Friday, 21 March 2014

തബൽ ചോങ്ങ്ബ - മണിപ്പൂരിലെ ഒരു വ്യത്യസ്തമായ ആഘോഷം

Read the English version

ഇന്ത്യ എന്നും വേറിട്ടുനിൽക്കുന്നത് അതിൻറെ വൈവിധ്യം കൊണ്ടാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും  സ്വന്തമായ ചില പ്രത്യേകതകൾ പറയാനുണ്ടാവും. വേഷം,ഭാഷ,സംസ്കാരം,ആചാരം എന്നിവ കൊണ്ട് മനുഷ്യരിലും ഭൂപ്രകൃതി,കാലാവസ്ഥ എന്നിവ കൊണ്ട് സ്ഥലങ്ങൾക്കും ഇത്രയേറെ വൈവിദ്യമുള്ള മറ്റൊരു  രാജ്യം ഈ ഭൂമിയിൽ  കാണാനിടയില്ല.

 ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഒരു വ്യത്യസ്ഥമായ ആഘോഷമാണ് തബൽ ചോങ്ങ്ബ. മാതൃഭുമിയിൽ ഇരുപതാം തിയതി ഞാൻ തബൽ ചോങ്ങ്ബയെപറ്റി വായിക്കുകയുണ്ടായി. വായിച്ചപ്പോൾ കൗതുകം തോന്നിയതിനാൽ മണിപ്പുരിലുള്ള എന്റെ കൂട്ടുകാരി തോയ്‌യോട് ഞാൻ തബൽ ചോങ്ങ്ബയെ പറ്റി  ചോദിച്ചു. നോർത്ത് ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനക്കാർ വംശീയാധിക്ഷേപം നേരിടുന്നതിൽ ദുഖതയായ തൊയ് ഞാൻ അവരുടെ നാടിനെ ഇഷ്ടപെടുന്നു എന്നറിയുമ്പോൾ സന്തോഷവതിയാകും.

തബൽ ചോങ്ങ്ബയെ പറ്റി ചോദിച്ചപ്പോൾ "ഞാൻ ഇന്നലെ തബൽ ചോങ്ങ്ബ ശരിക്കും ആസ്വദിച്ചു" എന്നാണ് തോയ് പറഞ്ഞത്. അത് കേട്ടപ്പോൾ ഞാൻ ചെറുതായൊന്നു ഞെട്ടി. കാരണം മണിപ്പൂരിൽ യുവതീ യുവാക്കൾ പരസ്പരം അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്ന ഒരു ആഘോഷമാണ് തബൽ ചോങ്ങ്ബ.



തബൽ ചോങ്ങ്ബയെ പറ്റി ഞാൻ അറിഞ്ഞ കാര്യങ്ങൾ

മണിപ്പൂരിലെ അമ്മമാർ എല്ലായിടത്തെയുംപോലെതന്നെ  തങ്ങളുടെ പെണ്മക്കളെ ആണ്‍കുട്ടികളുമായി അധികം സൗഹൃദത്തിനു വിടാറില്ല. എന്നാൽ തബൽ ചോങ്ങ്ബ എന്ന അഞ്ചു ദിവസം നീളുന്ന ആഘോഷ സമയത്ത് അവർക്ക് തങ്ങൾക്ക് ഇഷ്ടപെട്ട പങ്കാളിയെ കണ്ടെത്താൻ മാതാപിതാക്കൾ അനുവദിക്കുന്നു. ആണ്‍കുട്ടികളുമായി സംസാരിക്കാൻ അനുവദിക്കുന്ന ഏക സമയമാണിത്.  വൈകുന്നേരം സുര്യ വെളിച്ചം അകന്നതിനുശേഷം ചന്ദ്രൻ മലമുകളിൽ തെളിയുംമ്പോളാണ് ആഘോഷം തുടങ്ങുക. ചെണ്ടകൊട്ടും പാട്ടുമായി ശരിക്കും ആഹ്ലാദം നിറഞ്ഞ നിമിഷങ്ങളാണ് തബൽ ചോങ്ങ്ബ നല്കുക. പാട്ടിന്റെ താളത്തിൽ യുവതികൾ കൈകൾ പിടിച്ച് വൃത്തമുണ്ടാക്കി ചുവടുവെക്കുന്നു. ഈ സമയം പുരുഷന് ഇഷ്ടപ്പെടുന്ന യുവതിയുടെ കൈയിൽ പിടിച്ചു വൃത്തത്തിൽ ചേരുകയും പരസ്പരം സംസാരിച്ചു മനസിലാക്കാനും സാധിക്കുന്നു. എന്നാൽ യുവാവിനെ വൃത്തത്തിൽ ചേർക്കണോ വേണ്ടയോ എന്നത് യുവതിയാണ് തീരുമാനികുന്നത്. ചിലപ്പോൾ  നേരത്തെ കണ്ടിട്ടുള്ളവരോ  പരസ്പരം പരിചയമുള്ളവരോ  ആണ് കൈകൊടുക്കുക. മണിപ്പൂരിൽ തബൽ ചോങ്ങ്ബ നടക്കുന്ന പല സ്ഥലങ്ങൾ ഉണ്ടാവും, യുവാക്കൾക്ക് ഒരിടത്ത് അനുയോജ്യരായവരെ കണ്ടെത്താനായില്ലെങ്കിൽ മറ്റിടങ്ങളിൽ പോകാനുമാകും. നമുക്ക് കേട്ടുപരിചയമുള്ള സ്വയംവരം എന്ന് വേണമെങ്കിൽ തബൽ ചോങ്ങ്ബയെ വിശേഷിപ്പിക്കാം.

പരസ്പരം ഇഷ്ടപെട്ടാൽ?

പരസ്പരം ഇഷ്ടപെട്ടുകഴിഞ്ഞലുള്ള രീതികളും കൗതകമുള്ളതാണ്. കമിതാക്കൾ ഏതെങ്കിലും ബന്ധുവിന്റെ വീട്ടിൽ അഭയം തേടുന്നു. ശേഷം ബന്ധു കമിതാക്കളുടെ വീടുകളിൽ വിവരമറിയിക്കുന്നു. പിന്നീടു വിവാഹത്തിലേക്ക് നീങ്ങുന്നു. ഇനി വിവാഹത്തിനു വീട്ടുകാർ എതിർത്താൽ തന്നെ കമിതാക്കൾക്ക് ഒളിച്ചോടുവാനുമുള്ള അവസരം ഉണ്ട്.


ഇങ്ങനെ ഒരു വ്യത്യസ്തമായ ആഘോഷമാണ്  തബൽ ചോങ്ങ്ബ. നോർത്ത് ഇന്ത്യയിൽ ആഘോഷിക്കുന്ന ഹോളിക്ക് സമാനമായ ആഘോഷമാണ് തബൽ ചോങ്ങ്ബ.

ആചാരം ഇങ്ങനെയൊക്കെ ആണെങ്കിലും പങ്കാളിയെ കണ്ടെത്തുവാൻ മാത്രമല്ല ഇത് ആഘോഷിക്കുന്നത് പകരം ആനന്ദത്തിനും കൂടിയാണെന്നാണ്  തൊയ് പറഞ്ഞത്. അവളും നൃത്തം ചെയ്തെന്നും തനിക്ക് ഒരാളെ ആവശ്യമില്ലാത്തതിനാൽ ആർക്കും കൈ കൊടുത്തില്ലെന്നും തോയ് കൂട്ടിച്ചേർത്തു.

ആകെ മൊത്തം കൂട്ടിവായിച്ചാൽ ആചാരം കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ മറക്കുവാനും തബൽ ചോങ്ങ്ബ ഇന്ന് സഹായിക്കുന്നു എന്നുവേണം മനസിലാക്കാൻ.


Picture courtesy:
http://e-pao.org/
http://kanglaonline.com/


No comments :

Post a Comment

Related Posts Plugin for WordPress, Blogger...