----------------------------
Himalayas 2019 ഇലെ മറ്റുഭാഗങ്ങളിലെക്കുള്ള ലിങ്കുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക 👇
----------------------------
ഗാട്ടാ ലൂപ്‌സിലെ പ്രേതം!
ജിസ്പയിൽ നിന്നും ജോലികൾ ഞങ്ങൾ അതിവേഗം തീർത്തുകൊണ്ടിരുന്നു. മൂന്ന് ദിവസത്തേക്കുള്ള ബാറ്ററികളും അവശ്യ സാധനകളുമായി ജിസ്പയിൽ നിന്ന് ഏകദേശം 160 കിലോമീറ്റര് ദൂരെയുള്ള പാങ്ങിൽ താമസിച്ചാണ് ജോലികൾ നടക്കുന്നത്. ജിസ്പയ്ക്കും ലേയ്ക്കും ഇടയിൽ യാത്രക്കാർക്ക് ഒരു രാത്രി തങ്ങുവാനുള്ള സൗകര്യങ്ങളുള്ള സ്ഥലമാണ് പാങ്ങ്. ചെറിയ സജീകരണങ്ങളുള്ള മെഡിക്കൽ സംവിധാനങ്ങളും താമസിക്കുവാനായി താത്കാലികമായി പണിതിരിക്കുന്ന ചെറിയ മുറികളോട് കൂടിയ റസ്റ്റോറന്റുകളും പാങ്ങിലുണ്ട്. നേരത്തെ പറഞ്ഞിരുന്നതുപോലെ മൊബൈൽ സിഗ്നലുകളൊന്നും അവിടെയും ലഭിക്കില്ല. വൈകുന്നേരം ഇരുട്ടുമ്പോൾ മുതൽ രാത്രി പതിനൊന്നു മണിവരെ ജനറേറ്റർ പ്രവർത്തിപ്പിച്ചു വൈദ്യതി ലഭിക്കും. അത് വെളിച്ചത്തിനും മൊബൈൽ ചാർജ് ചെയ്യുവാനും മാത്രമാണ് ഉപയോഗിക്കുവാനാവുന്നത്. അതിനാൽ പാങ്ങിൽ മൂന്നോ നാലോ ദിവസം തങ്ങുമ്പോൾ പുറം ലോകവുമായുള്ള എല്ലാ ബന്ധവും നിലയ്ക്കും. ലേയിൽ നിന്നും വന്നിരിക്കുന്ന ആളുകളാണ് പാങ്ങിലെ കച്ചവടങ്ങളും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. മൂന്നോ നാലോ മാസം അവിടെ തങ്ങി മഞ്ഞു വീഴ്‌ച തുടങ്ങുമ്പോൾ അവർ തിരികെ പോകുന്നു. അങ്ങനെയാണ് അവിടുത്തെ കാര്യങ്ങൾ. ലഡാക്കിൽ നിന്നുള്ള നല്ലവരായ അമ്മമാർ നടത്തുന്ന ലുങ്താ എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ഇവരെപ്പോലെ തന്നെ ബോർഡർ റോഡ് ഓർഗനൈസഷൻ കൊണ്ടുവന്നിരിക്കുന്നു ബിഹാറിൽ നിന്നുള്ള കൂലിപ്പണിക്കാരും ടെന്റുകൾ കെട്ടി പാങ്ങിൽ താമസിക്കുന്നുണ്ട്. ഇവരെല്ലാവരും പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ മാസങ്ങളോളം അവിടെ കഴിയുന്നവരാണ്. ഇടയ്ക്ക് ഏതെങ്കിലും വാഹനങ്ങളിൽ കയറി ലേയ്ക്ക് അടുത്തുള്ള ഉപ്ഷിയിലോ കാരുവിലോ പോയി അവർ വീടുകളിലേക്ക് വിളിക്കും. ഇതിനെല്ലാം പുറമേ ഒരു ആർമി ക്യാമ്പും പാങ്ങിലുണ്ട്. ചൈന അതിർത്തിയിലേക്കുള്ള സാധനങ്ങളുമായി കിലോമീറ്ററുകൾ താണ്ടിയെത്തുന്ന ആർമി വാഹനങ്ങൾ നിർത്തി വിശ്രമിക്കുവാനുള്ള ഒരു ക്യാമ്പ് ആണത്. മൊബൈൽ ഫോണിനും സോഷ്യൽ മീഡിയയ്ക്കും അഡിക്റ്റ് ആയിട്ടുള്ള ആളുകൾക്ക് ഇങ്ങനെയൊരു ജീവിതം താങ്ങാൻ സാധിക്കുമോ എന്ന് ഞാൻ ആലോചിച്ചു.
പാങ്ങിൽ നിന്നുമുള്ള ഒരു ദൃശ്യം |
ഞങ്ങൾ താമസിച്ച ലുങ്താ ഹോട്ടൽ |
ജിസ്പയിൽ നിന്നും രണ്ടു വണ്ടിയിലാണ് ഞങ്ങൾ പാങ്ങിലേക്ക് പോകാറുണ്ടായിരുന്നത്. ഒരു വണ്ടി നമ്മളുടെ സ്വന്തം റോബിൻജിയുടെ ബൊലേറോയും. രണ്ടാമത്തേത് ജിസ്പയിലുള്ള ഒരാളുടെ ബൊലേറോയും ആണ്. രണ്ടാമത്തെ വണ്ടിയുടെ ഡ്രൈവർ രാഹുൽ എന്ന നേപ്പാൾ സ്വദേശിയാണ്. ഇരുപത്തി രണ്ടു വയസു മാത്രമുള്ള രാഹുൽ ജനിച്ചതും വളർന്നതുമൊക്കെ മണാലിയിലാണ്. നേപ്പാൾ കണ്ടിട്ടുപോലുമില്ല എന്നാണ് രാഹുൽ പറയുന്നത്. ചെറുപ്പത്തിന്റെ എല്ലാ ചോരത്തിളപ്പുമുള്ള ആളാണ് രാഹുൽ. അതിവേഗത്തിൽ വണ്ടിയോടിക്കുക എന്നതാണ് രാഹുലിൻ്റെ പ്രധാന ഹരം. അങ്ങനെ ബാരലാച്ചാ പാസ്സും, സർച്ചുവും കടന്ന് ഞങ്ങൾ പലതവണ പാങ്ങിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. അൽപ്പം നിരപ്പുള്ള പ്രദേശമാണ് സർച്ചു, റോഡിൻറെ ഇരു വശവും അൽപ്പം നിരപ്പും പിന്നീട് വലിയ മലകളും. റോഡിനു ചേർന്ന് ട്സരാപ്പ് നദിയും ഒഴുകുന്നത് കാണാനാകും.
സർച്ചുവും ട്സരാപ്പ് നദിയും |
സർച്ചുവിൽ നിന്നുള്ള ഒരു ചിത്രം |
സർച്ചു മുതലാണ് ലഡാക്ക് പ്രദേശം ആരംഭിക്കുന്നത്. സർച്ചുവിലും രാത്രി താങ്ങുവാനുള്ള ചെറിയ ടെന്റുകൾ ലഭ്യമാണ്. പക്ഷെ രാത്രി പൂജ്യം ഡിഗ്രീ സെൽസ്യസിൽ താഴെ തണുപ്പും വേഗമേറിയ ശീത കാറ്റും അവിടെ സ്ഥിരമാണ്. സർച്ചുവിലെ ടെന്റിലെ രാത്രികളൊന്നും അതിനാൽ എനിക്ക് മറക്കാനാവാത്തവയാണ്. സർച്ചു കഴിഞ്ഞു മുന്നോട്ട് പോകുമ്പോളാണ് ഗട്ടാ ലൂപ്‌സ് എത്തുന്നത്. നമ്മളുടെ രീതിയിൽ പറഞ്ഞാൽ ചുരം എന്നും പറയാം. 21 ഹെയപ്പിൻ വളവുകൾ കയറി മുകളിലെത്തുമ്പോൾ നമ്മൾ 4290 മീറ്ററിൽ നിന്നും 4667 മീറ്റർ ഉയരത്തിൽ എത്തിച്ചേരും. ഏകദേശം 400 മീറ്ററോളം ഉയരത്തിലേക്കാണ് നമ്മൾ പെട്ടെന്ന് എത്തുന്നത്. ഹെയർ പിൻ വളവുകൾ കടന്നു കുറച്ചുകൂടെ മുന്നിലേക്ക് ചെന്നാൽ 4769 മീറ്റർ ഉയരത്തിലുള്ള നക്കീല പാസ്സിലും എത്തി ചേരും. മണാലി ലേഹ് ഹൈവേയിലെ മൂന്നാമത്തെ മൗണ്ടൈൻ പാസ്സാണത്.
ഗട്ടാ ലൂപ്‌സ് (മുകളിൽ നിന്നുള്ള ചിത്രം) |
ഗട്ടാ ലൂപ്‌സിൽ നിന്നുള്ള മറ്റൊരു ദൃശ്യം |
ഗട്ടാ ലൂപ്‌സ് ഹെയർ പിൻ വളവുകൾ അവസാനിക്കുന്നയിടം. ചിത്രത്തിൽ റോബിൻജിയേയും റെഡ്‌ഡി സാറിനെയും കാണാം. |
നക്കീല പാസ്സ് |
അങ്ങനെ ആദ്യമായി രാഹുലുമായി ആ വഴി പോയപ്പോളാണ് ആ കഥ ഞാൻ കേൾക്കുന്നത്. 21 ഹെയർപ്പിന്നുകളിൽ പകുതിയാകുമ്പോൾ ഒരു വളവിൽ കുറെയധികം കുപ്പികൾ കൂടികിടക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു. രാഹുൽ ഒരു കുപ്പിയിൽ കുറച്ചു വെള്ളമിരുന്നത് അങ്ങോട്ടേയ്ക്ക് അറിയുവാനായി പുറകിലെ സീറ്റിലുള്ള രാജുവിനോട് പറഞ്ഞു. ഇതെന്തു വട്ടാണ്? മൂന്നു ദിവസത്തേയ്ക്ക് കുടിക്കുവാനുള്ള വെള്ളം കടയിൽനിന്നും വാങ്ങിയിട്ടാണ് വന്നിരിക്കുന്നത്. അപ്പോളെന്തിനാണ് വെള്ളം എറിഞ്ഞു കളഞ്ഞതെന്ന് ഞാൻ രാഹുലിനോട് ചോദിച്ചു. "അവിടെ കുറച്ച് വെള്ളം ഇട്ടില്ലെങ്കിൽ അപകടമാണ് സാർ" രാഹുൽ പറഞ്ഞു. "എൻ്റെ പൊന്ന് രാഹുലേ കാര്യം പറ". ഞാൻ ചോദിച്ചു. "ഗട്ടാ ലൂപ്‌സിൽ ഒരു പ്രേതമുണ്ട് സാർ" രാഹുൽ പറഞ്ഞു. ഈ വഴിക്ക് മൊത്തം പ്രേതകഥകൾ ആണല്ലോയെന്ന് ഞാൻ മനസ്സിലോർത്തു. രാഹുൽ കഥ തുടർന്നു. വളരെ പണ്ട് സംഭവിച്ച ഒരു സംഭവമാണ്. മഞ്ഞു വീഴ്ച ആരംഭിക്കുമ്പോൾ മണാലി - ലേഹ് ഹൈവേ അടയ്ക്കും. പിന്നീട് അതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണ്. വഴിയിൽ മഞ്ഞു വീഴുന്നതിനാൽ ടയർ തെന്നി വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ സംഭവിക്കാം. അങ്ങനെയിരിക്കെ മഞ്ഞു വീഴ്ച്ച ആരംഭിക്കുന്ന സമയത്താണ് ലേയിലേക്കുള്ള സാധങ്ങളുമായി ഒരു ലോറി അതുവഴി വരുന്നത്. ഡ്രൈവറും ക്ലീനറും മാത്രമാണ് ഉള്ളത്. ഗട്ടാ ലൂപ്സ് എത്തിയപ്പോളേക്കും റോഡിൽ മുഴുവനും മഞ്ഞു വീണിരിക്കുന്നതാണ് അവർ കണ്ടത്, പക്ഷെ എങ്ങനെയും ലേയിൽ എത്തുകയും വേണം. അങ്ങനെ 21 ഹെയർ പിന്നുകൾ കടക്കുന്നതിനിടെ ഒരു വളവിൽ ലോറി നിന്നുപോവുകയുണ്ടായി. ഡ്രൈവർ ക്ലീനറോടു ടയറിനടിയിൽ കല്ല് വയ്ക്കുവാൻ ആവശ്യപ്പെട്ടു. കല്ലുകൾ വച്ചു വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ലോറി പിന്നിലേയ്ക്ക് തെന്നി നീങ്ങി ക്ലീനർ വാഹനത്തിനടിയിൽ പെട്ടു. ഇതുകണ്ട് പേടിച്ച ഡ്രൈവർ, ക്ലീനർ മരണപ്പെട്ടുവെന്നു കരുതി അദ്ദേഹത്തെ അവിടെയുപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നാണ് പറയപ്പെടുന്നത്. കൊടും തണുപ്പത്ത് കിടന്ന് പരിക്കുകളേറ്റ ക്ലീനർ അവിടെവച്ച് മരണപ്പെട്ടുവത്രേ. അതിനുശേഷം അതുവഴി കടന്നുപോകുന്നവർ ആ ക്ലീനറുടെ പ്രേതത്തെ കണ്ടുതുടങ്ങിപോലും. അൽപ്പം വെള്ളം ആവശ്യപ്പെട്ടു ആ പ്രേതം വാഹനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടും. വെള്ളം നൽകാതെ പോകുന്നവർ മുന്നിലേയ്ക്കുള്ള യാത്രയിൽ അപകടത്തിൽ പെടും എന്നാണ് വിശ്വാസം. അതിനാൽ പിന്നീട് ക്ലീനർ മരിച്ച സ്ഥലത്തു ഒരു അമ്പലം നിർമിച്ചു അവിടെ യാത്രക്കാർ ഒരു കുപ്പിയിൽ വെള്ളം ഇട്ടു തുടങ്ങി. വെള്ളം നൽകി പോയാൽ ഒരു ആപത്തും സംഭവിക്കില്ല എന്നാണ് അവിടെയുള്ളവരുടെ വിശ്വാസം. അൽപ്പം ഭയത്തോടെ ഇതെല്ലം എനിക്ക് പറഞ്ഞു തന്ന രാഹുൽ എല്ലാവട്ടവും അവിടെ ഒരു കുപ്പിയിൽ വെള്ളമോ ഒന്നോ രണ്ടോ ബീഡിയോ ഇടുന്നത് പതിവായി ഞാൻ കാണാറുണ്ട്.
ഗട്ടാ ലൂപ്‌സിൽ കുപ്പികൾ ഇടുന്ന ഭാഗം |
ആ വഴി പോകുന്ന എല്ലാ ടൂറിസ്റ്റ് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരും ഇങ്ങനെ ചെയ്യാറുണ്ട്. മണാലിയിൽ നിന്നും വരുന്ന രാഹുലിന് അവൻ്റെ ആശാൻ പറഞ്ഞു കൊടുത്തതാണ് ഈ കഥയും ആചാരവും. ഇതവർക്ക് ആത്മബലം കിട്ടുവാനുള്ള ഒന്നാണ് എന്ന് എനിക്ക് മനസിലായത്. എല്ലായിടത്തും അപകടം പതുങ്ങിയിരിക്കുന്ന വഴിയാണ് മണാലി - ലേഹ് ഹൈവേ. ഒരു നിമിഷത്തെ അശ്രദ്ധ അപകടങ്ങൾ ഉണ്ടാക്കാം. അങ്ങനെയിരിക്കെ അവിടെ വെള്ളം നൽകിയാൽ മുന്നിലേയ്ക്കുള്ള വഴിയിൽ ഒരു അപകടവും ഉണ്ടാകില്ല എന്ന ആത്മബലം രാഹുലിന് കിട്ടുന്നതുപോലെ എനിക്ക് തോന്നി. അല്ലെങ്കിൽ ഒരു ഭയം അവനിൽ ഉണ്ടാകും. അതും ഒരുപക്ഷെ അപകടങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാം. പക്ഷെ ഈ കഥകൾ ഒന്നുമറിയാത്ത പുറത്തുനിന്നും വരുന്ന യാത്രികർക്ക് അതൊരു പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിക്കുന്ന സ്ഥലം മാത്രമാണെന്ന് എനിക്ക് മനസ്സിലായി. കാരണം മിക്ക കുപ്പികളിലും വെള്ളമില്ല എന്നുള്ളതാണ് വാസ്തവം 😂. പ്രേതത്തെയും പറ്റിച്ചു! റോബിൻജിയുടെ വാഹനത്തിൽ അതുവഴി കടന്നുപോകുമ്പോൾ ഞങ്ങൾ ഏതായാലും ഒരിക്കൽ പോലും അങ്ങനെയൊരു പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയിട്ടില്ല. പ്രേതം എന്ത് ചെയ്യും എന്നൊന്ന് അറിയണോലോ 😈 ! പ്ലാസ്റ്റിക് കുപ്പികളുടെ ഒരു ചെറിയ കൂമ്പാരമാണ് ഇന്നവിടെ കാണുവാൻ സാധിക്കുന്നത്. Untouched Paradise എന്ന് ആളുകൾ വിശേഷിപ്പിക്കുന്ന ലഡാക്കിനെ മലിനപ്പെടുത്തുന്ന ഒരു സ്ഥലം. രാഹുലിനെ പറഞ്ഞു മനസിലാക്കി കുപ്പികൾ ഉപേക്ഷിക്കുന്നത് നിർത്തണമെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും രാഹുലിന് അവൻ്റെ വിശ്വാസം തന്നെയായിരുന്നു മുഖ്യം.
----------------------------
Himalayas 2019 ഇലെ മറ്റുഭാഗങ്ങളിലെക്കുള്ള ലിങ്കുകൾ 👇
ഹൈദരാബാദിൽ നിന്നും മണാലിയിലേക്ക് | Himalayas 2019 | C#01
മണാലിയിൽനിന്നും റോഹ്‌താങ് പാസ്സ് കടന്ന് ജിസ്പയിലേക്ക് | Himalayas 2019 | C#02
ദൈവദൂതന്മാരും ദൂതന്മാർക്ക് കിട്ടിയ പണിയും | Himalayas 2019 | C#03
ജിസ്പയും യാത്രയ്ക്കിടെ കേട്ട ചില കഥകളും | Himalayas 2019 | C#04
----------------------------
No comments :
Post a Comment