Sunday 13 October 2019

ദൈവദൂതന്മാരും ദൂതന്മാർക്ക് കിട്ടിയ പണിയും | Himalayas 2019 | C#04

ദൈവദൂതന്മാരും ദൂതന്മാർക്ക് കിട്ടിയ പണിയും | Himalayas 2019 | C#04 


----------------------------
Himalayas 2019 ഇലെ മറ്റുഭാഗങ്ങളിലെക്കുള്ള ലിങ്കുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക  👇


----------------------------


"ഉള്ളതല്ല ഉള്ളതെല്ലാം, ഉള്ളതെല്ലാം ഉള്ളതല്ല..!😅 ജീവിതം അങ്ങനെയല്ലേ? കുറേ മിഥ്യാധാരണകളും ആഗ്രഹങ്ങളുമാണ് പലപ്പോഴും ജീവിതത്തെ താങ്ങിനിർത്തുന്നത്. പല തിരിച്ചറിവുകളും നമ്മളെ പിടിച്ചുലയ്ക്കും."

ജിസ്പയിൽനിന്നും 160 കിലോമീറ്റർ ദൂരെയുള്ള പാങ്ങിലാണ് രണ്ടു ദിവസമായി താമസം. വൈദ്യുതിയും മൊബൈൽ സിഗ്നലുകളുമില്ലാത്ത,  ലേയിലേക്കുള്ള സഞ്ചാരികൾക്ക് ഒരു രാത്രിയിലെ താമസത്തിനുവേണ്ടി മാത്രം നിലകൊള്ളുള്ള ലഡാഖ് പ്രദേശത്തിൽ പെടുന്ന ഒരു സ്ഥലം. ഇരുട്ടുമ്പോൾ മുതൽ രാത്രി 11 മണിവരെ ജനറേറ്റർ ഉപയോഗിച്ച് വെളിച്ചം ലഭിക്കും. രാത്രിയായാൽ ആകാശത്തു ആകാശഗംഗയും നക്ഷത്രവും നോക്കിയിരിക്കാം. പാതിരാ ആയാൽ കൊടും തണുപ്പുകാരണം അതും നടക്കില്ല. രണ്ടു ദിവസം കുളിയുമില്ല നനയുമില്ല, തിരികെ base ആയ ജിസ്പയിലെത്തിയാൽ മാത്രമേ ചൂടുവെള്ളം കിട്ടുകയുള്ളൂ.

പാങ്ങ്. ടെസ്റ്റിനായി എത്തിയ പുതിയ റോയൽ എൻഫീൽഡ് ബൈക്കുകൾ കാണാം.


അങ്ങനെ രണ്ടാമത്തെ ദിവസം വൈകുന്നേരം അഞ്ചു മണിയായി പണികൾ പൂർത്തിയാകാൻ. തിരികെ വീടുപിടിക്കാൻ എല്ലാവരോടും മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. വീട് എന്നുദ്ദേശിച്ചത് ജിസ്‌പ തന്നെ. ഒരു മാസംകൊണ്ട് ആ ഗ്രാമവും ടെൻസിൻജിയുടെ റോളിങ് സ്റ്റോൺ  ഹോട്ടലും വീടുപോലെ ആയിരിക്കുന്നു. രണ്ടു ദിവസത്തെ frustration തീരാൻ അവിടെയെത്തണം. വണ്ടി 150 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. അത് ഞങ്ങളുടെ പ്രതിദിന ശരാശരിയാണ്. ഇപ്പോൾ ജിസ്പെയിലേക്ക് തിരിച്ചാൽ 300 കിലോമീറ്റർ ആകും അന്നത്തെ മൊത്തം യാത്ര. എല്ലാവരും ഒരുമിച്ച് പറഞ്ഞു "തിരികെ പോകാം". റോബിൻജി എന്നെ നോക്കി. "ലച്ചുങ്‌ലാ (5064 m), നകീലാ (4739 m) , ഗാട്ടാ ലൂപ്സ് കടത്ത്.. ബാക്കി സർച്ചു, ഭരത്പൂർ പാഗൽ നാല, ബരലാച്ചാലാ (4890 m) അങ്ങനെ 100 കിലോമീറ്റർ ഞാൻ കടത്തി തരാം" ഞാൻ പറഞ്ഞു. ഒരുമാസമായി ഈ വഴിയുള്ള യാത്ര സ്ഥിരമാണ്. വണ്ടിയോടിക്കാൻ റോബിൻജിയെ സഹായിക്കുന്നത് പതിവാണ്. റോബിൻജി ഗാട്ടാ ലൂപ്‌സ് വരെയെത്തി സല്ലു പറഞ്ഞു. 21 ഹെയർപിൻ വളവുകളുള്ള, ഗിയറു മാറ്റിച്ചു  കാലിനു പണി തരുന്ന സ്ഥലമാണ് ഗാട്ടാ ലൂപ്‌സ്. സമയം 7 ആയിരിക്കുന്നു. ഞാൻ സ്ഥിരം മലയാളം നിത്യഹരിത പാട്ടുകൾ ഇട്ടു വണ്ടിയെടുത്തു. റോബിൻജിയുടെ HP-72-A-5253 ബൊലേറോ കഴിഞ്ഞ വർഷം മുതലേ ഓടിക്കുന്നതാണ്. ആ വാഹനം എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമായി കഴിഞ്ഞിരിക്കുന്നു. വണ്ടിയോടിക്കൽ ഒരിക്കലും മടുപ്പായി തോന്നിയിട്ടില്ല, നല്ല പാട്ടുകളും കൂടെയുണ്ടെങ്കിൽ കുറെയധികം കാര്യങ്ങളൊക്കെ ആലോചിച്ച് ശാന്തമായി എത്ര ദൂരം വേണമെങ്കിലും അങ്ങനെയങ്ങ് പൊയ്ക്കോളും.


ലച്ചുങ്‌ലാ
നകീലാ
ഗാട്ടാ ലൂപ്സ്
ബരലാച്ചാലാ
ബരലാച്ചാലായിൽ തകർന്നുകിടക്കുന്ന ലോറികൾ 
ജിസ്പ 💓

എത്രയും പെട്ടെന്ന് ജിസ്പ എത്തുകയാണ് ലക്ഷ്യം. ഇതുവായിക്കുമ്പോൾ നിങ്ങൾ വിചാരിക്കും അങ്ങു ഓടിച്ച് എത്തിയാൽ പോരെയെന്ന്. എന്നാൽ, പോരാ.. എത്തുമെന്ന് ഒരു ഉറപ്പുമില്ല എന്നതാണ് സത്യം. മുന്നിൽ എല്ലാവരുടെയും പേടി സ്വപ്നമായ ഭരത്പൂർ പാഗൽ നാലയും പകലുപോലും ആളുകൾ പേടിക്കുന്ന  ബരലാച്ചാ ലാ മലനിരയുമുണ്ട്. പാഗൽ നാലാ എന്നാൽ ഭ്രാന്തൻ അരുവിയെന്നാണ് മലയാളത്തിൽ. മഞ്ഞുരുകി പുഴപോലെ ഒഴുകുന്ന റോഡ്. ടാർ എല്ലാം ഒഴുകിപോയി ഉരുളൻ കല്ലുകൾ മാത്രമാണ് റോഡായിട്ടുള്ളത്. പല സമയത്ത് പല രീതിയിൽ ശക്തമായി വെള്ളം വരുകയും, വണ്ടികൾ കല്ലിൽ പുതഞ്ഞു പോകാറുമുള്ളതിനാലാണ് ഭ്രാന്തൻ അരുവിയെന്ന് അത് അറിയപ്പെടുന്നത്.  ബരലാച്ചാ ലായിലും ടാർ കാണാൻ കഴിയുന്നത് ചുരുക്കം, റോഡിന്റെ രണ്ടു വശത്തും മതിലുപോലെ നിൽക്കുന്ന മഞ്ഞും താഴെ കൊക്കയിൽ ആരുടെയും മനസ്സ് വേദനിപ്പിക്കാനെന്നപോലെ തകർന്നുകിടക്കുന്ന നാലു ലോറികളും.



ഭരത്പൂർ പാഗൽ നാല

രാത്രി 11 മണിയോടെ ഭരത്പൂർ ടെന്റ് കോളനി എത്തി. അവിടുന്നു 2 കിലോമീറ്റർ ദൂരെയാണ് പാഗൽ നാല. ടാർപോളിൻ പായകൾ വലിച്ചുകെട്ടി ഉണ്ടാക്കിയിരിക്കുന്ന ഈ ടെന്റുകളിൽ ഭക്ഷണവും ഉറങ്ങാൻ ബെഡ്ഡും ലഭിക്കും. ഞങ്ങൾ ഒരു ടെന്റിലെ സ്ഥിരം ആൾക്കാരാണ്. നല്ല മട്ടനും ചോറും കിട്ടും അവിടെ. "വെള്ളം കൂടുതലാണ് ഇന്ന്. ആരും ഇന്നുരാത്രി കടന്നുപോയിട്ടില്ല, നിങ്ങളിന്ന് ഇവിടെ കിടന്നോ" ടെന്റിലെ സുഹൃത്ത് പറഞ്ഞു. കൊടും തണുപ്പാണ്, പൂജ്യം ഡിഗ്രീ സെൽഷ്യസ് അടുത്തിരിക്കുന്നു. "ഞങ്ങൾക്ക് ഇന്ന് പോണം ഭായി" എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

സാധാരണ പ്രശ്നങ്ങളില്ലാതെ സുഗമമായി പാഗൽ നാല കടക്കണമെങ്കിൽ രാവിലെ 9 മണിക്ക് മുന്നേയെത്തണം. വെയിലായിക്കഴിഞ്ഞാൽ മഞ്ഞുരുകുന്നതിനാൽ വെള്ളം എത്തി തുടങ്ങും. വൈകുന്നേരം മുതൽ പാതിരാ വരെ കുത്തിയൊഴുകുന്ന വെള്ളമായിരിക്കും നമുക്ക് അവിടെ കാണുവാൻ സാധിക്കുന്നത്. ഞങ്ങളുടെ ജോലി രീതി വച്ച് നല്ല സമയം നോക്കി കടക്കാനൊന്നും സാധിക്കാറില്ല. ഞാനും റോബിൻജിയും ഭരത്പൂർ പാഗൽ നാലയിലൂടെ ഏതു സമയത്തും വണ്ടി കടത്തുന്നത് സ്ഥിരമായിരുന്നു. നിരവധി വണ്ടികൾ ഭയപ്പെട്ടു നിർത്തിയിടുമ്പോൾ ഇതൊക്കെയെന്ത് എന്നുള്ള ഭാവത്തിൽ ഞങ്ങൾ കടന്നുപോകാറുണ്ട്. പക്ഷെ ഇത് ആദ്യമായാണ് ഈ രാത്രിയിൽ. ഞാൻ ഈ ഒരു അനുഭവത്തിനുവേണ്ടി തന്നെയാണ് ഈ ഭാഗം ഓടിക്കാമെന്നു പറഞ്ഞതും.

ഞങ്ങൾ വണ്ടിയെടുത്തു നാലയുടെ അടുത്തെത്തി. ഒരിക്കലും കാണാത്തപോലെ വെള്ളം കുതിയൊഴുകുന്നു. ഞാൻ റോബിൻജിയെ നോക്കി. "നീ കെറ്റിക്കോടാ മോനെ" റോബിൻജി പറഞ്ഞു. ആൾക്ക് എന്നെ അത്രയ്ക്ക് വിശ്വാസമാണ്. പക്ഷെ എനിക്ക് അപ്പുറത്ത് ചെല്ലുമെന്ന് വല്യ ഉറപ്പൊന്നുമില്ല. നമ്മളുടെ കോട്ടയത്തെയും ഇടുക്കിയിലെയും ചെളി റോഡിലൂടെയും മലയിലൂടെയും ഓടിച്ചുള്ള പരിചയം വച്ചാണ് ഹിമാലയത്തിലെ എന്റെ കളി. അത് വിജയിക്കാറുള്ളതുകൊണ്ട് എല്ലാവർക്കും ഒരു വിശ്വാസമാണ്. അത് തകർക്കാനും പറ്റില്ല. പിന്നെ എങ്ങനെയേലും ജിസ്‌പ എത്തണം.

പ്രധാനമായും രണ്ടു കുത്തൊഴുക്കുള്ള സ്ഥലങ്ങളും പിന്നെ പരന്നൊഴുകുന്ന സ്ഥലങ്ങളുമാണ് ഈ നാലയിൽ ഉള്ളത്. മൊത്തം ഒരു 200 മീറ്ററോളം ദൂരം. ഈ സാഹചര്യത്തിൽ രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്. ഒന്ന് വണ്ടിയിൽനിന്നും ഇറങ്ങി റോഡ് മനസിലാക്കുക. ഓരോ ദിവസവും ഓരോ തരത്തിലായിരിക്കും പോകാൻ പാകത്തിലുള്ള വഴിയുണ്ടാകുക. കൂടാതെ കല്ലിട്ട് കുത്തൊഴുക്കുള്ള ഭാഗത്തെ ആഴം പരിശോധിക്കുക. വണ്ടി അതിൽ  ഇരുന്നുപോയാൽ പിന്നെ അനങ്ങില്ല. രണ്ടാമത്തെ കാര്യമാണ് വണ്ടിയുടെ നിയന്ത്രണം. RPM പരമാവധി ആക്സിലേറ്റർ അമർത്തി കൂട്ടുക, അപ്പോൾ വണ്ടിയുടെ പരമാവധി torque ലഭിക്കും. പിന്നെ ക്ലച്ച് വിട്ട് RPM താഴാൻ അനുവദിക്കാതെ വണ്ടിയുടെ ചലനം നഷ്ടപ്പെടാതെ പ്രശ്നമുള്ള സ്ഥലങ്ങൾ കടത്തുക. RPM താഴുന്നത് ശ്രദ്ധയിൽ പെട്ടാൽ, അല്ലെങ്കിൽ നിന്നുപോകുമെന്നു തോന്നിയാൽ ക്ലച്ച് അമർത്തി വണ്ടി race ചെയ്യുക. വണ്ടി സ്ലോ ആയി നിന്നുപോയാൽ തീർന്നു. അവിടെ കിടക്കും! ഇതാണ് ടെക്‌നിക്ക്.

അടുത്ത സീറ്റിലുള്ള റെഡ്‌ഡി സാർ എന്നോട് ചോദിച്ചു "അജിതാഭേ പോണോ? നമ്മളിന്ന് കടക്കുവോ?". തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ. "നമ്മളിന്ന് ജിസ്‌പ എത്തും സാർ" ഇതും പറഞ്ഞു ആദ്യത്തെ കുത്തൊഴുക്കിലോട്ട് വണ്ടി ചാടിച്ചു. എനിക്ക് ഈ വണ്ടിയോടുള്ള ഒരു പ്രേമം ഇതുകൊണ്ടാണ്. നമ്മളുടെ മനസ്സിനനുസരിച്ച് അവൻ കേറി പൊക്കോളും. ആദ്യത്തെ വെള്ളപാച്ചിൽ കടന്നു. വെള്ളം കുറഞ്ഞ ഭാഗത്തേക്ക് കയറി. ഞാൻ വണ്ടി നിർത്തി, മുന്നിൽ ഒരു ക്വാളിസ് വണ്ടി കുടുങ്ങി കിടക്കുന്നു. ആ വണ്ടി മാറ്റാതെ മുന്നോട്ട് പോകാൻ പറ്റില്ല. ഞങ്ങൾക്കാണേൽ കയറ്റമാണ് കയറേണ്ടത്, വണ്ടി പുതഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. ഞാൻ ഇറങ്ങി ചെന്നു റോഡ് പരിശോധിച്ചു. അവരുടെ വണ്ടിയുടെ വശത്തുകൂടി മോശമല്ലാത്ത രീതിയിൽ കല്ലിന്റെ മുകളിലൂടെ കയറി പോകാം. നിന്നുപോയാൽ തീർന്നു. പിന്നെ അവരു കിടക്കുന്നതുപോലെ കൊടും തണുപ്പിൽ അവിടെത്തന്നെ കിടക്കാം. ഞാൻ ആ വാഹനത്തിന്റെ അടുത്തേക്ക് ചെന്നു നോക്കി. അകത്ത് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപോലെ മൂന്നു പേർ. രണ്ട് ആണുങ്ങൾ, പുറകിൽ ഒരു പ്രായമായ അമ്മ. ഞാൻ ഡ്രൈവറോട് എന്ത് പറ്റിയെന്ന് ചോദിച്ചു. പുറകിലെ ടയർ പുതഞ്ഞു പോയിരിക്കുന്നു. ടയറിന്റെ പകുതിയോളം ഉയരത്തിൽ വെള്ളവും ഒഴുകുന്നുമുണ്ട്. നല്ല ഐസ് ഉരുകി വരുന്ന, ശരീരം മരവിപ്പിച്ചു കളയുന്ന വെള്ളം. എന്റെ വാട്ടർപ്രൂഫ് ഷൂ ആയതിനാൽ അകത്തോട്ട് കേറുന്ന വെള്ളം പിന്നെ പുറത്തോട്ട് പോകില്ല. ഞാൻ വണ്ടിക്കകത്തേക്ക് ഒന്നുകൂടെ നോക്കി. മുന്നിലെ ഡ്രൈവറുടെ അടുത്തിരിക്കുന്ന അല്പം പ്രായമുള്ള ആ ചേട്ടന്റെ കലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഞാൻ കാര്യം തിരക്കി. ചണ്ഡീഗഡിലെ ആശുപത്രിയിൽ പോയിട്ട് തിരികെ ലെയിലേക്ക് പോവുകയാണ് അവർ. പുറകിലുള്ള അമ്മ ആകെ വിഷമിച്ചിരിക്കുന്നു.

ഞാൻ തിരികെ ഞങ്ങളുടെ വണ്ടിയിൽ കയറി. അപ്പുറം കടന്നിട്ടേയുള്ളൂ എന്നുറപ്പിച്ചു അവരുടെ വണ്ടിയുടെ വശത്തുകൂടി രണ്ടാമത്തെ കുത്തൊഴുക്കും കടത്തിൽ സുരക്ഷിതമായ സ്ഥലത്തു വണ്ടി നിർത്തി. എനിക്കണേൽ അവരുടെ അവസ്ഥയോർത്തിട്ടു അവരെ അവിടെ ഉപേക്ഷിച്ചു പോരുവാനും മനസ്സ് സമ്മതിക്കുന്നില്ല. ഒരു ശ്രമമെങ്കിലും നടത്തിയില്ലെങ്കിൽ എങ്ങനെയാണ്. "റോബിജി നമുക്ക് അവരെയൊന്ന് സഹായിച്ചാലോ?" കേട്ടപാതി റോബിജി ചാടിയിറങ്ങി. പുറകെ ശിവകൃഷ്ണയും. ഐസ് വെള്ളത്തിലൂടെ നടന്ന് വണ്ടിക്കടുത്തെത്തി. ഷൂഇന്റെ അകത്തു മുഴുവൻ വെള്ളം കയറിയിരുന്നു. അരയ്ക്ക് താഴേക്ക് മുഴുവൻ നനഞ്ഞിരുന്നു. "ഞങ്ങൾ സഹായിക്കാം, നിങ്ങള് വണ്ടിയെടുക്ക്" ഞങ്ങൾ പുറകിൽനിന്നു തള്ളുവാൻ തുടങ്ങി. ഒരു രക്ഷയുമില്ല, വണ്ടി അനങ്ങുന്നില്ല. ഫുൾ ആക്സിലേറ്റർ അമർത്തി ക്ലച്ച് വിട്ടു വിട്ടു പിടിച്ചാൽ മാത്രമേ ഇങ്ങനെയുള്ള സാഹചര്യത്തിൽ വണ്ടി നീങ്ങുകയുള്ളൂ. ഡ്രൈവറോട് ഇറങ്ങി തള്ളാൻ പറഞ്ഞിട്ട് ഞാൻ വണ്ടിയെടുത്തു. പുറകിൽ നിന്നുള്ള തള്ളലും ക്ലച്ച് വിടലും ഒരുമിച്ച് വേണം. Success! വണ്ടി കുഴിയിൽനിന്നും കയറി. വണ്ടിയുടെ ചലനം നഷ്ടപ്പെടാതെ വണ്ടി മറുകരയെത്തിച്ചു. ഒരു യുദ്ധം ജയിച്ച പ്രതീതി. ഞാൻ ഹാൻഡ് ബ്രേക്ക് വലിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ വണ്ടിയിലുള്ള രണ്ടാളുകളും എന്റെ കൈയിൽ പിടിച്ച് നിർത്തി എന്തൊക്കെയോ പറയുന്നു. 'ഇനി വണ്ടിക്ക് വല്ലതും പറ്റിയോ' ഞാൻ ഒന്ന് പേടിച്ചു. അപ്പോളേക്കും റോബിൻജി ഓടി വണ്ടിയുടെ അടുത്തേക്ക് എത്തിയിരുന്നു. "ദൂത്" "ദൂത്" എന്നുമാത്രമാണ് എനിക്ക് മനസിലായത്. 'എഹ്, ഇനി വീട്ടിൽ വന്ന് പാലു കുടിച്ചിട്ട് പോകാമെന്നെങ്ങാനും ആണോ?' എനിക്ക് മനസിലായത് അങ്ങനെയാണ്😂

ദൂദ് - പാൽ, പണ്ട് ഹിന്ദി ക്ലാസ്സിൽ പഠിച്ചിട്ടുണ്ടല്ലോ. ഇവര് ലേയിൽ ഉള്ളതല്ലേ, ഇവിടുന്നു ഏകദേശം 250 കിലോമീറ്റർ. ഏയ്, പിന്നെ എപ്പോളേലും ചെല്ലാനായിരിക്കും. "കൊയ് ബാത് നഹി, കൊയ് ബാത് നഹി (ഓ സാരമില്ല, സാരമില്ല)" ഞാൻ ഇങ്ങനെ പറഞ്ഞിട്ട് പുറത്തോട്ട് ഇറങ്ങി. പുറകെ വന്ന ഡ്രൈവറുടെ വകയും നന്ദി മേടിച്ചു ഞാനും റോബിൻജിയും പുറകോട്ട് നടന്നു. കാലിന്റെ വിരലുകൾ മുഴുവൻ മരച്ചുപോയിരിക്കുന്നു. വെള്ളം ഇപ്പോളും ഷൂവിനകത്ത് തന്നെ. നടക്കുമ്പോൾ കാലിനു ഉറപ്പ് കിട്ടുന്നില്ല. കാല് അവിടെ ഉണ്ടെന്ന് തന്നെ മനസിലാകുന്നില്ല. എന്നാലും എന്റെ സംശയം മുഴുവൻ എന്തിനാണ് അവര് പാല് കുടിച്ചിട്ട് പോകാമെന്ന്  പറഞ്ഞു എന്നായിരുന്നു. ഞാൻ റോബിൻജിയോട് ചോദിച്ചു "എന്തിനാ അവര് പാലിന്റെ കാര്യമൊക്കെ പറഞ്ഞേ?"

"അജിതാഭ് ജി, പാല് എന്നല്ല അവര് ഉദ്ദേശിച്ചേ.. ദൂത്.. ദൂതൻ.. നമ്മൾ അവരെ രക്ഷിക്കാൻ ദൈവം അയച്ച ദൈവദൂതന്മാർ ആണെന്നാണ് അവര് പറഞ്ഞേ" റോബിൻജി ചിരിച്ചുകൊണ്ട് തലയിൽ തട്ടി പറഞ്ഞു. എനിക്കണേൽ ഒന്നും മിണ്ടാനാകാത്തപോലെ തോന്നി. അത്രയുംനേരം നല്ല മൂഡിൽ അല്ലായിരുന്ന എന്റെ മനസ്സിൽ മരുഭൂമിയിൽ മഴപെയ്‌ത പ്രതീതിയായി.

ഇത് ഏഴുതുന്നതിന്റെയിടയ്ക്കാണ് അരുൺ ഇട്ട വാട്ട്സാപ്പ് സ്റ്റാറ്റസ് കണ്ടത്.
You work hard. You make money. You do it for yourself. That's not life. You go out. You seek for people who need your help. You make their lives better. You become that sponge which can absorb all the negativity, and you become that person who can emit beautiful positive vibes and when you realize that you have changed someone's life and because if you this person didn't give up. That's the day when you live.

ശരിക്കുംപറഞ്ഞാൽ ഞാൻ ജീവിച്ച ഒരു ദിവസമായിരുന്നു അത്. അപ്പോളുണ്ടായ ആ ഒരു സന്തോഷം വർണിക്കാൻ ഇതിലും നല്ല വാക്കുകളില്ല. റോബിൻജിയുടെ തോളത്തും കൈയിട്ട് വണ്ടിയുടെ അടുത്തേക്ക് ചെന്നു. അത്രയും നേരം അവിടെ നോക്കി നിന്ന ബാക്കി വണ്ടിക്കാരൊക്കെ അടുത്തേക്ക് വന്നു. ഷൂ ഊരി വെള്ളം കളഞ്ഞെങ്കിലും കൊടും തണുപ്പും കാറ്റും കൂടി ആകുമ്പോൾ കാലെങ്ങനെ ശരിയാകാൻ. അൽപ്പം ചൂടുകിട്ടാതെ ഇത് നേരെയാക്കില്ലാ എന്ന് മനസിലായി. റോബിൻജി ആണ് അവിടെയും തുണയായി വന്നത്. രണ്ടു സോക്സ്‌ എടുത്ത് തന്നിട്ട് ഇട്ടോളാൻ പറഞ്ഞു. ആശ്വാസം. "എനിക്ക് തന്നെ ഇനിയും വണ്ടി ഓടിക്കണം" ഞാൻ പറഞ്ഞു. ആയിക്കോട്ടെ!

അത്രയും നേരത്തെ മോശം മൂഡ് മാറാൻ ഒരൽപ്പ നേരത്തെ ഒരു പ്രവർത്തിയെ വേണ്ടി വന്നുള്ളൂ. മരച്ച കാലിന്റെ വേദനയൊരു സുഖമായി തോന്നിയ നിമിഷങ്ങൾ. ദൈവ വിശ്വാസി പോലുമില്ലാത്ത ഞാൻ ഒരു ദൈവ ദൂതൻ😀

ദൈവവും ചെകുത്താനും ഒക്കെ മനുഷ്യന്മാർ തന്നെയല്ലേ ശരിക്കും? അല്ലേ? പിന്നെയുള്ള യാത്രയിലെ എൻ്റെ ചിന്ത മുഴുവൻ ഇതായിരുന്നു.

ബരലാച്ചായും, സിങ് സിങ് ബാറും ഇറങ്ങി നേരെ ജിസ്പെയിലേക്ക്.. ചെന്നിട്ട് ചൂടുവെള്ളത്തിൽ ഒരു കുളി, വീട്ടിലോട്ട് ഒരു വിളി, ഉറക്കം.ശുഭം!



ഇനി ദൂതന്മാർക്ക് കിട്ടിയ നല്ലൊരു പണി

സാഹചര്യങ്ങൾ എല്ലാം അതേപടി തന്നെ. പാങ്ങിലെ രണ്ടാമത്തെ ദിവസം രാവിലെ തൊട്ട് ഓരോ പ്രശ്നങ്ങൾ ആണ്. ഒരു ഉപകരണത്തിലെ മെമ്മറി കാർഡ് കേടായി. അഞ്ചു കിലോമീറ്റർ അകലെയുള്ള ഉപകരണത്തിലെ കാർഡ് എടുക്കാൻ പോകുന്ന വഴി വണ്ടിയിൽ ഡീസൽ തീർന്നു മൊരി പ്ലൈൻസിൽ കട്ട പോസ്റ്റ്. പെട്രോൾ പമ്പ് കാണണമെങ്കിൽ 150 കിലോമീറ്റർ പോണം. അല്ലെങ്കിൽ പാങ്ങിൽ ചെന്നാൽ ബ്ലാക്കിൽ കിട്ടും. അതിനു 30 കിലോമീറ്റർ പോകണം. ദിവസത്തിൽ ഒരിക്കൽ മാത്രം ബസ്സുള്ള  ആ റൂട്ടിൽ കന്നാസും എടുത്ത് റോഡിൽ നിന്നു കാണുന്ന വണ്ടികൾക്കെല്ലാം കൈ കാണിക്കുവാൻ തുടങ്ങി. അപ്പോളാണ് ഒരു ലോറിക്കാരൻ വണ്ടി നിർത്തി തന്നത്. പുള്ളിയുടെ കൈയിൽ ബാക്കപ്പ് ആയി ഉണ്ടായിരുന്ന 20 ലിറ്റർ ഡീസൽ അദ്ദേഹം സന്തോഷത്തോടെ തന്നു. വളരെ നന്ദിയുണ്ട്.

ഇങ്ങനെ പ്രതീക്ഷിക്കാത്ത ഓരോ പ്രശ്നങ്ങൾ വന്നതിനാൽ പാങ്ങിൽ നിന്നു ഇറങ്ങിയപ്പോൾ താമസിച്ചു. റോബിൻജി പാങ്ങിൽ നിന്നുതന്നെ സുല്ലിട്ടതിനാൽ 160 കിലോമീറ്റർ ഞാൻ ഓടിക്കണമെന്നായി. അങ്ങനെ നേരത്തെ പറഞ്ഞ വഴിയെല്ലാം കഴിഞ്ഞു ഭരതപൂർ ടെന്റ് കോളനി എത്തി. "ഇന്ന് നിങ്ങൾ ഒരു കാരണവശാലും പോകരുത്, ഒരിക്കലുമില്ലാത്തപോലെ വെള്ളമാണ്" ടെന്റിലെ സുഹൃത്ത് പറഞ്ഞു. എനിക് വണ്ടി തന്നിട്ട് ഒരു ക്വാർട്ടർ റം അടിച്ചിട്ടാണ് റോബിൻജി ഇരിക്കുന്നത്. "ഇവനിതൊന്നും ഒരു വിഷയമല്ല, expert driver from Kerala" റോബിൻജി ആടി ആടി നിന്നു പറഞ്ഞു. 'പണി പാളുവോ?' അതായിരുന്നു എന്റെ ചിന്ത. ഏതായാലും ഒരു കൈ നോക്കാം. ഞങ്ങൾ നാലയുടെ അടുത്തെത്തി. കാര്യം ശരിയാണ്. നല്ല വെള്ളം. കുത്തൊഴുക്കുള്ള സ്ഥലത്തു നല്ല കുഴിയാണ്. കുറച്ച് വശത്തേക്ക് പോയാൽ വണ്ടി മറിയും. ഇത് കടന്നുപോകാൻ പാടാണെന്നു മനസ്സു പറഞ്ഞു. ഒരു സ്‌കോർപിയോ ജീപ്പ് അവിടെ കുടിങ്ങി കിടക്കുന്നുമുണ്ട്. ഞങ്ങൾ ഇറങ്ങി ചെന്നു നോക്കി. വണ്ടിയുടെ chassis താഴെ മുട്ടിയിരിക്കുന്നു. തള്ളിയാലും നീങ്ങില്ല. അവരുടെ കൈയിൽ ഹൈഡ്രോളിക് ജാക്ക് ഉണ്ട്. ഞങ്ങൾ ജാക്ക് വച്ചു വണ്ടി പൊക്കി ടയറിന്റെ അടിയിൽ കല്ലിട്ട് വണ്ടി പൊക്കി. ആ വണ്ടിയിലുള്ളവരും ഞങ്ങളും മാത്രം. ബാക്കിയുള്ളവരാരും സഹായിക്കാൻ തയ്യാറല്ലായിരുന്നു. ഐസ് വെള്ളത്തിൽ കൈയും കാലും മരച്ചു, കല്ലിൽ തട്ടി കൈയും മുറിഞ്ഞു. മരച്ചിരിക്കുന്ന അവസ്ഥയിൽ ശരീരം എവിടെയെങ്കിലും തട്ടിയാലുള്ള വേദന അനുഭവിച്ചാലെ മനസിലാവുകയുള്ളൂ. അങ്ങനെ ആ വണ്ടി നീക്കി. ഞങ്ങളോട് പോകണ്ടായെന്നു അവരു പറയുന്നു. നമ്മൾ കടക്കും എന്ന് ഞങ്ങളും. അവരു വണ്ടിയും പുറകോട്ടെടുത്ത് തിരിച്ച് അടുത്തുള്ള ടെന്റിലേക്ക് പോയി.

ഇനി ഞങ്ങളുടെ ഊഴമാണ്. റോബിൻജി ഓടിക്കണമോ എന്നു ചോദിക്കുന്നു. മദ്യപിച്ചു വണ്ടി ഓടിക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ഞാൻ നോക്കിക്കോളാം. റെഡ്‌ഡി സാർ സ്ഥിരം നോട്ടം നോക്കി. "നമ്മൾ ഇന്ന് ജിസ്‌പ എത്തും സാർ" ഞാൻ പഞ്ച് ഡയലോഗ് അങ്ങു തട്ടി. അടിച്ച് പറത്തി ഒഴുക്ക് കൂടുതലുള്ള സ്ഥലം കടത്തി. Success! ഒരു പ്രശ്നവുമില്ലാത്ത സ്ഥലമാണ് ഇനി. ഒരു വളവും കയറ്റവും ഒരുമിച്ച് വരുന്ന സ്ഥലം. വളവിൽ ടാങ്കർ ലോറി നിർത്തിയിട്ടിയുണ്ട്. അതുകൊണ്ട് നേരത്തെ തന്നെ വളയ്ക്കണം. വളച്ചു. ശിവകൃഷ്ണ പുറത്ത് നിന്നു നിർത്തൂ നിർത്തൂ എന്ന് വിളിച്ചു പറഞ്ഞു. ഞാൻ വണ്ടി slow ആക്കി, വണ്ടിയുടെ ചലനം നഷ്ടപ്പെട്ടു. അവിടെ കിടന്നു വണ്ടി. മുന്നിലെ ടയർ തിരിച്ചപ്പോൾ പുറകിലെ ടയർ കുറച്ചു തന്നുപോയിരിക്കുന്നു. പുറത്തുനിന്ന് പറയുന്നത് കേട്ടു നിർത്താൻ പോയത് എൻ്റെ മണ്ടത്തരം. ഒരു 5 മീറ്റർ കൂടി പോയിരുന്നെങ്കിൽ മുന്നിൽ ഒരു കുഴപ്പവുമില്ലാത്ത വഴി. ഞങ്ങളും ജിസ്‌പയും തമ്മിലുള്ള ദൂരം ഇപ്പോൾ ആ 5 മീറ്ററാണ്. ഞാൻ പുറത്തു ഇറങ്ങി നോക്കി. കൈയും കാലും മരച്ചിരിക്കുകയാണ്. ഒരു മൂന്നുപേർ പുറകിൽ നിന്നു തള്ളിയാൽ കേറിപോരും. പക്ഷെ ദൈവ ദൂതന്മാരെ സഹായിക്കാൻ അന്ന് ഒരു ദൂതനും വന്നില്ല. നിമിഷ നേരംകൊണ്ട് വണ്ടിക്കടിയിലേക്ക് വെള്ളത്തിൽ വന്ന കല്ലുകൾ അടിഞ്ഞു കൂടി. Chassis തറയിൽ മുട്ടി. പെട്ടു! അപ്പോഴേക്കും പകുതി മനസ്സോടെ രണ്ടു ട്രക്ക് ഡ്രൈവർമാർ വന്നു സഹായിക്കാൻ. എന്ത് കാര്യം? റോബിൻജി അടുത്ത ക്വാർട്ടർ എവിടുന്നോ എടുത്ത് അടപ്പ് തുറന്ന് ഒറ്റയടിക്ക് മൊത്തം വെള്ളംപോലും ഒഴിക്കാതെ അകത്താക്കിയിട്ട്  വെള്ളത്തിൽ മുങ്ങി വണ്ടിക്കടിയിലേക്ക് കയറി. പറഞ്ഞാൽ മനസിലാവുമെങ്കിലല്ലേ കാര്യമുള്ളു! റോബിൻജി മൊത്തത്തിൽ ഐസ് വെള്ളത്തിൽ കുതിർന്നു. സമയം 12 മണി. പൂജ്യത്തിലും താഴെയാണ് താപനില. മുഴുവൻ നനഞ്ഞ റോബിൻജിക്ക് മദ്യം നൽകിയ ചൂട് തീർന്നപ്പോൾ മരണവെപ്രാളമായി. ശരീരം മുഴുവൻ തണുത്തു മരവിച്ചു പോയിരിക്കുന്നു. എന്റെ കാലുപോയേ കൈ പോയേ എന്നൊക്കെപറഞ്ഞു നിലവിളി തുടങ്ങി. വണ്ടിക്കകത്ത് കിടത്തി ഡ്രെസ്സ് ഊരി കമ്പിളി പുതപ്പിച്ചു കിടത്തി. കാലും കയ്യും തിരുമി ചൂടാക്കി. വേറെന്തു ചെയ്യാനാകും? കുറ്റാകൂരിരുട്ട്.

പകുതി ശരീരം നനഞ്ഞ ഞങ്ങൾക്കും മരവിപ്പ് അനുഭവപെട്ടു തുടങ്ങി. ഒന്നെങ്കിൽ തിരികെപോയി ടെന്റിൽ കിടക്കണം. അല്ലെങ്കിൽ വണ്ടിക്കകത്ത് കിടക്കുക തന്നെ ശരണം. രാവിലെ BROയുടെ JCB വന്നാലേ രക്ഷയുള്ളൂ. റോബിൻജി എങ്ങോട്ടും വരാൻ തയ്യാറായില്ല. ഒരു മണി അടുത്തപ്പോൾ വെള്ളമൊഴുക്കു നിന്നു. മഞ്ഞുരുക്ക് തീർന്നിട്ടുണ്ടാകണം. അപ്പോഴേക്കും പിന്നെ വന്ന ചില വണ്ടിക്കാർ കല്ലുകൾ അടുക്കി ഒരു വഴിയുണ്ടാക്കി യാത്ര തുടങ്ങി. ഇതെല്ലാം കണ്ട് ഞങ്ങളും. റെഡ്‌ഡി സാറിനെ അങ്ങനെയൊരു വണ്ടിയിൽ കയറ്റി ജിസ്‌പയിലേക്ക് അയച്ചു. ഞങ്ങൾ മൂന്നും ആ രാത്രി മുഴുവൻ കൊടുംതൂണുപ്പിൽ ഞങ്ങളുടെ ബൊലേറോയിൽ തന്നെ ഉറങ്ങേണ്ടിയും വന്നു. ചില വണ്ടിക്കാർ വന്നിട്ട് എങ്ങോട്ടേലും പോകൂ, ഇവിടെ കിടന്നാൽ തണുത്തു മരിച്ചു പോകുമെന്ന് വരെ പറഞ്ഞു. എന്ത് ചെയ്യാൻ? വണ്ടിയും പുറകിൽ കിടന്ന് ഉറങ്ങുന്ന ആളെയും ഇട്ടിട്ട് എങ്ങനെ പോകാനാണ്.

അമിതാവേശത്തിനും പ്രഹസനത്തിനും കിട്ടിയ നല്ല ഉഗ്രൻ പണി. പക്ഷെ ഇതൊക്കെ ഒരു ജീവിതനുഭവമായി എടുക്കേണ്ടേ? ജാക്കറ്റ് മാത്രം വച്ചു ഞാനും ശിവയും ആ രാത്രി തള്ളി നീക്കി. നനയാത്ത സോക്സ്‌ ഇല്ലാത്തതിനാൽ കാൽ മരച്ചുതന്നെ. ഒരൽപ്പം ചൂടിനുവേണ്ടി ഞങ്ങൾകൊതിച്ചു. വായു കുറവായതിനാൽ കൈയിലുള്ള ലൈറ്റർ പോലും കത്തില്ല. ഇനി രാവിലെ വരെ തള്ളി നീക്കുക തന്നെ.

പാഗൽ നാലയിൽ വണ്ടി കുടുങ്ങിയപ്പോൾ. രാവിലെയെടുത്ത പടം.

ദൈവ ദൂതന്മാരെ സഹായിക്കാൻ ഒരു ദൂതന്മാരും രാവിലെയും തയ്യാറായില്ല. തലേന്ന് സഹായിച്ചു വിട്ട വണ്ടിക്കാരുപോലും രാവിലെ നിർത്തി തന്നില്ല. ഞങ്ങളെ കൂടാതെ രണ്ടു ലോറികളും രാത്രി എപ്പളോ വന്നു കുടുങ്ങിയിട്ടുണ്ട്. ഞങ്ങൾ ശ്രമിച്ചു നോക്കിയെങ്കിലും വണ്ടി അനങ്ങുന്നില്ല. അപ്പോളാണ് മണാലിയിൽനിന്നുള്ള കുറച്ചു ഫ്രീക്കന്മാർ 4×4 ജിപ്സിയുമായി വരുന്നത്. ഞങ്ങൾ ചോദിക്കാതെ തന്നെ അവർവന്നു നിർത്തി സഹായിക്കാമെന്ന് പറഞ്ഞു. അവരുടെ കയ്യിൽ ഉണ്ടായിരുന്ന vehicle towing rope ഉപയോഗിച്ച് വണ്ടി വലിച്ചു കയറ്റി. അവരോടുള്ള നന്ദി പറഞ്ഞാൽ തികയില്ല.

കുടുങ്ങിയ സമയത്തു ഒരു മൂന്നു പേർ സഹായിച്ചിരുന്നെങ്കിൽ ആ രാത്രി മുഴുവൻ ഞങ്ങൾക്ക് ആ തണുപ്പത്ത് കിടക്കേണ്ടി വരില്ലായിരുന്നു. ഈ ദൈവവും ചെകുത്താനുമൊക്കെ മനുഷ്യർ തന്നെയല്ലേ?

ഒരു സഹായവും കിട്ടാതെ അവിടെ കിടന്നപ്പോൾ ഇനി ആരെയും സഹായിക്കരുതെന്നൊക്കെ തോന്നിയെങ്കിലും ജിസ്പയിൽ ഉണ്ടായിരുന്ന കാലം വരെ ഞങ്ങളുടെ സഹായ ഹസ്തങ്ങൾ ഭരതപൂർ പാഗൽ നാലയിൽ ഉണ്ടായിരുന്നു.



(ചില സാങ്കേതിക കാരണങ്ങളാൽ ഈ ഭാഗത്തിൽ 11 ഓഗസ്റ്റ് 2020 വരെ ലഭിച്ച കമെന്റുകൾ കഴിഞ്ഞ ഭാഗത്തിലാണ് (മൂന്നാം ഭാഗം) കാണുവാൻ സാധിക്കുന്നത്. ഈ ഭാഗത്തിൽ കാണുന്ന കമെന്റുകൾ കഴിഞ്ഞ ഭാഗത്തിലേതുമാണ്.) 

10 comments :

  1. Nice bro.. inspirational..❤️

    ReplyDelete
  2. Ajuuuu... Kollam... There is something special about ur writing.. Very detailed.. I was able to visualize what u were trying to convey. Good job...

    ReplyDelete
  3. Da uvve ee lokathinte kendram neeyalla.. fav scentence ..Motivation..��������

    ReplyDelete
  4. "പലപ്പോഴും നമ്മളാണ് വലിയ സംഭവം എന്നുള്ള ഒരു ചിന്ത നമ്മളിലുണ്ടാകും, നമ്മളുടെ പ്രശ്നങ്ങളാണ് ഏറ്റവും വലിയ പ്രശ്നങ്ങൾ എന്നൊക്കെ തോന്നിപോകാം. സ്വാഭാവികം. നമ്മൾ ഒരു നിസ്സാരനാണ് എന്ന് മനസിലാക്കുന്നയിടത്ത് പ്രശ്നങ്ങൾ അവസാനിക്കുന്നു. അതുകൊണ്ട് ഉള്ള സമയത്ത് സഹജീവികളെ സ്നേഹിച്ച് നല്ലത് മാത്രം ചിന്തിച്ചും ചെയ്തും ജീവിക്കാം"

    ReplyDelete

Related Posts Plugin for WordPress, Blogger...