവരൊക്കെ പറഞ്ഞ ഒരു വാക്ക് എന്നെ ആകർഷിച്ചു. "യാത്ര ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ജിയോഫിസിക്‌സ് അടിപൊളി ആണ്" അതെനിക്ക് അങ്ങ് പിടിച്ചു. കാരണം +2 കഴിഞ്ഞപ്പോൾ കൊച്ചച്ചൻ ഫ്യുച്ചർ പ്ലാൻസ് ചോദിച്ചപ്പോൾ ഞാൻ ചോദിച്ചത്  "ചുമ്മാ കറങ്ങി നടന്നാൽ പൈസ കിട്ടുന്ന എന്തേലും ജോലി ഉണ്ടോ?" എന്നാണ്.. എങ്ങനെയോ കറങ്ങി തിരിഞ്ഞു അങ്ങനെ ഒരു കോഴ്‌സ് കിട്ടി എന്ന് എന്റെ മനസ്സ് പറഞ്ഞു. 

അങ്ങനെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് ഡിപ്പാർട്മെന്റിൽ എത്തി. അവിടുത്തെ അദ്ധ്യാപിക നിഷ മിസ്സിനോട് കോഴ്സിനെപറ്റി അന്വേഷിച്ചു. സംശയങ്ങൾക്ക് മറുപടി പറയുന്നതിനിടക്ക് മിസ്സ് പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ ഞാൻ തീരുമാനിച്ചു ഞാൻ ഈ കോഴ്‌സ് തന്നെ എടുക്കും. ഇതായിരുന്നു ആ കാര്യം: "സമ്മർ വെക്കേഷൻ സമയത്ത് ക്രൂയിസ്‌ ഒക്കെ ഉണ്ടാവും കേട്ടോ.."

അങ്ങനെ എം.എസി മറൈൻ ജിയോഫിസിക്‌സ് വിദ്യാർത്ഥി ആയി. ഡിഗ്രിക്ക് കൂടെപഠിച്ച ജസ്റ്റിനും സാവിയോയും ഇതേ വിഷയം തന്നെ തിരഞ്ഞെടുത്ത് കൂടെയുണ്ട്. പക്ഷെ ഒന്നാം വർഷം തീരാറായി സമ്മർ ആയപ്പോൾ ഇന്ത്യൻ സയൻസ് അക്കാഡമിയുടെ ഫെല്ലോഷിപ്പ് കിട്ടിയതിനാൽ  സമ്മർ ഇന്റേൺഷിപ് ചെയ്യാൻ ഹൈദരാബാദ് ഉള്ള എൻ.ജി.ആർ.ഐ. യിൽ പോകേണ്ടി വന്നു. ആ സമയത്ത് സാവിയോ, ആദർശ്, ദേവൻ എന്നിവർ ക്രൂയിസ് പോയി. ഒരു റഷ്യൻ കപ്പലിലാണ് അവർ പോയത്. പോയി വന്നതിനു ശേഷം അവന്മാരുടെ  കഥകളായിരുന്നു മുഴുവൻ സമയവും. ഇതെല്ലം കേട്ട് സാരമില്ല എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി  ഞാനങ്ങനെ ഇരുന്നു. 

രണ്ടാം വർഷം ആയി. നാലാം സെമസ്റ്റർ പ്രൊജക്റ്റ് ആണ്. ഞാൻ അതുവരെ പാസ്പോര്ട്ട്  എടുത്തിട്ടുണ്ടായിരുന്നില്ല. ക്രൂയിസ് പോകണമെങ്കിൽ പാസ്പോര്ട്ട് ആവശ്യമാണ്. എൻ്റെ ആഗ്രഹം മനസിലാക്കിയ അജയൻ സർ പ്രൊജക്റ്റ്റിനു ശേഷം പറ്റിയാൽ ക്രൂയിസ് വിടാം എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു പാസ്പോര്ട്ട് എടുത്തു വച്ചേക്കാമെന്ന് കരുതി. മൂന്നാം സെമസ്റ്റർ എക്സാം ആകുന്നതിനു മുന്നേ പാസ്പോര്ട്ട് റെഡി ആക്കി. 

സെമസ്റ്റർ എക്സാം തുടങ്ങി. ഹോസ്റൽ മെസ്സ് ഇല്ലാത്തതിനാൽ ഒരു ദിവസം രാവിലെ കൂട്ടുകാരുമായി കുസാറ് കോഫിഹൌസിൽ പോയി. അപ്പോൾ ദാണ്ടെ അവിടെ ഇരിക്കുന്നു അജയൻ സർ. ഞങ്ങൾ സാറിന്റെ അടുത്ത് പോയി ഇരുന്നു. അപ്പോളാണ് സർ ചോദിക്കുന്നത്, "അജിതാഭിന് ക്രൂയിസ് പോകാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ?? ഒരു അവസരം വന്നിട്ടുണ്ട്, ഒരു വേക്കൻസി മാത്രമാണ് ഉള്ളത്, അജിതാഭ് പോകുന്നോ??" ഞാൻ ആലോചിക്കാൻ ഒന്നും നിന്നില്ല. ഉണ്ട് സാർ എന്ന് അപ്പോൾ തന്നെ പറഞ്ഞേച്ചു. എന്റെ കൂട്ടുകാർ പോയ അതെ കപ്പൽ ആണ്. ഗോവയിലെ NCAOR  നടത്തുന്ന ക്രൂയിസ് ആണ്. എക്സാം കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളിൽ  തന്നെ പുറപ്പെടണം. അത് കഴിഞ്ഞു നേരെ ഹൈദരാബാദിലേക്ക് പ്രൊജക്റ്റ് ചെയ്യാനും പോകണം. ചുരുക്കി പറഞ്ഞാൽ ഇനി ഒരു 3 മാസം കഴിഞ്ഞു തിരിച്ചു നോക്കിയാ മതി. ഏതായാലും ആഗ്രഹം നടക്കുലോ.. പിന്നെ എക്സാം പഠനം ഒന്നും നടന്നില്ല, മുഴുവൻ സമയം ക്രൂയിസ് ചിന്ത ആയി. 

അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ വകുപ്പ് മേധാവി സാജൻ സർ പറയുന്നത് മാർക്ക് അനുസരിച്ചേ വിടാൻ പറ്റുകയുള്ളൂ എന്നാണു. എനിക്ക് മുന്നിൽ രണ്ടു പേരാണ് ഉള്ളത്. ശശി ആയല്ലോ എന്നോർത്തു ഇരിക്കുമ്പോളാണ് അജയൻ സർ വീണ്ടും രക്ഷകനായത്. മൂന്ന് വേക്കൻസി ഒപ്പിച്ചെടുത്തു സർ. പക്ഷെ ഒരു വേക്കൻസി ജിയോളജി വിദ്യാർത്ഥിക്ക് ആണ്. വീണ്ടും ശശി. പക്ഷെ മുന്നിലുള്ള അനു ക്രൂയിസിന് ഇല്ല എന്ന് പറഞ്ഞതുകൊണ്ട് വീണ്ടും പ്രതീക്ഷ ഉദിച്ചു. ഏതായാലും സംഭവം ശരിയായി. കയ്യിലിരിപ്പുകൊണ്ട് അവസാന നിമിഷം അജിതാഭിനെ വിടേണ്ട എന്ന് സാജൻ സർ പറഞ്ഞെങ്കിലും അജയൻ സാർ അവസരോചിതമായി ഇടപെട്ടതുകൊണ്ടു എൻ്റെ കാര്യം confirm ആയി. 

ചെന്നൈയിൽ നിന്നാണ് കപ്പലിൽ കയറേണ്ടത്. ബേ ഓഫ് ബംഗാളിൽ സർവ്വേ നടത്തിയതിനു ശേഷം ചെന്നൈയിൽ തന്നെ തിരിച്ചെത്തും. അപ്പോളാണ് ചെന്നൈ തീരത്ത്  ചുരുളി കൊടുങ്കാറ്റ് ഉണ്ടാകുന്നത്. പ്രകൃതിയും എന്നെ ചതിച്ചോ എന്ന് ഓർത്തു പോയി. പക്ഷെ ക്രൂയിസ് ക്യാൻസൽ ചെയ്യില്ല, നാല് ദിവസത്തിന് ശേഷം ഉണ്ടാകും എന്ന് വിവരം കിട്ടി. Cyclone ന്റെ പ്രശനങ്ങൾ രണ്ടു ദിവസം കൂടിയേ ഉണ്ടാവൂ എന്ന് മീറ്റിയറോളജി കൂട്ടുകാരും ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ എല്ലാം ഓക്കേ. മെഡിക്കൽ സർട്ടിഫിക്കറ്റ് ഒക്കെ ശരിയാക്കി ക്യാംപസിൽ എത്തുമ്പോളാണ് അഭിലാഷ് സർ പറയുന്നത്, ക്രൂയിസിന് സയൻറ്റിസ്റ് ആയി നമ്മളുടെ സീനിയർ തന്നെയാണ് വരുന്നത്. പേര് ട്വിങ്കിൾ.

കപ്പലിനെപ്പറ്റി ഏകദേശം ഒരു ഐഡിയ ഉണ്ട്. രണ്ടു സയന്റിസ്റ്റുകളും മൂന്നു സ്റുഡന്റ്സും രണ്ടു പാചകക്കാരും ഒരു steward ഉം ആണ് ഇന്ത്യക്കാരായി ഉള്ളത്. ബാക്കി ക്രൂ മൊത്തം റഷ്യൻസ് ആണ്.

യാത്ര  
------------------------
അങ്ങനെ 2016 ഡിസംബർ 11നു യാത്ര തുടങ്ങി. ഞാനും ശബരിയും ഗോകുലമാണ് പോകുന്നത്. വൈകുന്നേരം വൈറ്റിലയിൽ നിന്നും കല്ലടയുടെ ബസ്സിലാണ് ചെന്നൈയിലേക്ക് പോകുന്നത്. ആദർശും സാവിയോയും ജൂനിയർ ആയ അമൃതയും യാത്ര അയക്കാൻ വന്നു. കോളേജ് ജീവിതം ഏകദേശം തീർന്നു എന്ന യാഥാർഥ്യം മനസ്സിലാക്കിയ വിഷമം ഞങ്ങൾക്കു ഉണ്ടായിരുന്നു. ഏതായാലും യാത്ര തുടങ്ങി.


ബസ്സിൽ ഇരിക്കുമ്പോളാണ് NCAOR സയന്റിസ്റ് ആയ അഭിഷേക് ത്യാഗി വിളിക്കുന്നത്. കപ്പൽ കരയ്‌ക്കെത്തുമ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. കോയമ്പേടു ബസ് സ്റ്റാൻഡിലാണ് ഞങ്ങൾ ഇറങ്ങുന്നത്. അങ്ങോട്ടേക് വണ്ടി അയക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഡ്രൈവറുടെ ഫോൺ നമ്പറും കാർ നമ്പറും മെസ്സേജ് ചെയ്‌തു. യാത്ര സുഖമായി. ആദ്യമായിട്ടാണ് Scania ബസിൽ യാത്ര ചെയ്യുന്നത്. നല്ല സുഖപ്രദമായ യാത്രയാണ്.

രാവിലെ പോണ്ടിച്ചേരി എത്തിയപ്പോളേക്കും ഉറക്കമെണീറ്റു. പിന്നീടങ്ങോട്ട് കടൽ തീരത്തിന് സമാന്തരമായാണ് റോഡ് കിടക്കുന്നത്. എങ്ങും ചുരുളി കൊടുംകാറ്റിന്റെ ഭീകരത വെളിവാകും വിധം മരങ്ങളും കുടിലുകളുടെ മേൽക്കൂരകളും മറ്റും വീണു കിടക്കുന്നത് കാണാമായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം ശാന്തമാണ്. ഇടയ്ക്കിടെ ഞാനും satellite പടങ്ങൾ നോക്കാറുണ്ടായിരുന്നു. Cyclone formation ഒന്നുംതന്നെ കാണാനില്ലായിരുന്നു. ഏകദേശം 9 മണിയോടെ കോയമ്പേടു ബസ് സ്റ്റാൻഡിൽ എത്തി. ചെന്നൈയിലെ പ്രധാന ബസ് സ്റ്റാൻഡ് ആണ് കോയമ്പേടു. സ്റ്റാൻഡിനു പുറത്താണ് ബസ് നിർത്തിയത്. ഏകദേശം അര മണിക്കൂറിനുള്ളിൽ കാർ എത്തി.

ചെന്നൈ പോർട്ടിലേക്ക് 

കോയമ്പേടു നിന്നും ചെന്നൈ  പോർട്ടിലേക്ക് ഏകദേശം 13 കിലോമീറ്റര് ഉണ്ട്. രണ്ടു ബാറ്ററി വാങ്ങുവാൻ കാർ ഇടക്കൊന്ന് നിർത്തണമെന്ന് ആദ്യമേ തന്നെ ഡ്രൈവറോട് പറഞ്ഞു. കടലിൽ മൊബൈൽ റേഞ്ച് കിട്ടില്ല. എന്തെങ്കിലും വാർത്ത അറിയണമെങ്കിൽ  AM റേഡിയോ തന്നെ ശരണം. എന്തായാലും ബാറ്ററിയും വാങ്ങി നേരെ പോർട്ടിലേക്ക് പോയി.

പോർട്ട് ട്രസ്റ്റിന് മുന്നിൽ കുറച്ചു സമയം കാത്തുനിന്നപ്പോളേക്കും ഏജന്റ് എത്തി. പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കൽ തുടങ്ങി ബസ് ഇറങ്ങിയിട്ടുള്ള ഞങ്ങളുടെ യാത്ര വരെ ഏജൻസിയെ ഏല്പിച്ചിരിക്കുകയാണ്. CISF ചെക്‌പോസ്റ്റിൽ ആദ്യം പാസ്പോര്ട്ട് കാണിച്ച് അകത്തേക്ക് കടക്കണം. കാർ അകത്തേക്ക് പ്രവേശിപ്പിക്കാം. പോർട്ടിൽ ഇമ്മിഗ്രേഷൻ ഓഫീസിൽ ചെന്ന് പാസ്സ്പോർട്ടിൽ coastal sign off സീൽ വച്ച് ഞങ്ങളുടെ കപ്പൽ കിടക്കുന്ന ബെർത്തിലേക്ക് കാറോടിച്ചു. ഏക്കർ കണക്കിന് പറന്നു കിടക്കുകയാണ് പോർട്ട്. പലതരം കപ്പലുകൾ അടുക്കുന്ന സ്ഥലങ്ങളും അതിനു പോന്ന ഗോ ഡൗണുകളും കാണാം.

ചുരുളി കൊടുങ്കാറ്റ് പോർട്ടിനെയും ഒന്ന് കറക്കി എടുത്തിട്ടുണ്ട്. മരങ്ങളൊക്കെ മറിഞ്ഞു കിടക്കുന്നത് പലയിടങ്ങളിലും കാണാം. അങ്ങനെ ഒരു സ്ഥലമായപ്പോൾ ഏജൻറ് ഡ്രൈവറോട് കാർ  നിർത്തുവാൻ പറഞ്ഞു. സ്ഥലമെത്തി. ബാഗുകൾ എടുത്ത് ഞങ്ങൾ ഏജന്റിന്റെ പുറകെ നടന്നു. അതാ, ഞങ്ങളുടെ കപ്പൽ കാണുവാൻ തുടങ്ങി. MGS SAGAR.

MGS SAGAR


നീലയും വെള്ളയുമായി നല്ല ഒതുക്കമുള്ള സുന്ദരനാണ് ഞങ്ങളുടെ കപ്പൽ. ഞങ്ങൾ വേഗം തന്നെ കപ്പലിലേക്ക് കോവണി വഴി കയറി. വാതിൽക്കൽ തന്നെ ഒരു റഷ്യക്കാരൻ .നിൽപ്പുണ്ടായിരുന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ആണ് അദ്ദേഹം. കപ്പലിൽ കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും കണക്കുകളും ലോഗ് ബുക്ക് നോക്കുകയുമാണ് അദ്ദേഹത്തിന്റെ ജോലി. പോർട്ടിൽ എത്തുമ്പോൾ അറ്റകുറ്റപ്പണികൾക്കായുംമറ്റും പലരും കപ്പലിൽ കയറി ഇറങ്ങുക പതിവാണ്. ഞങ്ങൾ പേരുകൾ ബുക്കിൽ എഴുതി അകത്തേക്ക് പ്രവേശിച്ചു. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന റഷ്യക്കാരൻ ഞങ്ങളെ സ്വാഗതം ചെയ്‌തു ചീഫ് സയന്റിസ്റ്റിന്റെ റൂമിൽ കൊണ്ടുപോയി ഇരുത്തി. NCAOR ഇൽ നിന്നുള്ള സയന്റിസ്റ്റുകൾ ഇതുവരെ എത്തിയിട്ടില്ല.

അപ്പോളാണ് ദേശായി ഭൈയ്യ ഞങ്ങളെ തപ്പിയെത്തിയത്. കപ്പലിലെ steward ആണ് അദ്ദേഹം. പണ്ട് ആദർശും മറ്റും പോയപ്പോളും ദേശായി ഭൈയ്യ തന്നെയായിരുന്നു steward. അതിനാൽ എന്റെ സുഹൃത്ത് ആദർശ് നേരത്തെ തന്നെ ദേശായി ഭൈയ്യയോട് ഞങ്ങൾ എത്തുന്ന വിവരം പറഞ്ഞിരുന്നു. ദേശായി ഭൈയ്യ ഞങ്ങളെ കപ്പൽ മുഴുവൻ ചുറ്റി കാണിച്ചു. ഞങ്ങളുടെ റൂമുകളും കാണിച്ചു തന്നു. ചെറിയതാണെങ്കിലും ആവശ്യത്തിലധികം സൗകര്യങ്ങളുള്ള മുറി. കപ്പലിനകം മുഴുവൻ ശീതികരിച്ചവയാണെന്ന് പറയേണ്ടതില്ലല്ലോ. റൂമിനുള്ളിൽ Ambience ആണ് എടുത്ത് പറയേണ്ടത്. ഇന്റീരിയർ ഡിസൈനിംഗിന്റെ മികവ്. ഇത് റഷ്യൻ കമ്പനിയായ മറൈൻ ജിയോളജിക്കൽസർവ്വേ (MGS) എന്ന കമ്പനി വാങ്ങുന്നതിനു മുന്നേ CGG Veritas എന്ന ഓയിൽ എക്സ്പ്ലോറേഷൻ ഭീമന്റെ Seismic വെസ്സൽ ആയിരുന്നു. അതിന്റെകൂടി മികവ് കാണാനുണ്ട് മൊത്തത്തിൽ. നിങ്ങൾ ആലോചിക്കുന്നുണ്ടാവും എന്താണ് റഷ്യൻ കപ്പലിനു ഇന്ത്യൻ പേരെന്ന്. റഷ്യൻ കമ്പനി ഈ കപ്പൽ വാങ്ങിയതിന് ശേഷം ആദ്യം ലഭിച്ച കോൺട്രാക്ട് ഇന്ത്യയുടേതാണ്. അതിനാലാണ് ഈ പേര് ലഭിച്ചത്.

ഞങ്ങളുടെ റൂം 

NCAOR സയന്റിസ്റ്സ് വരാൻ സമയമായെന്ന് ദേശായി ഭൈയ്യ പറഞ്ഞതനുസരിച്ച് ഞങ്ങൾ ചീഫ് സയന്റിസ്‌റ് റൂമിൽ പോയിരുന്നു. ട്വിങ്കിൾ ചേച്ചിയെപ്പറ്റി ഞാൻ നേരത്തെ ഗോവയിൽ ജോലിചെയ്യുന്ന എൻ്റെ സഹോദരൻ സോളി ചേട്ടനോട് ചോദിച്ചിരുന്നു. ഒരു പാവം ആളാണെന്നാണ് പറഞ്ഞത്. പക്ഷെ 2007 ബാച്ച് പാസ്സ്ഔട്ട് ആണ്. 10 വർഷം സീനിയർ.  കൂടാതെ IITയിൽ നിന്നും PhDയും കഴിഞ്ഞ ആള്. പെട്ടെന്ന്  അവർ റൂമിലേക്ക് കടന്നു വന്നു. ഞങ്ങൾ ചാടി എണീറ്റു. അപ്പോൾ തന്നെ ചേച്ചി പറഞ്ഞു "അയ്യേ നിങ്ങൾ എന്താ സ്കൂൾ പിള്ളേരെ പോലെ". അപ്പോൾ തന്നെ മനസിലായി ഈ ക്രൂയിസ് സമാധാനപരമായിരിക്കും എന്ന്. മാഡം എന്ന് വിളിക്കണോ എന്നായി   അടുത്ത സംശയം. നേരത്തെ കേട്ടിട്ടുള്ള പരിചയം വച്ച് ഞാൻ കേറി ചേച്ചി എന്നും വിളിച്ചു. പക്ഷെ കുഴപ്പമൊന്നും ഉണ്ടായില്ല. ചേച്ചിടെ കൂടെ ഉള്ള ആളാണ് ചീഫ് സയന്റിസ്റ്. സുമൻ കിലാരു. രണ്ടുപേരും ഞങ്ങൾക്ക് കപ്പലിൽ ചെയ്യേണ്ട ജോലികളെപ്പറ്റി ഒരു വിവരണം തന്നു. ഏതായാലും അടുത്ത ദിവസം തൊട്ടേ ഉള്ളു പണി. ഇന്ന് മുഴുവൻ കറങ്ങി നടക്കാം.

ദേശായി ഭൈയ്യ ഞങ്ങൾക്കു ഡേ റൂം കാണിച്ച് തന്നു. ഞങ്ങൾക്കു മാത്രം ടി.വി കാണുവാനും ചുമ്മാ പോയി ഇരിക്കുവാനുമുള്ള റൂം ആണത്. ഒരുപാടു പുസ്തകങ്ങളും ഒരു ഹാർഡ് ഡിസ്ക് നിറയെ സിനിമകളും അവിടെയുണ്ട്. കൂടാതെ ഒരു ഫ്രിഡ്ജ് നിറയെ ജ്യൂസ്,ഫ്രൂട്സ്,ഐസ് ക്രീമുകൾ എന്നിവയും അവിടെയുണ്ട്. അത് കൂടാതെ മെസ്സിലും ഇൻഡ്യക്കാർക്കായി ഒരു ഫ്രിഡ്ജ് നിറയെ സാധനങ്ങൾ ഉണ്ട്. തിന്നു തീർത്തുകൊടുത്താൽ മതി എന്നാണ് ദേശായി ഭൈയ്യ പറയുന്നത്. തീരുമ്പോൾ തീരുമ്പോൾ സാധനങ്ങൾ നിറയ്ക്കുമത്രേ. ഏതായാലും ആദ്യ ദിവസം പുറത്തിറങ്ങി നല്ല ശ്വാസം എടുത്തുകൊള്ളുവാനാണ് ദേശായി ഭൈയ്യ പറഞ്ഞത്. ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ കടലിൽ തന്നെ. ഞങ്ങൾ കപ്പലിലൂടെ കറങ്ങി നടന്നു. അടുത്തുള്ള വലിയ കപ്പലുകളൊക്കെ കണ്ടങ്ങനെ നിന്നു. രാത്രി 6 മണിയോടെ തുറമുഖം വിടുമെന്നാണ് വിവരം.

ഡേ റൂം 

4 മണിയോടെ പൈലറ്റ് എത്തി. തുറമുഖത്തിനകത്തേക്ക് പ്രവേശിപ്പിക്കുവാനും ഇറക്കുവാനും പോർട്ട് ട്രസ്റ്റ് നിയോഗിച്ചിരുന്ന ആൾക്ക് മാത്രമേ അധികാരം ഉള്ളൂ. കാരണം തുറമുഖത്തെ ആഴം കൂടിയ ഭാഗങ്ങളും അടുപ്പിക്കേണ്ട സ്ഥലങ്ങളും അവർക്കായിരിക്കും അറിയുക. പൈലറ്റ് ഒരു ചെറിയ ബോട്ടിൽ വന്നു കപ്പലിൽ കയറി. ഉടൻതന്നെ ടഗ് ബോട്ടുകളും എത്തി. തുറമുഖത്തെ ഇടുങ്ങിയ ഇടങ്ങളിൽ വരെ കപ്പലുകൾ വലിച്ച് തിരിക്കുവാനാണ് ടഗ് ബോട്ടുകൾ ഉപയോഗിക്കുന്നത്. സാധരണ തുറമുഖത്തിനകത്ത് ടഗ് ബോട്ടുകൾ കപ്പലിന്റെ രണ്ടു വശങ്ങളിലും നിർത്തി കപ്പൽ നീക്കുകയാണ് പതിവ്. രണ്ട് ടഗ് ബോട്ടുകൾ എത്തി കപ്പൽ വേറൊരു ഭാഗത്തേക്ക് അടുപ്പിച്ചു. കപ്പലിലെ മാലിന്യങ്ങൾ ഇറക്കുവാനും പുതിയ സാധനങ്ങൾ അകത്തേക്ക് കയറ്റുവാനുമാണ് മാറ്റി നിർത്തിയത്.

ടഗ് ബോട്ട് 

ഈ സമയമൊക്കെ ഞങ്ങൾ എല്ലാം നിരീക്ഷിച്ചു നിന്നു. കൂടാതെ യാത്ര പറയേണ്ടവരെ മുഴുവൻ വിളിച്ചു. ഇനിയങ്ങോട്ട് ഒരു വിളികളുമില്ല.  ഏകദേശം 7 മണിയോടെ കപ്പലെടുത്തു. ഞങ്ങൾ ഡെക്കിൽ തന്നെ നിന്നു. അപ്പോളാണ് ഇരുട്ടത്തുനിന്ന് ഒരാൾ ഹായ് എന്നൊക്കെ പറഞ്ഞു വരുന്നത്.  വളരെ സൗഹാർദ്ദപരമായി അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ആഴ്സനി എന്നാണ് ആളുടെ പേര്. ചീഫ് ഹൈഡ്രോഗ്രാഫർ ആണ്. ആടിയാടിയാണ് ആളുടെ നിൽപ്പ്. നല്ലപോലെ അടിച്ചു കെറ്റിയിട്ടാണ് നിൽപ്പ് എന്ന് മനസ്സിലായി. അൽപ്പനേരം സംസാരിച്ച ശേഷം അദ്ദേഹം തൻ്റെ ഭാര്യയെ വിളിക്കാൻ പോയി. ഞാൻ ബ്രിഡ്‌ജിന്റെ വശത്തേക്ക് പോയി നോക്കാമെന്ന് കരുതി. അമ്മയെ വിളിച്ച് യാത്ര പറഞ്ഞിട്ട് ഞാൻ ബ്രിഡ്‌ജിലേക്ക്ക് പോയി. കപ്പൽ നിയന്ത്രിക്കുന്ന ഭാഗമാണ് ബ്രിഡ്ജ്. ഏറ്റവും മുന്നിലാണ് അതുള്ളത്. ക്യാപ്റ്റനും ബാക്കി നാവിഗേഷണൽ ഉദ്യോഗസ്‌ഥരും അവിടെയാണുള്ളത്. ഞങ്ങളുടെ കപ്പലിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബ്രിഡ്ജ്. ആയതിനാൽ തന്നെ നല്ല ആട്ടമാണ് അവിടെ. കടൽ വെള്ളത്തിലെ തിരകൾ മൂലം 3 തരം ചലനങ്ങളാണ് കപ്പലിനുള്ളത്. Pitch, Roll, Yaw എന്നൊക്കെയാണ് അത് അറിയപ്പെടുന്നത്. അതിൽ pitchഉം rollഉമാണ് ഏറ്റവും അറിയാൻ സാധിക്കുന്നത്. വശങ്ങളിലേക്ക് ഉള്ള ആട്ടമാണ് roll. Seesaw പോലെയുള്ള ചലനമാണ് pitch. കപ്പൽ തുറമുഖത്തിലെ കടൽ ഭിത്തികൾ കടന്നു കടലിലേയ്ക്ക് ഇറങ്ങിയപ്പോൾ നല്ലപ്പോലെ ഉലയുവാൻ തുടങ്ങി. ചാടി ചാടിയുള്ള കപ്പലിന്റെ പോക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. Seasick ആണോ എന്നതായിരുന്നു കപ്പലിൽ കേറിയപ്പോൾ മുതലുള്ള ആളുകളുടെ ചോദ്യം. ഇപ്പോൾ അതിനു ഉത്തരം കിട്ടുമെന്ന് എനിക്ക് തോന്നി. പക്ഷെ എല്ലാം ഒരു കൗതുകമായി മാത്രമാണ് തോന്നിയത്. കണ്ണിൽ നിന്നും ചെന്നൈ പട്ടണത്തിലെ വെളിച്ചം മറഞ്ഞുതുടങ്ങിയിരിക്കുന്നു. ഫോണിലെ റേഞ്ചും പോയി തുടങ്ങി. ഫോൺ ഓഫ് ആക്കി ഭക്ഷണം കഴിക്കുവാനായി പോയി.

കപ്പൽ നീങ്ങി തുടങ്ങിയപ്പോൾ 

കപ്പലിലെ ഭക്ഷണമാണ് എടുത്ത് പറയേണ്ടത്. ഒരു നേരം 3 തരം ഇറച്ചി ഉറപ്പാണ്. ബീഫ് വിരുദ്ധർ ഈ കപ്പലിൽ വന്നാൽ നോക്കിയിരിക്കാനേ പറ്റുകയുള്ളു. ദിവസത്തിൽ ഒരുനേരം ബീഫ്  ഉറപ്പാണ്. റഷ്യക്കാർ എല്ലാസമയവും ബീഫ് കഴിക്കുന്നവരാണ്. ഉച്ചക്ക് ബിരിയാണിയായിരുന്നു. സുമൻ സാറും ചേച്ചിയും ഞങ്ങളും ഒരുമിച്ചിരുന്നാണ് കഴിക്കുക. ഭക്ഷണത്തിനു ശേഷം പോയികിടന്നു ഉറങ്ങിക്കൊള്ളുവാനാണ് സാർ പറയുന്നത്. കുറച്ച് നേരം കൂടി പുറത്തിറങ്ങി ഇരുന്നതിനു ശേഷം ഞങ്ങൾ പോയികിടന്നുറങ്ങി. കപ്പലിന്റെ ആട്ടവും മൃദുവായ മെത്തയും ACയുടെ തണുപ്പുംകൂടി ആയപ്പോൾ ഉറങ്ങിപ്പോയതുപോലും അറിഞ്ഞില്ല. റോളിങ്ങ് കാരണം തൊട്ടിലിലിട്ട് ആട്ടുന്നപോലെയുള്ള അനുഭൂതിയാണ്.

രാവിലെ ഞാൻ ആറരയോടെ എണീറ്റു. പെട്ടെന്നുതന്നെ മൊബൈലും എടുത്ത് മുകളിലേക്ക് പോയി. എന്തെങ്കിലും കാഴ്ചകൾ ഉണ്ടെങ്കിൽ പകർത്താനാണ് മൊബൈൽ എടുത്തത്. പക്ഷെ അപ്പോളാണ് മനസ്സിലായത് ഇപ്പോളും ഫോണിൽ റേഞ്ച് ഉണ്ട്. GPS നോക്കിയപ്പോൾ കപ്പൽ തീരത്തിന് സമാന്തരമായാണ് ഓടുന്നത് എന്ന് മനസ്സിലായി. ആന്ധ്രാ തീരത്തിനടുത്താണ് ഇപ്പോളുള്ളത്. ഞാൻ ഫേസ്ബുക് ഓണാക്കി ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്‌തു. പെട്ടെന്ന് തന്നെ കപ്പൽ ഗതിമാറി ആഴക്കടലിലേക്ക്  തിരിച്ചു. പെട്ടെന്ന് തന്നെ ഫോണിലെ റേഞ്ചും പോയി.

ഞങ്ങളെല്ലാവരും കുളിച്ച് സാറിനെ കാണുവാൻ പോയി. അദ്ദേഹം ഞങ്ങളെ കപ്പൽ മുഴുവൻ ചുറ്റികാണിച്ച് ഉപകരണങ്ങൾ പരിചയപ്പെടുത്തി. എല്ലാവര്ക്കും ഓരോ ഉപകരണങ്ങളുടെ ചുമതല നൽകി. എനിക്ക് Multibeam Ecosounder, Sidescan sonar, Sub-bottom profiller എന്നിവയുടെ ചുമതല നൽകി. ഗോകുലിന് gravity and magnetic, ശബരിക്ക് geological ജോലികളും നൽകി. ഓരോരുത്തരും അവരവരുടെ ഉപകരണങ്ങളെപ്പറ്റി പഠിച്ചശേഷം പ്രസന്റേഷൻ നൽകണം. റഷ്യൻ ആളുകളാണ് ഇവയെല്ലാം കൈകാര്യം ചെയ്യുന്നത്. അവരുമായി സംസാരിച്ചുവേണം എല്ലാം പഠിക്കുവാൻ. കൂടാതെ multibeam,gravity,magnetic എന്നിവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പ്രോസസും ചെയ്യുന്ന ലാബിലും ഡ്യൂട്ടി ഉണ്ട്. 4 മണിക്കൂർ കൂടുമ്പോൾ മാറി മാറി ഇരിക്കണം. ഓരോ അര മണിക്കൂർ കൂടുമ്പോൾ നിലവിലെ ലൊക്കേഷനും കപ്പലിന്റെ വേഗതയും ടാറ്റ സേവ് ചെയ്യുന്ന ഫയൽ പേരുകളും എഴുതി വെക്കണം. കൂടാതെ രാവിലെ 8 മണിക്ക് ഡ്യൂട്ടിയിൽ ഉള്ളയാൾ ബ്രിഡ്‌ജിൽ പോയി ലൊക്കേഷനും, കാറ്റിന്റെ  വേഗതയും, തിരകളുടെ ഉയരവും, കപ്പലിൽ ശേഷിക്കുന്ന ഫ്രഷ് വാട്ടർ, ഇന്ധനം എന്നിവയും നോക്കി സാറിന് നൽകണം. അദ്ദേഹം അത് എന്നും NCAORനു ഈ-മെയിൽ വഴി അയച്ച് കൊടുക്കും. കപ്പലിൽ കടൽ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനം ഉണ്ട്. അതിനാൽ വെള്ളത്തിന് കുറവുണ്ടാകില്ല.

അങ്ങനെ ജോലി തുടങ്ങി. ആദ്യമായി ലാബിലെത്തി. അവിടെ നിരവധി കമ്പ്യൂട്ടറുകളും പ്രിന്ററുകളും മറ്റു ഉപകരങ്ങളും ഉണ്ട്.  കപ്പലിലെ മുഴുവൻ പ്രവർത്തനങ്ങളും അവിടെയിരുന്ന് നിരീക്ഷിക്കാനാകും. കപ്പലിന്റെ താഴ്ഭാഗത്തായാണ് ലാബ്. ഞങ്ങൾ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത് തന്നെയാണത്. വലിയ ഇരുമ്പു വാതിലുകൾ തുറന്നുവേണം ഓരോ ഭാഗത്തേക്കും കയറുവാൻ. അത് തുറക്കുന്നതിനുള്ള പൂട്ടുകളും പുതുമയുള്ളവയായിരുന്നു. ലാബിൽ ചെയ്യേണ്ട പണികൾ കാണിച്ചുതന്നതിനു ശേഷം ചേച്ചിയും സാറും പോയി. ലാബിന്റെ ഒരു ഭാഗത്തു റഷ്യക്കാരുടെ കംപ്യൂട്ടറുകളും ഒരുഭാഗത്ത് നമുക്കുള്ള ഒരു കമ്പ്യൂട്ടറും കസേരകളുമാണ് ഉള്ളത്.

ലാബ്

ഞങ്ങൾ പണി ആരംഭിച്ചു. റഷ്യക്കാർ ജോലിയിൽ വളരെയേറെ ആത്മാർത്ഥ പുലർത്തുന്നവരാണ്. ആർസെനി അവിടെ ഒരു കസേരയിൽ ഇരിക്കുന്നത് കണ്ടു. ഞങ്ങൾ തലേന്നത്തെ പരിചയം പുതുക്കി. പക്ഷെ ആൾക്ക് നല്ല തലവേദനയാണ്. തലേന്നത്തെ ഹാങ്ങോവർ ആണെന്നാണ് പറഞ്ഞത്. നാളെ മുതൽ നമുക്ക് സംസാരിക്കാം, ഇന്നൊട്ടും വയ്യാ എന്നാണ് ആർസെനി പറയുന്നത്. ബാക്കിയുള്ളവരെല്ലാം പണികളിൽ മുഴുകിയിരിക്കുകയാണ്. ചേച്ചി പെട്ടെന്ന് തന്നെ തിരികയെത്തി ഞങ്ങള്ക് പഠിക്കുവാനുള്ള മെറ്റീരിയൽസ്‌ നൽകി. ചേച്ചി നല്ലതുപോലെ സംസാരിക്കുന്നയാളാണ്. ഒത്തിരിയേറെ കാര്യങ്ങൾ സംസാരിച്ച് ഞങ്ങളിരുന്നു. ആദ്യ ദിവസമായതിനാൽ ഞങ്ങൾ എല്ലാവരും ലാബിൽ ഉണ്ട്. ചേച്ചിക്ക് എന്തൊക്കെയോ ജോലികൾ തീർക്കാനുള്ളതിനെ പറ്റി പറയുന്നുണ്ടായിരുന്നു. ഒരു പേപ്പർ ഇറക്കുവാനുള്ള പണിയിലാണ് ചേച്ചി. കുറച്ചൊക്കെ ലാബിലിരുന്നു ചെയ്യുകയും ബാക്കി റൂമിലും പോയിരുന്നു ചെയ്യുകയാണ് പതിവ്. ഞങ്ങളുള്ളതിനാൽ അവർക്ക് നല്ലതുപോലെ സമയം ലഭിക്കുന്നുണ്ട്.

ഞങ്ങൾ പെട്ടെന്നുതന്നെ ജോലികൾ പഠിച്ചു. ഓരോ അര മണിക്കൂർ കൂടുമ്പോൾ ലോഗ് ബുക്ക് എഴുതുന്നത് തന്നെയാണ് പ്രധാന ജോലി. കൂടാതെ ഓരോത്തർക്കും നൽകിയിരിക്കുന്ന ടോപ്പിക്ക് പഠിച്ച് പ്രസന്റേഷൻ ഉണ്ടാക്കണം. ആദ്യത്തെ ആഴ്ച്ച എന്റെ ഡ്യൂട്ടി സമയം രാവിലെയും വൈകുന്നേരവും 4 മണി മുതൽ 8 വരെയാണ്. വരുന്ന ആഴ്ചകളിൽ ഡ്യൂട്ടി ഷിഫ്റ്റ് മാറി മാറി വരും. അതാകുമ്പോൾ കപ്പലിലെ ഓരോ സമയവും കാണാനാകും. ഞാൻ രാവിലെയുള്ള സമയത്തതാണ് കൂടുതലായും പഠിക്കുവാനും പ്രസന്റേഷൻ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നത്. 4 മണി വരെ ഡ്യൂട്ടി ചെയ്യുന്ന ഗോകുൽ എന്നെ വിളിച്ചേൽപ്പിച്ചിട്ട് ഉറങ്ങുവാൻ പോകും. രാവിലെ 3.45നു എണീറ്റ് മെസ്സിൽ പോയി കപ്പുച്ചിനോയും അകത്താക്കിയാണ് ഞാൻ ജോലിക്ക് പോകാറുള്ളത്. മെസ്സിൽ കോഫി വെൻഡിങ് മെഷീൻ ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി. എന്നാൽ രണ്ടാം ദിനം മുതൽ എലീന എനിക്ക് റഷ്യൻ കാപ്പി നൽകുവാൻ തുടങ്ങി. കപ്പലിലെ റഷ്യൻ steward ആണ് എലീന. ട്വിങ്കിൾ ചേച്ചി അല്ലാതെ കപ്പലിലുള്ള ഏക വനിതയാണ് എലീന. ഏകദേശം അമ്പത്തിനോട് അടുത്ത് പ്രായമുണ്ടെങ്കിലും കാഴ്ചയിൽ തോന്നില്ല. പൂച്ച കണ്ണോടുകൂടിയുള്ള അവരെ ഞങ്ങൾ ചാര സുന്ദരി എന്നാണ് വിളിച്ചിരുന്നത്. രാവിലെയുള്ള കാപ്പി ബന്ധംകൊണ്ട് എലീനയുമായി സൗഹൃദത്തിലായി. റഷ്യക്കാരുടെ കാപ്പി എടുത്ത് പറയേണ്ടതാണ്. വളരെയധികം കടുപ്പം കൂട്ടിയാണ് അവർ കാപ്പി ഉണ്ടാക്കുക. അവരുടെ നാട്ടിലെ കാലാവസ്ഥയാണ് അങ്ങനെയൊരു ശീലം അവരിൽ ഉണ്ടാക്കിയത്. ആ കാപ്പി കുടിച്ചാൽ ഉറക്കം ബേ ഓഫ് ബംഗാൾ കടക്കും.  എലീനയ്ക്ക് ഇംഗ്ലീഷ് തീരെ വശമില്ല. എൻ്റെ കൈയിലുള്ള ഗൂഗിൾ ട്രാൻസ്ലേറ്റർ വഴിയാണ് ഞങ്ങളുടെ സംസാരം. കൂടാതെ വരും ദിവസങ്ങളിൽ ഞാൻ ആർസെനിയുമായി ഇരുന്ന് അൽപ്പം റഷ്യൻ പഠിച്ചു.

'ദൊബ്രെയ് ഉത്രോ' - Good morning
'കാക് ടൈല' - How are you?
'സ്പാസിബോ' - Thank you.
'ദൊബ്രെയ് നൊച്ച്' - Good night

അവശ്യമുള്ള റഷ്യൻ വാക്കുകൾ
ഇതൊക്കെ എനിക്ക് ധാരാളമായിരുന്നു. എല്ലാ റഷ്യക്കാരോടും പിന്നെ റഷ്യനിൽ ഓരോന്ന് പറയലായി പിന്നെയുള്ള ഹോബി. കുറച്ച് ദിവസങ്ങൾ കഴിയുമ്പോളാണ് അറിയുന്നത് എലീന ഡോക്ടർ ആണെന്ന്. ചേച്ചിയാണ് ഇത് പറയുന്നത്. കഴിഞ്ഞ ക്രൂയിസിൽ എലീന ഡോക്ടർ ആയിരുന്നു. എന്നാൽ വെറും steward ആയി വീണ്ടും കയറിയിരിക്കുന്നു. എന്ത് ജോലിയും ചെയ്യാൻ മനസുള്ള അവരെ നമ്മൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

എനിക്ക് റഷ്യക്കാരോട് സംസാരിക്കാൻ വലിയ താല്പര്യമായിരുന്നു. എനിക്ക് അറിയേണ്ടത് അവരുടെ സംസ്ക്കാരം, സ്ഥലങ്ങൾ എന്നിവയെപ്പറ്റിയായിരുന്നു. സൈബീരിയ എന്റെ സ്വപ്‌ന സ്ഥലങ്ങളിൽ ഒന്നാണ്. ട്രാൻസ് സൈബീരിയൻ യാത്രയൊക്കെ മനസ്സിനെ 'ഹടാതാകാർഷിച്ച' സ്ഥലങ്ങളിൽ ഒന്നാണ്. സൈബീരിയയിൽ നിന്നുള്ള ആരെയും പക്ഷെ എനിക്ക് അവിടെ കണ്ടെത്താനായില്ല.

പിന്നെ ഞാൻ ചോദിച്ചറിയുന്നത് അവരുടെ കുടുംബത്തെ പറ്റിയാണ്. പക്ഷെ ഭാഷ ഒരു പ്രധാന പ്രശ്‌നമാണ്. പക്ഷെ ഗൂഗിൾ ട്രാൻസ്ലേറ്ററിൽ റഷ്യൻ ലാംഗ്വേജ് ഡൌൺലോഡ് ചെയ്‌തു ഇട്ടിരിക്കുന്നതിനാൽ രക്ഷയുണ്ട്. എലീന ഉക്രയിൻകാരിയാണ്. വിവാഹ ബന്ധം വേർപിരിഞ്ഞ എലീന ഇപ്പോൾ ഇങ്ങനെ കറങ്ങി നടക്കുകയാണ്.

ചായകുടിക്ക് ശേഷം കൃത്യം 4 മണിക്ക് തന്നെ ഞാൻ ജോലി തുടങ്ങും. എൻ്റെ ജോലി വൃത്തിയായി ചെയ്യുക എന്നത് എൻ്റെ വാശി തന്നെയാണ്. 6 മണിക്കാണ് റഷ്യക്കാർ ഷിഫ്റ്റ് മാറുന്നത്. രാവിലെ എന്നും ലാബിൽ ഉള്ളത് ആൻഡ്രൂ എന്ന റഷ്യക്കാരൻ ആണ്. ഇംഗ്ലീഷിൽ ഒരു വാക്കുപോലും അറിയാത്ത അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ ആളുടെ മുഖത്തു വെപ്രാളമാകും. അതിനാൽ ഞാൻ ആൻഡ്രുവിനെ അധികം ശല്യം ചെയ്യാറില്ല. 5.55 ആകുമ്പോളാണ് അടുത്ത ആളുവരുന്നത്. ഭയങ്കര കലിപ്പനാണ് ആള്.  കണ്ടാൽ ഒരു 32 വയസ്സ് തോന്നിക്കും. അധികം പോക്കമൊന്നുമില്ല. എന്നാൽ ഏറ്റവും കൂടുതൽ കടുപ്പത്തിൽ കാപ്പി അര മണിക്കൂർ കൂടുമ്പോൾ കുടിക്കുന്ന ആളാണ് കക്ഷി. ഏതായാലും മുട്ടിയിട്ടേ ഉള്ളൂ. ഞാൻ പേര് ചോദിച്ചു. "വിക്ടർ" ഗൗരവം വിടാതെ തന്നെ പറഞ്ഞു. പക്ഷെ ക്രമേണ എനിക്ക് മനസിലായി ആള് വെറും ശുദ്ധനാണ്. എനിക്ക് bathymetry സിസ്റ്റത്തിനെപ്പറ്റി നല്ലപോലെ തന്നെ വിശദീകരിച്ചുതന്നു വിക്ടർ. കൂടാതെ സൈബീരിയയെ പറ്റിയും അവിടെ അവൻ നടത്തിയ സർവ്വേകളെപ്പറ്റിയും വിശദീകരിച്ചു തന്നു. അങ്ങനെ ഞങ്ങൾ ചങ്ങാത്തത്തിലായി.

രാവിലെ 6.30 ആകുമ്പോൾ ഏകദേശം വെളിച്ചം വന്നു തുടങ്ങും. ലാബിലുള്ള cctvയിലൂടെ നോക്കിയാൽ പുറത്തുള്ള കാഴ്ചകൾ കാണാനാകും. വെളിച്ചം വരുമ്പോൾ വീണ്ടും ഒരു കാപ്പിയുമായി ഞാൻ പുറത്ത് പോയിരിക്കും. സൂര്യോദയം കാണാനാണ് പോയി ഇരിക്കുന്നത്. എന്നാൽ മേഘങ്ങൾ ഉള്ളതിനാൽ ഉദയം നന്നായി കാണാനായില്ല.  വീണ്ടും വന്നു ലാബിൽ ഇരിക്കും. 8 മണി വരയാണല്ലോ ഡ്യൂട്ടി. 8 മണിക്ക് ബ്രിഡ്‌ജിൽ പോയി വിൻഡ് സ്പീഡും, വേവ് ഹൈറ്റും എടുക്കണം. അവിടെ നാവിഗേഷണൽ ഓഫീസർസ് ഉണ്ടാകും. സെയിലർ ആണ് ഏറ്റവും ചെറിയ റാങ്ക്. അദ്ദേഹമാകും മിക്ക സമയങ്ങളിലും കപ്പൽ നിയന്ത്രിക്കുക. ആവശ്യ സമയങ്ങളിൽ മാത്രം ക്യാപ്റ്റനോ ചീഫ് ഓഫീസറോ നിയന്ത്രിക്കും. ഒരു സമയത്ത് ഒരു സെയിലർ, ഒരു സെക്കന്റ് ഓഫീസറോ തേർഡ് ഓഫീസറോ, ക്യാപ്റ്റനോ ചീഫ് ഓഫീസറോ ബ്രിഡ്‌ജിൽ കാണും. രാവിലെ മിക്കപോലും ചീഫ് ഓഫീസർ ആണുള്ളത്. അവർ നല്ലതുപോലെ സംസാരിക്കുന്നവരാണ്. അൽപ്പനേരം ബ്രിഡ്‌ജിൽ നിന്ന് മുൻപിലുള്ള കാഴ്ചകൾ കാണും. Multibeam Ecosounder പ്രവർത്തിപ്പിക്കുന്നതിനാൽ കപ്പൽ 7 നോട്ടിക്കൽ മൈൽ വേഗതയിൽ മാത്രമേ ഓടിക്കുകയുള്ളു. കൂടാതെ ഒരു ലൈനിൽ തന്നെ കപ്പൽ ഓടിക്കണം. മുഴുവൻ സമയവും ശ്രദ്ധ വേണ്ട ജോലി തന്നെയാണ് സർവ്വേ. എനിക്ക് ബ്രിഡ്ജിലെ പ്രധാന കസേരയിൽ ഇരിക്കുവാനുള്ള അനുവാദം തന്നെ അവർ നൽകി. ജിമ എന്ന സെയിലർ ആണ് കമ്പനി. അതിനാൽ അൽപസമയം ഒരു നാവികനെപോലെ അങ്ങനെ ആസ്വദിച്ചിരിക്കാനുമായി. കപ്പൽ ഓടിക്കാൻ തരുമോ എന്നുകൂടി ചോദിച്ചാൽ എന്നെ പിടിച്ച് അവർ കടലിൽ എറിയും എന്നുതോന്നിയതിനാൽ  ആ ആഗ്രഹം മറച്ചു വെച്ചേച്ചു.

8.30 ആണ് ഇന്ത്യക്കാരുടെ ഭക്ഷണ സമയം. റഷ്യക്കാർ നേരത്തെ തന്നെ ഭക്ഷണം കഴിക്കുന്നവരാണ്. രാവിലെ പലതരം ഭക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. ഉപ്പുമാ, പൊഹ, ഇടിലി അങ്ങനെ പലതരം ഭക്ഷണങ്ങൾ. കൂടാതെ കോൺ ഫ്ളക്സോ ബ്രഡോ കൂടി കഴിക്കും. അതിനു ശേഷം ഒന്നെങ്കിൽ ഞാൻ പോയി ഉറങ്ങും അല്ലെങ്കിൽ ഡേ റൂമിലോ ലാബിലോ പോയിരുന്ന് സിനിമ കാണും.

ആദ്യ ദിവസം തന്നെ കുക്ക് കോസ്മി ഞങ്ങൾക്കുള്ള sweets quota യുമായി എത്തി. നിരവധി ചോക്ലേറ്സ്, nuts,പിസ്താ ഇതൊക്കെയാണ്. പക്ഷെ ഇതൊക്കെ പിന്നീട് പുറത്തു സുഹൃത്തുക്കൾക്ക് നല്കുകയാണുണ്ടായത്. കഴിച്ചു തീർക്കാൻ പാടായിരുന്നു.

എനിക്കും ശബരിക്കുമുള്ള quota 

Deep Sea Security Mock Drill

കപ്പൽ ആഴക്കടലിൽ എത്തിയിരിക്കുന്നു. കടലിൽ ഒരു അപകടം ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് കാണിക്കുവാനാണ് മോക്ക് ഡ്രിൽ. നേരത്തെ തന്നെ ഡ്രിൽ ഉണ്ടാകുമെന്നു വിവരം നൽകിയിരുന്നു. രാവിലെ 9 മണിയോടെ അപകട മണി മുഴങ്ങുവാൻ തുടങ്ങി. എന്തൊക്കെയോ റഷ്യൻ ഭാഷയിൽ പറയുന്നുമുണ്ട്. പെട്ടെന്ന് ലൈഫ് ജാക്കറ്റും ഹെൽമെറ്റും ഷൂസുംമൊക്കെയണിഞ്ഞു ഞങ്ങൾ ബ്രിഡ്‌ജിന്റെ പുറകിലെ മസ്റ്റർ സ്റ്റേഷനിൽ എത്തി. അവശ്യ സന്ദർഭങ്ങളിൽ എല്ലാവരും എത്തിച്ചേരേണ്ട സ്ഥലമാണ് മസ്റ്റർ സ്റ്റേഷൻ. നേവിയിൽ ക്യാപ്റ്റൻ എല്ലാവരെയും വിളിച്ച് ചേർക്കുന്ന സ്ഥലമാണിത്. എല്ലാവരും നിരയായി നിൽക്കുന്നതിനു മസ്റ്റർ എന്നും പറയും.

ചീഫ് ഓഫീസർ ആണ് സെക്യൂരിറ്റി ഓഫീസർ. ഇന്ത്യക്കാരായ ഞങ്ങൾ  ക്ലൈന്റ്‌ ആണല്ലോ. അതിനാൽ ഞങ്ങളൊഴിച്ച് ബാക്കി എല്ലാവര്ക്കും കപ്പൽ അപകടത്തിൽപെട്ടാൽ ചെയ്യേണ്ട ഓരോ ഡ്യൂട്ടി നൽകിയിട്ടുണ്ട്. ചീഫ് ഓഫീസർ എല്ലാം വിശദീകരിച്ചു നൽകി.  ഇംഗ്ലീഷ് നല്ല വശമില്ലെങ്കിലും രസികനായ അദ്ദേഹം എല്ലാവരെയും കൈയിലെടുത്തു.
മസ്റ്റർ സ്റ്റേഷനിൽ 
ആദ്യമായി കപ്പലിൽ എത്തിയ ഞങ്ങൾക്കു പ്രത്യേകമായി അദ്ദേഹം വിവരണം നൽകി. കപ്പൽ മുഴുവൻ കൂടെ നടന്ന് അദ്ദേഹം വിവരിച്ചു. 'Man overboard' അതായത് കപ്പലിൽ നിന്നും വെള്ളത്തിൽ പോയാൽ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു പ്രധാനമായും പറഞ്ഞു നൽകിയത്. കപ്പലിന്റെ ഓരോ വശത്തും സ്വിച്ചുകൾ ഉണ്ട്. ഒരാൾ വെള്ളത്തിൽ വീഴുന്നത് കണ്ടാൽ ആ ഭാഗത്തെ സ്വിച്ച് അമർത്തിയാൽ കപ്പൽ തനിയെ ആ വശത്തേക്ക് തിരിഞ്ഞു ചെല്ലുന്ന സംവിധാനംവരെ കപ്പലിൽ ഉണ്ട്. മൂന്ന് കിലോമീറ്റര് വരെ താഴ്‌ചയുള്ള ആ ഭാഗത്ത് വീണാൽ പൊടിപോലും കിട്ടാൻ പോകുന്നില്ല എന്ന് എനിക്ക് തോന്നി. അതും ഒറ്റയ്ക്ക് നിൽക്കുമ്പോളാണ് വീഴുന്നതെങ്കിൽ ആരും അറിയാനും പോകുന്നില്ല.

കപ്പൽ കടലിൽ ആയിരിക്കുന്ന സമയത്ത് ആരും ഏറ്റവും മുന്നിൽ പോയി ജാക്ക് ആൻഡ് റോസ് കളിക്കരുത് എന്ന് പ്രത്യേകം നിർദ്ദേശം ഉണ്ട്. കാരണം ശക്തമായ ഇളക്കങ്ങൾ ഉണ്ടായാൽ കടിലിൽ വീഴാൻ സാധ്യത ഉണ്ട്. പോർട്ടിൽ ചെല്ലുമ്പോൾ പോയി ഇരിക്കുന്നതിൽ കുഴപ്പമില്ല.

പ്രസന്റേഷൻ

അങ്ങനെ പ്രസന്റേഷൻ ദിവസമായി. അത്യാവശ്യം തയ്യാറായി പോയെങ്കിലും തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ സാർ ഞങ്ങളെ കീറി ഒട്ടിച്ചു. പ്രത്യേകിച്ച് എന്നെ. രാത്രി 10 മണിക്കാണ് പ്രസന്റേഷൻ. എന്തൊക്കെ ചീത്ത പറഞ്ഞാലും ഞങ്ങൾക്ക് അതൊരു പുത്തരി അല്ലാത്തതിനാൽ ഒരു പ്രശ്നവും തോന്നിയില്ല. ചേച്ചി ചെറിയ ചെറിയ ചോദ്യങ്ങളൊക്കെ ചോദിച്ച് അധികം ഉപദ്രവിച്ചില്ല. പ്രസന്റേഷൻ ഓരോ ആഴ്ചകളിലും ഉണ്ടായിരുന്നു.


അലക്സ്

അങ്ങനെ എന്റെ ഡ്യൂട്ടി സമയം മാറിയിരിക്കുന്നു. 8 മുതൽ 12 വരെ. രാവിലെയും രാത്രിയും. റഷ്യക്കാർ 12 മണിക്കൂർ ആണ് ജോലി ചെയ്യുന്നത്. 12 മണിക്ക് ഡ്യൂട്ടിക്ക് വരുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചു. രാത്രി 8 മണിക്ക് ഞാൻ ഡ്യൂട്ടിക്ക് വരുമ്പോളാണ് കൂടുതലായും അവനെ കാണുന്നത്. നല്ല പോക്കമൊക്കെയായി മെലിഞ്ഞു നല്ല ആരോഗ്യവാനായ ഒരാൾ. കണ്ടാൽ ഒരു 25 വയസ്സ് തോന്നും. ആദ്യമായി ശ്രദ്ധിക്കുന്നതിനാലും സമ പ്രായമായതിനാലും ഒന്ന് മുട്ടാം എന്ന് കരുതി. പേര് ചോദിച്ചു. അലക്സ്. ആള് ഒരു PhD സ്റ്റുഡൻറ് ആണ്. MGS കമ്പനിയിലും ജോലി ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ ഉറപ്പിച്ചു അവനും നമ്മളെ പോലെ ഒരാളാണ്. പിന്നെ അവനോടു സംസാരിക്കുന്നത് അടുത്ത ദിവസമാണ്. വീട്ടിൽ ആരൊക്കെയുണ്ട് എന്നാണ് എന്റെ ചോദ്യം. മാതാപിതാക്കളുടെ കൂടെയാണോ താമസം എന്നാണ് എനിക്ക് അറിയേണ്ടത്. പക്ഷെ ഉത്തരം എന്നെ ഞെട്ടിച്ചു. ഭാര്യയും മൂന്നു കുട്ടികളും. എനിക്ക് വിശ്വസിക്കാനായില്ല. മൂത്ത കുട്ടിക്ക് 10 വയസ്സുണ്ട്. അവനു 32 വയസ്സ് പ്രായമുണ്ടത്രെ! അലെക്സിന് ആവശ്യത്തിന് ഇംഗ്ലീഷ് വശമുള്ളതിനാൽ സംസാരിക്കാനാകുന്നുണ്ട്. കൂടാതെ അലക്സ് നല്ലതുപോലെ വായിക്കുന്നയാൾ കൂടിയാണ്. ലാബിൽ മുഴുവൻ സമയവും വായനയാണ് അവന്റെ പണി. ജോലിയോടൊപ്പം വായന.  ഞാൻ അവൻ്റെ കല്യാണത്തെപ്പറ്റി ചോദിച്ചു. 21 വയസ്സായപ്പോൾ തന്നെ അവൻ കല്യാണം കഴിച്ചു. എനിക്ക് 23 വയസ്സായി എന്നുപറഞ്ഞപ്പോൾ ഞാനെന്നാണ് കെട്ടുന്നത് എന്നായി ചോദ്യം. ഇപ്പോളും കുട്ടിക്കളി മാറാത്ത എൻ്റെ പ്രായത്തിൽ ഉത്തരവാദിത്തമെടുക്കുന്നവർ ഉണ്ടല്ലോ എന്നോർത്തപ്പോൾ ആകെ ഒരു നാണക്കേട് തോന്നി. ഞാൻ അവന്റെ മക്കളെപ്പറ്റി ചോദിച്ചു. പെട്ടെന്നാണ് അവൻ അതോർക്കുന്നത്. നാളെ അവൻ്റെ മകളുടെ ജന്മദിനം ആണ്. ഇപ്പോൾ തന്നെ ഭാര്യയെ വിളിക്കണം എന്ന് പറഞ്ഞു അവൻ പോയി. അല്പസമയം കഴിഞ്ഞു അവൻ തിരികെ വന്നു. വന്നയുടനെ തന്നെ എന്നെ കെട്ടിപ്പിടിച്ചു. മകളുടെ ജന്മദിനം ഓർമ്മിക്കുവാൻ കാരണം ഞാനാണെന്നും പറഞ്ഞു കുറെ നന്ദികൊണ്ടു എന്നെ മൂടി. എന്തായാലും അതോടെ എനിക്ക് കിട്ടിയത് ഒരു നല്ല സുഹൃത്തിനെയാണ്. അതിനു ശേഷം ഞങ്ങൾ എപ്പോളും സംസാരമായി. ഞാൻ ഇന്ത്യയെ പറ്റിയും അവൻ റഷ്യയെ പറ്റിയും സംസാരിക്കും.റഷ്യക്കാരുടെ മറ്റൊരു പ്രത്യേകതയാണ് പുകവലി. കപ്പലിന് പുറത്തു ഒരു 'Smoking Area' തന്നെയുണ്ട്. എല്ലാവരും വലിച്ചു കേറ്റുന്ന സിഗരെറ്റുകൾക്ക് ഒരു പരിധിയുമില്ല. അലക്സിന് വലിക്കാൻ തോന്നുമ്പോളൊക്കെ കമ്പനി ഞാനാണ്. രാത്രി കാറ്റും കൊണ്ട് ഞങ്ങൾ പുറത്തു പോയിരിക്കും. അവൻ്റെ സിഗരറ്റ് തീരുന്നതുവരെ ഞങ്ങൾ അവിടെ സംസാരിച്ച് ഇരിക്കും. അവന്റെ ഭാര്യ വലിക്കുമോ എന്നായി എന്റെ ചോദ്യം. കാരണം എലീന വലിച്ചു തള്ളുന്നത് ഞാൻ മിക്കപ്പോളും കാണുന്നതാണ്. പണ്ട് അവൻ്റെ ഭാര്യയും വലിക്കുമായിരുന്നു, എന്നാൽ ഗർഭണി ആയതിനിൽ പിന്നെ വലി നിർത്തിപോലും. അലക്സും നാട്ടിൽ ചെന്നാൽ പുകവലിയില്ലത്രേ. അവൻ്റെ കുട്ടികൾ ഇത് കണ്ടു പഠിക്കാൻ പാടില്ല എന്നതാണ് കാരണം. അവർക്ക് കുടുംബത്തോടുള്ള ആ കമ്മിറ്റ്മെന്റും എന്നെ ആശ്ചര്യപ്പെടുത്തി.

ചിലപ്പോളൊക്കെ 12 മണിക്ക് ശേഷം റഷ്യക്കാരുടെ ഡേ റൂമിലിരുന്ന് ഞങ്ങൾ സിനിമാ കാണുന്നതും പതിവായി. അലക്സിന്റെ പ്രത്യേകത വായനയാണ്. അവൻ വായന ഒത്തിരി ഇഷ്ടപെടുന്നു എന്ന് എനിക്ക് തോന്നി. ക്രിസ്മസ് അടുത്തിരിക്കുന്നു. ഞാൻ അവനൊരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു. Jack Kerouacഇന്റെ 'On the roads' എന്ന ബുക്ക് എന്റെ കൈയിൽ ഉണ്ടായിരുന്നു. അത് ഞാൻ അവനു നൽകി. അപ്പോൾ ആദ്യ പേജിൽ എന്തെങ്കിലും എഴുതികൊടുക്കണം എന്നായി അലക്സ്. ലാബിൽ ഇരിക്കുകയാണ്. ചേച്ചിയും ശബരിയും ഗോകുലും ഉണ്ട്. അവർ ആകെ പകച്ച് ഇരിക്കുകയാണ്.  "വായനയെ ഏറെ സ്നേഹിക്കുന്ന, കപ്പലിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല കൂട്ടുകാരന് എന്റെ സമ്മാനം" എന്ന് ഇംഗ്ലീഷിൽ എഴുതി ഞാൻ അവനു നൽകി. അവൻ അത് വായിച്ചതിനു ശേഷം വളരെ വികാരഭരിതനായി വീണ്ടും വന്നു എന്നെ കെട്ടിപിടിച്ച ശേഷം ഒരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു. ഞാനും ആകെ വികാരഭരിതനായി പോയി. ഇത്ര നല്ല ഒരു സുഹൃത്തിനെ കിട്ടിയല്ലോ എന്നോർത്തപ്പോൾ സന്തോഷം അടക്കാനായില്ല.

അലെക്സിനോടൊപ്പം 

ഡേ റൂമിലെ പ്രേതം


ഡേ റൂമിലെ പ്രേതമായി അടുത്ത വില്ലൻ. ഞാനും ശബരിയും ഡേ റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. അപ്പോളാണ് ഭക്ഷണത്തിനുള്ള സമയമായത്.  കണ്ടുകൊണ്ടിരുന്ന മലയാളം സിനിമ പോസ് ചെയ്‌തതിന്‌ ശേഷം ലൈറ്റ് ഓഫ് ചെയ്‌തു ഞങ്ങൾ കഴിക്കുവാൻ പോയി. പക്ഷെ ഭക്ഷണം കഴിച്ച ശേഷം എനിക്ക് ലാബിലേക്ക് പോകേണ്ടി വന്നു. ശബരി ഹാർഡ് ഡിസ്ക് എടുക്കുവാൻ പൊയ്ക്കോളാമെന്നും പറഞ്ഞു. പക്ഷെ ശബരി പെട്ടെന്ന് തന്നെ തിരികെ വന്നു. മുഖമാകെ മാറിയിരിക്കുന്നു. ഞാൻ കാര്യം ചോദിച്ചു. "ഡാ ഡേ റൂമിൽ പ്രേതം ഉണ്ട്".. ഞാൻ അന്തിച്ചു പോയി. അവൻ ചെന്നപ്പോൾ ഏതോ ഒരു ഇംഗ്ലീഷ് പ്രേതപ്പടം ടീവിയിൽ കാണുകയായിരുന്നു അത്രേ. കൂടാതെ റൂമിൽ ലൈറ്റും ഓൺ ആണ്. ഞാനും പോയി നോക്കാമെന്ന് കരുതി.

ലൈറ്റ് ഒക്കെ ഓൺ ആണ്. പക്ഷെ പ്രേതത്തെ ഞാൻ കണ്ടില്ല. ഏതായാലും 2 ദിവസം ഞങ്ങളാരും തന്നെ ഡേ റൂമിൽ പോയിട്ടില്ല, :D

ഇത് ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചി പുഛിച് തള്ളി. പ്രേതമില്ലെങ്കിലും ഒരു രസത്തിനു ഞങ്ങൾ പറഞ്ഞു നടക്കുകയാണ്. ചേച്ചിടെ പുച്ച്ചം കണ്ടപ്പോളാണ് ഞാൻ ഓജോ ബോർഡ് കളിക്കാം എന്ന് പറഞ്ഞത്. ചേച്ചിടെ റൂമിനു മുന്നിലാണ് ഡേ റൂം. ചേച്ചി സമ്മതിക്കില്ല എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ചേച്ചിക്ക് ഭയങ്കര താല്പര്യം. ഞാൻ അവസാനം ഒരു ഓജോ ബോർഡ് ഉണ്ടാക്കി. ഞങ്ങൾ ഡേ റൂമിലിരുന്ന് വിളി തുടങ്ങി. "Good spirit, please come". വിളിച്ച് വിളിച്ച് തൊണ്ടപോയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. പക്ഷെ എനിക്ക് ചേച്ചിടെ അഹങ്കാരം ഒന്ന് തീർക്കണം എന്നായി.

അതിനുള്ള പ്ലാൻ തയ്യാറാക്കി. ശബരിയുടെ ഫോണിന് നല്ല സൗണ്ട് ഉണ്ട്. അതിൽ ഞാൻ "ട്വിങ്കിൾ, ട്വിങ്കിൾ" എന്ന് ശബ്ദം റെക്കോർഡ് ചെയ്‌തു. അത് ബ്ലൂടൂത്ത് നോട്ടിഫിക്കേഷൻ ടോൺ ആക്കി ചേച്ചിയുടെ റൂമിനുള്ളിൽ ഒളിപ്പിച്ചു. എന്നിട്ട് പുറത്തുനിന്നും ബ്ലൂടൂത്ത് വഴി മെസ്സേജ് അയച്ചു. പലതവണ അയച്ചിട്ടും ഒരു വിവരവുമില്ല. വല്ല ഹാർട്ട് അറ്റാക്കും വന്നു മരിച്ചോ എന്നായി ഞങ്ങളുടെ പേടി. അവസാനം ഇന്റർകോം വഴി വിളിച്ച് ജീവനുണ്ടോ എന്ന് ഉറപ്പ് വരുത്തി. ഭാഗ്യം ജീവനുണ്ട്. തൽക്കാലം മേലുദ്യോഗസ്ഥയുമായി കുഞ്ഞുകളി വേണ്ട എന്ന് കരുതി ചേച്ചിയോട് എല്ലാം പറഞ്ഞു കളി നിർത്തി. ചേച്ചി റൂമിൽ സിനിമ വച്ചിരുന്നതിനാൽ വ്യക്തമായി കേട്ടിരുന്നില്ല. ഏതായാലും അതോടെ പ്രേതകഥകൾ നിന്നു.

ജോലികൾ

ഇന്ത്യയുടെ Exclusive Economic Zone (EEZ) മുഴുവൻ സർവ്വേ നടത്തുകയാണ് ഉദ്ദേശം. ഒരു രാജ്യത്തിന് കടലിൽ പൂർണ അവകാശവും ഖനനവും ചെയ്യാനാകുന്ന  മേഖലയ്ക്കാണ് EEZ എന്ന് പറയുന്നത്. EEZ നിർവചിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ നിലവിലുണ്ട്. ഈ കപ്പൽ പലതവണയായി സഞ്ചരിച്ച് ഇന്ത്യയുടെ EEZ മുഴുവൻ പകർത്തും.  Multibeam echosounder, Gravity, Magnetic സർവ്വേകൾ എല്ലാ സമയവും നടക്കുകയാണ്.



Multibeam echosounder സർവ്വേ ആണ് പ്രധാന ഉദ്ദേശം. കപ്പലിന്റെ രണ്ടുവശത്തേക്കും ഒരുതരം തരംഗങ്ങൾ വിട്ടു അവ കടൽ തട്ടിൽ പോയി തിരിച്ചെത്താനുള്ള സമയം ഉപയോഗിച്ച് ആഴം അളക്കുകയാണ് ഈ സർവ്വേ വഴി ചെയ്യുന്നത്. കപ്പലിന്റെ ഇരുവശത്തേക്കും 4 കിലോമീറ്റർ വരെയുള്ള ദൂരത്തെ ആഴം ഒരേ സമയം കണ്ടെത്താനാകും. അതിനാൽ ഒരു ലൈനിലൂടെ പോയാൽ കടലിന്റെ അടിത്തട്ടിലെ ആകൃതി മനസ്സിലാക്കാനാകും. ഓരോ തവണയും തിരഞ്ഞെടുത്ത മേഖലയിലാണ് സർവ്വേ നടത്തുന്നത്. ഒരു ക്രൂയിസ് കൂടിയത് 40 ദിവസം വരെ പോകും. ആ മേഖലയിൽ കൊറേയെറെ ലൈനുകൾ എടുത്ത് അതുവഴി സർവ്വേ നടത്തും. പല തവണകളിലായി ഇന്ത്യയുടെ EEZ മുഴുവൻ സർവ്വേ ചെയ്‌തെടുക്കും. അതിനുശേഷം കടലിനടിയിലെ കുന്നുകളും കുഴികളുമൊക്കെ കണ്ടെത്താനാകും.

Multibeam Echosounder. ഒരു പ്രതീകാത്മക ചിത്രം 


Multibeamഇനോടൊപ്പം complimentary data എന്നോളമാണ് gravityയും mangeticഉം ചെയ്യുന്നത്. Gravimeter ആണ് ഗ്രാവിറ്റി സർവ്വേ ചെയ്യാൻ ഉപയോഗിക്കുന്നത്. Magnetometer മാഗ്നെറ്റിക് സർവെയ്‌ക്കയും ഉപയോഗിക്കുന്നു. Magnetometer കപ്പലിൽ നിന്നും പുറകിലേക്കു കടലിലേയ്ക്ക് കെട്ടി ഇട്ടിരിക്കുകയാണ്. കപ്പലിൻറെ എൻജിനും ബോഡിയും കാന്തിക വലയങ്ങൾ ഉണ്ടാകുന്നതിനാൽ അതിൽ നിന്നും അകറ്റാനാണ് കടലിലേക്ക് കെട്ടിയിടുന്നത്. Tow fish എന്നാണാണ് പൊതുവെ പറയുക. ഗ്രാവിറ്റിയും മാഗ്നെറ്റിക്കുമാണ് ജിയോഫ്യ്‌സിക്സിലെ ഏറ്റവും അടിസ്ഥാനമായ സർവ്വേകൾ. അറിയാത്ത ഒരു മേഖലയിൽ ആദ്യം നടത്തുന്ന ജിയോഫിസിക്കൽ  സർവേയും ഇവ തന്നെ. മിനറലുകളുടെയും മറ്റും വലിയ നിക്ഷേപങ്ങൾ ഇവയിൽ നിന്നും കണ്ടെത്താനാകും. വലിയ മേഖലയിൽ ചെറിയ ചിലവിൽ നിക്ഷേപങ്ങൾ കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ രീതികളാണ് ഇവ. നിക്ഷേപങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തിയ ശേഷം ബാക്കിയുള്ള സർവ്വേകൾ അവിടെ മാത്രം ചെയ്യുകയാണ് പതിവ്.

Gravimeter

SeaSpy Marine Magnetometer

കപ്പലിന് പിന്നിലേക്കുള്ള ദൃശ്യം. മാഗ്നെറ്റോമീറ്റർ പുറകിലേക്ക് ഇട്ടിരിക്കുന്നത് വലത് വശത്ത് കാണാം. ഇടതു വശത്തു ചൂണ്ടയാണുള്ളത്.


ചില സർവ്വേ ലൈൻ കഴിയുമ്പോൾ CTD ഇടുക പതിവാണ്. Oceanographyൽ  പഠിച്ചിട്ടുള്ളതല്ലാതെ ഇതുവരെ CTD നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. പ്രധാനമായും Conductivity, Temparature, Depth എന്നിവ അളക്കുന്ന ഉപകരണത്തിന് പറയുന്നതാണ് CTD. ഒരു വലിയ ഫ്രയിമിൽ ഉപകരണങ്ങൾ ഉറപ്പിച്ചശേഷം കടലിലേക്ക് ഇടുകയാണ് ചെയ്യുന്നത്. കപ്പൽ നിറുത്തിയിട്ടിട്ടാണ് ഇത് ചെയ്യുന്നത്. ഈ സമയം കപ്പൽ Dynamic Positioning (DP) system ഉപയോഗിച്ചാണ് നിർത്തുക. പിന്നെയുണ്ടാകുന്ന ചെറിയ നീക്കങ്ങൾ ക്യാപ്റ്റൻ തന്നെ നിന്ന് നിയന്ത്രിക്കുന്നത് കാണാനാകും. ഞാൻ എല്ലാം ക്യാമറയിൽ പകർത്തി.

ഞങ്ങൾക്കു ഉണ്ടായിരുന്ന മറ്റൊരു ജോലിയാണ് കോർ കട്ടിങ്. രണ്ടു ഗ്രാവിറ്റി കോറുകളാണ് ഞങ്ങൾ എടുത്തത്. ഒരു ടണ്ണോളം ഭാരം മുകളിൽ വച്ച്, അകത്ത് PVC പൈപ്പുകൾ ഉറപ്പിച്ച ഇരുമ്പു പൈപ്പ് കടലിൽ കുത്തിയിറക്കി സെഡിമെന്റുകൾ ശേഖരിക്കുന്ന വിധമാണിത്. ശേഖരിക്കുന്ന സെഡിമെൻറ് വേണ്ട രീതിയിൽ മുറിച്ച് പാക്ക് ചെയ്യുന്ന ജോലി ഞങ്ങളുടേതായിരുന്നു.

ക്രിസ്മസ്, ന്യൂ ഇയർ 

ഞങ്ങൾക്ക് കിട്ടിയ ക്രൂയിസിന്റെ പ്രധാന ആകർഷണം ക്രിസ്തുമസും പുതുവർഷവുമായിരുന്നു. കടലിൽ ആദ്യമായാണ് രണ്ടും ആഘോഷിക്കുന്നത്. റഷ്യയിൽ ക്രിസ്മസ് ജനുവരി ഏഴാം തീയതിയാണ്. അതിനാൽ ഞങ്ങളുടെ മാത്രം ആഘോഷമായിരുന്നു ക്രിസ്മസ്. കുക്ക് ഡാനി വിവിധ തരം ഭക്ഷണങ്ങളും കേക്കും ഉണ്ടാക്കി നൽകി. അതായിരുന്നു ക്രിസ്മസ് ആഘോഷം.




ക്രിസ്തുമസ് വിഭവങ്ങൾ


ന്യൂ ഇയർ ആയിരുന്നു പ്രധാന പരിപാടി. ഞങ്ങൾ ബലൂണുകളിൽ റഷ്യക്കാർക്ക് അവരുടെ ഭാഷയിൽ വിഷസ് എഴുതി വച്ചു.  രാവിലെ മുതലേ ആർസെനി ഫെസ്റ്റിവൽ മൂഡ് ആണ്. ഡെക്കിൽ അലങ്കാരപ്പണികൾ നടത്തി സ്പീക്കർ വച്ച് പാട്ടു വച്ചിരിക്കുകയാണ്. കൂടാതെ പലതരം റഷ്യൻ വിഭവങ്ങളും. എല്ലാത്തിലും ഞാൻ കൈ വച്ചു. പച്ച മീനായിരുന്നു ഏറ്റവും വ്യത്യസ്തമായി തോന്നിയത്.

മറ്റൊരു പ്രത്യേകത അവരുണ്ടാക്കിയ വൈൻ ആയിരുന്നു. പലതരം പഴങ്ങളും നാരങ്ങായുമൊക്കെ കലക്കി ചൂടാക്കിയെടുത്ത വൈൻ. 4 ഗ്ലാസ് ഉള്ളിൽ ചെന്നപ്പോൾ തന്നെ തലയ്ക്ക് പിടിച്ചു. 12 മണി അടിച്ചപ്പോൾ റഷ്യൻ ദേശീയ ഗാനവും പുട്ടിന്റെ പ്രസംഗവും വച്ച് റഷ്യക്കാർ ദേശസ്‌നേഹം പുറത്ത് കാണിച്ചു. അതിനുശേഷം ഏകദേശം 1.30 വരെ അവരോടൊപ്പം ഡാൻസ് ആയിരുന്നു പരിപാടി. അതോടെ കപ്പലിലുള്ള എല്ലാവരുമായി നല്ല ചങ്ങാത്തത്തിലായി. പിന്നീട് എൻ്റെ ഡ്യൂട്ടി ആയതിനാൽ ഞാൻ ലാബിൽ പോയി. ന്യൂ ഇയർ മുതൽ എനിക്കാണ് 12 മുതൽ 4 വരെയുള്ള ഡ്യൂട്ടി. രാവിലെ 6 മണിവരെ ഇരുന്നു.


മെസ്സിലെ ന്യുഇയർ അലങ്കാരങ്ങൾ 

റഷ്യക്കാർക്ക് ന്യൂഇയർ ആശംസകൾ എഴുതിവച്ചപ്പോൾ 

ടെക്കിലെ ആഘോഷങ്ങൾ 

എല്ലാവരുമൊത്ത് ഭക്ഷണം കഴിച്ചപ്പോൾ 


ആർസെനിയോടൊപ്പം 

ചേച്ചി

അവസാന ആഴ്ചകളിലാണ് ചേച്ചിയുമായി അടുക്കുന്നത്.  എനിക്ക് 12 മുതൽ 4 മണിവരായാണല്ലോ ഡ്യൂട്ടി. ചേച്ചി ആ സമയത്താണ് കൂടുതലും ലാബിൽ വരുന്നത്. ഞങ്ങൾ നേരം വെളുക്കുവോളം കഥകൾ പറഞ്ഞിരിക്കും. ജോലിയും നടക്കും ബോറടിയുമില്ല. ചേച്ചി BSc. കാലം തൊട്ട് NCAOR വരയുള്ള കഥകൾ പറഞ്ഞു. ഞാനും എൻ്റെ കഥകൾ മുഴുവൻ പറഞ്ഞു കൊടുത്തു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അതിലുമുപരി ഒരു ചേച്ചിയും അനിയനുമായി. രാവിലെ 6.30 വരെയൊക്കെ ഞങ്ങൾ ലാബിൽ ഇരിക്കും. അങ്ങനെ ഒരു ദിവസം സൂര്യോദയവും എനിക്ക് കാണാനായി. തെളിഞ്ഞ ആകാശമായിരുന്ന അന്ന് രാവിലെ കപ്പൽ കിഴക്കോട്ട് തിരിച്ചിട്ട് CTD എടുക്കുകയായിരുന്നു.

ഒരു വലിയ ചുവന്ന ഫുട്ബോൾ പോലെ കടലിൽ നിന്നും പൊങ്ങി വരുന്ന ആ സൂര്യൻറെ സുന്ദരകാഴ്ച്ച ജീവിതത്തിൽ മറക്കാനാകില്ല. അതോടൊപ്പം ആകാശത്ത് വരുന്ന നിറവ്യത്യാസങ്ങൾ മനസ്സിനെ ഹരം കൊള്ളിക്കുന്നവയാണ്.

സൂര്യോദയം 


വിറ്റാലി, മാർക്സ്

അലക്സ് അല്ലാതെ കപ്പലിൽ ഏറ്റവും കമ്പനി ആയ രണ്ടു റഷ്യക്കാരാണ് വിറ്റാലിയും മാർക്‌സും. വിറ്റാലി കപ്പലിലെ മോട്ടോർ മാൻ ആണ്. എഞ്ചിനുള്ളിലെ പണികൾ ചെയ്യുന്ന ആളാണ് വിറ്റാലി. ഏതുസമയവും  ഒരു ചിരിയോടുകൂടി പരസ്പ്പരം ഒരു ഷേക്ക് ഹാൻഡും കൈമാറി എല്ലാ വിവരങ്ങളും പറഞ്ഞിട്ടേ ഞങ്ങൾ പോകാറുള്ളൂ. നല്ലയൊരു വ്യക്തിയാണ് വിറ്റാലി.

മാർക്സ് കപ്പലിലെ സീമാൻ ആണ്. പുറകിലുള്ള ഭാരമുള്ള പണികളൊക്കെ ചെയ്യുകയാണ് മാർക്സിന്റെ ജോലി. അദ്ദേഹത്തിന് ഏഴു ജോലിയാണ് ഉള്ളത്. കപ്പലിൽ നിന്ന് ഇറങ്ങിയാൽ ജപ്പാനിൽ കാർ ഓടിക്കുവാൻ പോകും. അതിനു ശേഷം underwater diver ആയിട്ടും ജോലി ചെയ്യും. ലോകമാണ് എന്റെ വീട് എന്നാണ് മാർക്സ് പറയുന്നത്. കപ്പലിന്റെ പുറകിൽ ചൂണ്ടയിട്ട് മീൻപിടിക്കലാണ് മാർക്സിന്റെ വിനോദം. ഞാനും മിക്ക സമയത്തും മാർക്‌സിന്റെ കൂടെ പോയിരിക്കും. ഇംഗ്ലീഷ് തീരെ വശമില്ലാത്തതിനാൽ ആംഗ്യ ഭാഷയാണ് കൂടുതലും ഉപയോഗിക്കുന്നത്.

മാർക്സ്
സാവിയോയുടെ ഇമെയിലുകൾ

കപ്പലിൽ വീട്ടുകാരുമായി സംസാരിക്കണമെങ്കിൽ സാറ്റലൈറ്റ് ഫോൺ ലഭ്യമാണ്. പക്ഷെ സാർ അതുപയോഗിക്കണ്ട എന്നാണ് പറയുന്നത്. പക്ഷെ അദ്ദേഹം ഇമെയിൽ ഉപയോഗിക്കാൻ അനുമതി നൽകി. ആഴ്ചയിൽ ഒന്നോമറ്റോ ആവശ്യമുണ്ടെകിൽ മാത്രം മെയിൽ അയക്കാം. ചീഫ് സയന്റിസ്റ് മെയിൽ ഐഡി ആണ് ഉപയോഗിക്കാവുന്നത്.

ഞാൻ കപ്പലിൽ കേറിയതിനു ശേഷമായിരുന്നു ISL ഫൈനൽ. കേരളാ ബ്ലാസ്റ്റേഴ്‌സ് ജയിച്ചോ എന്നുള്ള ആകാംക്ഷ ഉണ്ടായിരുന്നു. ഏതായാലും കപ്പലിലെ കാര്യങ്ങളും കുറെ ചോദ്യങ്ങളുമായി മെയിൽ അയച്ചു. അതിനു മറുപടി അടുത്ത ദിവസം തന്നെ ലഭിച്ചു. സാവിയോ ഓൺലൈനിൽ ആക്റ്റീവ് ആയതിനാൽ തന്നെയാണ് അവനെ തന്നെ തിരഞ്ഞെടുത്തത്. മറുപടി ലഭിക്കുമെന്ന് ഉറപ്പാണ്. ഹൈടെക് സാവിയോ.


സാവിയോയ്ക് അയച്ച മെയിൽ 

സാവിയോയുടെ മറുപടി 

ന്യൂഇയർ ഇമെയിൽ 


സാവിയോയുടെ മെയിലുകൾ വലിയൊരു ആശ്വാസമായിരുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങളും ആളുകൾ നമ്മളെ അന്വേഷിച്ച കാര്യങ്ങളുമൊക്കെ വായിക്കുന്നത് ഒരു വല്ലാത്ത അനുഭവം തന്നെയായിരിരുന്നു. സാർ മെയിലുകൾ പ്രിൻറ് എടുത്ത് നൽകിയിരുന്നു. കത്തുകൾ കാത്തിരിക്കുന്ന പട്ടാളക്കാരെ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. പക്ഷെ അതിന്റെ യഥാർത്ഥ വികാരം ഞാൻ എന്നറിഞ്ഞു. ആ മെയിലുകൾ കൈയിൽ കരുത്തണമെന്ന് കരുതിയതാണ്. എന്നാൽ അവസാന ദിവസം ദേശായി ഭൈയ്യ അറിയാതെ അവയെടുത്ത് കളയുകയുണ്ടായി.

 മറ്റനുഭവങ്ങൾ

രാത്രി ഡെക്കിൽ പോയി കിടക്കുന്നതാണ് മറ്റൊരു അനുഭൂതി.  ഭക്ഷണത്തിനു ശേഷം ജ്യൂസോ മറ്റോ എടുത്ത് ഡെക്കിൽ പോയി കിടക്കും. നിവർത്തിയും മടക്കിയും വയ്ക്കാവുന്ന  മൂന്നു ബീച്ച് കസേരകളും ഡെക്കിലുണ്ട്. ചില ദിവസങ്ങളിൽ ചേച്ചിയും സാറും ഞങ്ങളും കൂടി എല്ലാവരും പോയി ഇരിക്കും. ചില ദിവസങ്ങളിൽ ചേച്ചിയും ഞങ്ങളും മാത്രം. ചില ദിവസങ്ങളിൽ ഞാൻ മാത്രം.  ഇങ്ങനെയൊക്കെയായിരുന്നു ഇരിപ്പ്. രാത്രി ചില ദിവസങ്ങളിൽ ക്യാപ്റ്റൻ അടിച്ച് ആടിയാടി വരുന്നത് കാണാം. ഒരു നല്ല മനുഷ്യനാണ് ക്യാപ്റ്റൻ. ഞാൻ ക്യാപ്റ്റൻ ഫിലിപ്പ് എന്നാണ് വിളിക്കാറ്. ഊശാൻ താടിയൊക്കെയായി ഒരു 60 വയസ്സോളം പ്രായം തോന്നിക്കുന്ന ആളാണ് ക്യാപ്റ്റൻ. വളരെ നല്ല ഇടപെടലാണ് ക്യാപ്റ്റന്റെ പ്രത്യേകത.

ക്യാപ്റ്റനോടൊപ്പം


എന്തായാലും ഡെക്കിൽ ആകാശത്തേക്ക് നോക്കി കിടക്കുന്നതാണ് എൻ്റെ പ്രധാന വിനോദം. തിളങ്ങുന്ന നക്ഷത്രങ്ങൾ കപ്പലിന്റെ ആട്ടം കാരണം ആടി ആടിയാണ് നിൽക്കുന്നത്. കടലിൽ മലിനീകരണങ്ങൾ ഇല്ലാത്തതിനാലും നഗരത്തിലെപോലെ വെളിച്ചം ഇല്ലാത്തതിനാലും വ്യക്തമായി തന്നെ ആകാശ കാഴ്ചകൾ കാണാനാകും. ഓരോ ദിവസവും ചന്ദ്രൻറെ സ്ഥാനമാറ്റവും വലുപ്പവ്യത്യാസങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു.  ചില ദിവസങ്ങളിൽ നല്ല തെളിഞ്ഞ ആകാശമാണെങ്കിൽ വടക്കേയ്ക്ക് (North) നോക്കിയാൽ കടലിനു മുകളിൽ, ചക്രവാളത്തിൽ (കാഴ്ചയിൽ കടലും ആകാശവും ഒരുമിക്കുന്നയിടം, ഇംഗീഷിൽ Horizon എന്ന് പറയും) നോർത്ത് സ്റ്റാർ ആയ പൊളാരിസ് വരെ കാണുവാനാകും.  മൊബൈലിൽ ആപ്പ് ഉള്ളതിനാൽ ഓരോ നക്ഷത്രങ്ങളെയും മനസ്സിലാക്കാനായി. ചുരുക്കത്തിൽ ചക്രവാളം മുതൽ ആകാശത്തുള്ള എല്ലാം കടലിൽ നിന്നും കാണാനാകും. നമ്മളുടെ ഗാലക്സി ആയ മിൽക്കി വേ കാണാനാകുമോ എന്നായി അടുത്ത നിരീക്ഷണം. പക്ഷെ അതിനു സാധിച്ചില്ല. ഹിമാലയത്തിൽ പോയി കിടന്നാൽ മിൽക്കി വേ കാണാനാകും എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങളും കണ്ടിട്ടുണ്ട്.

എല്ലാ വൈകുന്നേരങ്ങളിലും ചായയുമായി പുറത്തിരിക്കുന്നത് പതിവായിരുന്നു. മുഴുവൻ സമയം അകത്തു ACയിൽ തന്നെ ഇരുന്നിട്ട് അൽപ്പനേരം പുറത്തു വന്നിരിക്കുമ്പോൾ ഒരു രസമാണ്. ചില ദിവസങ്ങളിൽ എല്ലാവരും കാണും. വൈകുന്നേരം മേഘങ്ങൾ സൂര്യൻറെ അടിയിലൂടെ  സഞ്ചരിക്കുമ്പോൾ വിവിധതരം കാഴ്ചകൾ നമുക്ക് ലഭിക്കും. അതൊക്കെ നോക്കിയിരിക്കാൻ പതിവായിരുന്നു.



വൈകുന്നേര കാഴ്ചകൾ 


വെയിലുള്ള തെളിഞ്ഞ ആകാശമുള്ള സമയത്ത് കടൽ നല്ല നീല നിറത്തിൽ കാണാനാകും. ആ സമയത്ത് കടലിൽ നോക്കിയിരിക്കുന്നത് രസമാണ്. കൂടാതെ നല്ല കാറ്റുള്ള സമയത്ത് ഞങ്ങളുടെ മുറിയുടെ ജനലിലും കടൽ തിരകൾ വന്നടിക്കുക പതിവാണ്.

കടലിൽ എപ്പോളും കാണാനാകുന്ന ഏക ജീവിയാണ് ഫ്ലയിങ് ഫിഷ്, പറക്കുന്ന മീൻ. തിരകൾക്ക് മുകളിലൂടെ പത്തു മീറ്റർ വരെയൊക്കെ അവ പറന്നു പോകുന്നത് കാണാനാകും. ചില സമയങ്ങളിൽ അവ പറന്നു കപ്പലിനകത്തേക്കും കേറുകയുണ്ടായി. ചിലതിനെ പിടിച്ച് ലാബിൽ ഉണക്കി വച്ചിട്ടുണ്ട്.

മറ്റൊരു കാഴ്ച്ച മൽസ്യ ബന്ധന ബോട്ടുകളായിരുന്നു. രണ്ടു ബോട്ടുകൾ ചേർന്നാകും മീൻ പിടിക്കുന്നത്. രണ്ടു ബോട്ടുകളെ ബന്ധിച്ച് വല കിലോമീറ്ററുകൾ വിരിച്ചിടും. മിക്കപ്പോളും ഞങ്ങളുടെ സർവ്വേ ലൈനുകൾക്ക് കുറുകെ വലകൾ വന്നു. രാത്രിയാണെങ്കിൽ കടലിൽ ഒരു പൊട്ടുപോലെ വെളിച്ചം കാണാനാകും. അതിനു മുന്നേ തന്നെ കപ്പലിന്റെ റഡാറിൽ ബോട്ടുകൾ തെളിഞ്ഞിട്ടുണ്ടാകും. ദൂരെ നിന്ന് മനസ്സിലാക്കുമ്പോൾ തന്നെ കപ്പലിൻറെ വേഗത കുറയ്ക്കും. വലയിൽ കുരുങ്ങി പുറകിൽ കെട്ടിയിട്ടിരിക്കുന്ന മാഗ്നെറ്റോമീറ്റർ നഷ്ടപ്പെടുവാൻ സാധ്യതയേറെയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണമാണ് അത്. ബോട്ട് കാണുമ്പൊൾ തന്നെ ലാബിൽ ബ്രിഡ്ജിൽ നിന്നും വിളി വരും. ആ സമയത്ത് ഞാൻ ബ്രിഡ്ജിൽ പോയി എല്ലാം നിരീക്ഷിക്കും. കപ്പലിൽ നിന്നും ബോട്ടിലേക്ക് റേഡിയോ വഴി ബന്ധപ്പെടും. ചീഫ് സയന്റിസ്റ്റിനെ റഷ്യക്കാർ വിളിച്ച് വരുത്തും. ബോട്ടിലുള്ള ഇന്ത്യക്കാരുമായി സംസാരിക്കാനാണ് അത്. മീൻപിടിത്തക്കാർ തമിഴ് നാട്ടുകാരാണ്. സുമൻ സാർ ആന്ധ്രാക്കാരനാണ്. അദ്ദേഹം തമിഴും സംസാരിക്കും. മീൻപിടിത്തക്കാർ വലമാറ്റാൻ തയ്യാറാകാറില്ല. അത് മിക്കപ്പോളും തലവേദനയായി. കാരണം ഒരു ദിവസം ഇന്ത്യ കമ്പനിക്ക് നൽകേണ്ടത് ലക്ഷങ്ങളോളം രൂപയാണ്. അതിനാൽ സർവ്വേ ഒരു മണിക്കൂർ മുടങ്ങിയാൽ തന്നെ വലിയ നഷ്ടമാണ്. അതിനാൽ ചിലപ്പോൾ ബോട്ട് കണ്ട ലൈൻ മാറി വേറെ ലൈനിലേക്ക് കപ്പൽ മാറ്റുകയാണ് പതിവ്. പക്ഷെ അവസാനം ശല്യം രൂക്ഷമായപ്പോൾ ഇനി നോക്കില്ല വലയ്ക്കുമുകളിലൂടെ കപ്പൽ കയറ്റും എന്നുവരെ അവരോടു പറയേണ്ടി വന്നു. വേറെ സ്ഥലങ്ങളും നിർദ്ദേശിച്ചു. പകൽ സമയങ്ങളിൽ ബോട്ടുകൾ കാണാനാകും. ഒരു ദിവസം കപ്പലിന് വളരെയടുത്തുവരെ ഒരു ബോട്ട് എത്തി. ഞാൻ ബ്രിഡ്ജിൽ പോയി ബൈനോക്കുലർ ഉപയോഗിച്ച് ബോട്ടുകൾ കാണുമായിരുന്നു. ഇന്ത്യൻ പതാകയുമായി നിറയെ വർണ വെളിച്ചങ്ങളുമായാണ് ബോട്ടുകൾ കാണുക.

രണ്ടു തവണ കപ്പലുകളും കാണുകയുണ്ടായി. ഇവയെല്ലാം നേരത്തെ തന്നെ റഡാറിൽ കാണാനാകും.



ജിമ്മിൽ പോക്കാണ് മറ്റൊരു പരിപാടി. ഭാരം നല്ലതുപോലെ കൂടുന്നുണ്ട് എന്ന് തോന്നി. കാരണം എല്ലാ സമയവും ഇറച്ചി തന്നെ. മിക്ക ദിവസവും ജിം ഉപയോഗിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും കപ്പലിൽ നിന്നും ഇറങ്ങിയപ്പോൾ 6 കിലോയോളം വർധിച്ചു.

മടക്കം

ഒമ്പതാം തീയതിയോടെയാണ് സർവ്വേ പൂർത്തിയാകുന്നത്. ഏകദേശം 5 ദിവസത്തോളം കൂടുതൽ വേണ്ടിവന്നു ജോലി തീർക്കുവാൻ. എല്ലാവരും പിരിയേണ്ട സങ്കടത്തിലാണ്. അലക്സ് അവസാനമായി സിഗരറ്റ് വലിക്കുമ്പോൾ കൂടെ നില്ക്കാൻ കമ്പനിക്ക് വിളിച്ചു. ഒരു ദിവസം കൊച്ചിക്ക് വരാമെന്നും കറങ്ങാമെന്നും അലക്സ് പറഞ്ഞു. എനിക്ക് സമയമുണ്ടെങ്കിൽ ചെന്നൈയിൽ കറങ്ങാൻ പോകാമെന്നും പറഞ്ഞു. പക്ഷെ എനിക്ക് പ്രോജെക്ടിനായി ഹൈദരാബാദ് പോകേണ്ടതിനാൽ അതും നടപ്പില്ല. അവസാനം സമ്മാനമായി ഒരു പാക്കറ്റ് മൾബറോ ഗോൾഡ് ആണ് അവൻ എനിക്ക് നൽകിയത്. സിഗരറ്റ് വലിക്കാത്ത എനിക്ക് എന്തിനു മൾബറോ. ഏതായാലും സുഹൃത്തുക്കൾക്കു നല്കാൻ ഞാൻ അത് സ്വീകരിച്ചു.

അവസാന ദിവസം പണികളെല്ലാം തീർത്ത കപ്പൽ ചെന്നൈയിലേക്ക് തിരിച്ചു. നല്ല വേഗതയിലാണ് പോക്ക്. രാവിലെ ചെന്നൈ എത്തും. ഞങ്ങൾ കര നോക്കി ഇരിപ്പാണ്. മൊബൈലിൽ റേഞ്ച് വരുമല്ലോ. ക്രിസ്മസ്, ന്യൂ ഇയർ കൂടാതെ എത്രയെത്ര മെസ്സേജുകൾ. വീട്ടിൽ വിളിക്കണം. പക്ഷെ 2 മണിയോടെ ഉറക്കം വന്നു. ഒന്നുറങ്ങി എണീറ്റപ്പോളെക്കും 5 മണിയായി. ചെന്നൈ തീരം കാണാൻ തുടങ്ങിയിരിക്കുന്നു. മൊബൈൽ ഫ്ലൈറ്റ് മോഡിൽ നിന്നും മാറ്റി. ജിയോയിൽ മാത്രം റേഞ്ച് ഉണ്ട്. നെറ്റ് ഓൺ ആക്കി. ഏകദേശം മൂവായിരത്തോളം മെസ്സേജുകളാണ് വന്നത്. ഫോൺ അപ്പോൾ തന്നെ റീസ്റ്റാർട് ആയി. പിന്നെ നോക്കിയിരുന്നു. രാവിലെ തന്നെ വീട്ടിൽ വിളിച്ചു.

ദൂരെ ചെന്നൈ പട്ടണം കണ്ടുതുടങ്ങിയപ്പോൾ 

കപ്പൽ തുറമുഖത്ത് എത്തിയെങ്കിലും കരയ്ക്ക് അടുപ്പിക്കാൻ ബെർത്ത് ലഭിച്ചില്ല. അതിനു വൈകുന്നേരം 3 മണി ആകുമത്രേ. അങ്ങനെയാണെങ്കിൽ അന്ന് പോർട്ടിൽ നിന്നും പോകാനാകില്ല. കാരണം, വൈകിയാൽ ഇമ്മിഗ്രേഷൻ ഓഫീസ് അടയ്ക്കും. കപ്പൽ തുറമുഖത്തിന് പുറത്തു നങ്ങുരമിട്ട് നിർത്തിയിരിക്കുകയാണ്. ഞങ്ങളുടെ അതേ നിരയിൽ ഒത്തിരിയേറെ കപ്പലുകൾ നിർത്തിയിട്ടിട്ടുണ്ട്. എല്ലാവരും വൈറ്റിംഗിൽ ആണ്. അങ്ങനെ വൈകുന്നേരം 4 മണിയോടെ ബെർത്ത് ലഭിച്ചു. കപ്പൽ കരയ്ക്ക് അടുപ്പിച്ചു. പക്ഷെ തുറമുഖത്തിനു പുറത്തിറങ്ങാനാകില്ല. വേണമെങ്കിൽ കപ്പലിൽ നിന്ന് പുറത്തിറങ്ങി നിൽക്കാം. അങ്ങനെ 25 ദിവസങ്ങൾക്ക് ശേഷം കരയിൽ കാലുകുത്തി. കപ്പലിന്റെ മുന്നിലും മറ്റും പോയിനിന്നു ഫോട്ടോകൾ എടുത്തു. പലതരം വലുതും ചെറുതുമായ കപ്പലുകൾ അടുപ്പിക്കുന്നതും പോകുന്നതുമൊക്കെ സ്ഥിരം കാഴ്ചകളായിരുന്നു. അവയൊക്കെ നോക്കി നിൽക്കലായിരുന്നു പ്രധാന പണി.

കൂടാതെ NCAOR, EEZഇന്റെ തലവനായ Dr. ജോൺ കുര്യൻ സാറും അഭിഷേക് ത്യാഗിയും എത്തിയിട്ടുണ്ട്. കുസാറ്റിൽ നിന്നും PhD എടുത്തയാളാണ് ജോൺ കുര്യൻ സാർ. കൂടാതെ കോട്ടയംകാരനും. പക്ഷെ അവരുമായൊന്നും അധികം സംസാരിക്കാനായില്ല.

അന്ന് രാത്രി റൂമിലേക്ക് പോകുന്ന സമയത്താണ് വിറ്റാലിയെ കാണുന്നത്. കപ്പലിലെ കാണേണ്ട പ്രധാന കാഴ്ചയാണ് എൻജിൻ റൂം. വിറ്റാലിയുടെ പണിയും അവിടെയാണ്. പല  കാരണങ്ങളാൽ ഇതുവരെ എൻജിൻ റൂം കാണാൻ പറ്റിയിട്ടില്ല. ശബരിയും ഗോകുലും മുകളിലാണ്. ഞാൻ വിറ്റലിയോട് ആഗ്രഹം പറഞ്ഞു. എന്നാ പോരെ എന്ന് വിറ്റാലിയും. ഞാൻ കൂട്ടുകാരെ വിളിച്ചിട്ട് വരാമെന്നു പറഞ്ഞു. പക്ഷെ നിർഭാഗ്യവശാൽ അവന്മാരെ ഒരിടത്തും കണ്ടില്ല. അവസാനം ഞാൻ തന്നെ പോയി. കപ്പലിന്റെ ഏറ്റവും അടിവശമാണ് എൻജിൻ റൂം. അതായത് കടൽ നിരപ്പിലും താഴെ. എൻജിനും, വെള്ളം ശുദ്ധീകരിക്കുന്ന സ്ഥലവും, പ്രൊപ്പല്ലറുമൊക്കെ വിറ്റാലി കാണിച്ച് തന്നു.

വിറ്റാലിയോടൊപ്പം എൻജിൻ റൂമിൽ 


രാത്രി ഭക്ഷണത്തിനു ശേഷം പുറത്തുപോയി ഇരിക്കാമെന്ന് കരുതി. രാത്രി കപ്പലിൽ ഡീസൽ നിറയ്ക്കുകയാണ്. ബാർജിലാണ് ഡീസൽ കൊണ്ടുവന്നിരിക്കുന്നത്. 90 ദിവസം വരെ ഈ കപ്പലിന് കടലിൽ കിടക്കാനാകും. അതിനാൽ അത്രമാത്രം ഡീസൽ ആണ് നിറയ്ക്കുന്നത്. ഞാൻ കുറെ നേരം ഇരുന്നതിനു ശേഷം കിടന്നുറങ്ങി.

ഡീസൽ നിറയ്ക്കാനെത്തിയ ബാർജ് 

രാവിലെ എണീക്കുമ്പോളും ഡീസൽ അടിക്കുന്ന ബാർജ് അവിടെത്തന്നെയുണ്ട്. ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ കപ്പൽ നല്ലതുപോലെ തന്നിരിക്കുന്നു. 12 മണിയോടെ ഇറങ്ങാനാകും. ഭക്ഷണമൊക്കെ കഴിച്ചു. പോകാനുള്ള തയ്യാറെടുപ്പാണ്. 25 ദിവസത്തെ സുഹൃത് ബന്ധങ്ങളൊക്കെ ഇട്ടിട്ടുപോകുന്ന വിഷമങ്ങൾ ഉണ്ട്. എല്ലാവരുമായും നിന്നും ഫോട്ടോസൊക്കെ എടുത്തു. അലെക്സും വിറ്റാലിയുമൊക്കെ ഞങ്ങളെ യാത്രയാക്കാൻ എത്തിയിട്ടുണ്ട്. അവസാനമായി എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ യാത്ര പുറപ്പെട്ടു. കോളേജിലേക്കുള്ള കുറച്ച് സെഡിമെൻറ്സും ഉണ്ട്. ഇമ്മിഗ്രേഷൻ നടപടികളൊക്കെ പൂർത്തിയാക്കി കോയമ്പേടിലേക്ക്. ചേച്ചിയും സാറും ഞങ്ങളെ കോയമ്പേടു ഇറക്കിയതിനു ശേഷം എയർപോർട്ടിലേക്ക് പോയി. ചേച്ചിയും സങ്കടത്തിൽ തന്നെയാണെന്ന് തോന്നി. ഏതായാലും കപ്പൽ യാത്ര അവസാനിച്ചു. ഗോകുലും ശബരിയും നാട്ടിലേക്കാണ്. കല്ലടയുടെ ബസ്സിൽ അവരെ യാത്രയാക്കി. ഞാൻ ചെന്നൈയിൽ പഠിക്കുന്ന കസിനെ കണ്ടതിനു ശേഷം ഹൈദെരാബാദിലേക്കും യാത്രയായി.

വിറ്റാലിയോടൊപ്പം അവസാന ഫോട്ടോ 
 ചേച്ചിയോടൊപ്പം 























മറ്റു ചിത്രങ്ങൾ

MGS SAGAR

മത്സ്യബന്ധന ബോട്ട് നടുകടലിൽ 

ജിം 

സുമൻ സാറിനോടൊപ്പം 

16 comments :

  1. ട്വിങ്കിൾ എന്ന പേരിനു എന്താടാ കുഴപ്പം??

    ReplyDelete
  2. nice travelogue mannn... keep it up

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Nice selection of stories..keep traveling😻

    ReplyDelete
  5. Aju ni oru sambhavama... Cruise anubhavangal onnude arinju... Eni cruise engane undaay enu chodikkunnavrk eee link koduthal mathy

    ReplyDelete
  6. хорошо :)

    ReplyDelete
  7. Beautiful narration, superb, keep it up

    ReplyDelete
  8. kollaadaa.. nalloru yathra vivaranam

    ReplyDelete

Related Posts Plugin for WordPress, Blogger...