Saturday, 30 April 2022

കോവിഡിന് ശേഷമുള്ള ആദ്യ ഫീൽഡ് ട്രിപ്പ്! | Part 1

കോവിഡിന് ശേഷമുള്ള ആദ്യ ഫീൽഡ് ട്രിപ്പ് തുടങ്ങിയിരിക്കുന്നു. ജോലി സംബന്ധമായിട്ടുള്ള ഡാറ്റാ ശേഖരണത്തിനുള്ള യാത്രയാണ് ഫീൽഡ് ട്രിപ്പ്. ഇത്തവണയും പഞ്ചാബും ഹിമാചൽ പ്രദേശുമാണ് സന്ദർശിക്കേണ്ട സ്ഥലങ്ങൾ. 2018 ഇലും ഈ സംസ്ഥാനങ്ങളിൽ ഫീൽഡ് ട്രിപ്പ് ആയി വന്നിരുന്നു. ഒരിക്കൽകൂടി പ്രിയപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരമാണിത്. എന്നാൽ കോവിഡിന് ശേഷമുള്ള ആദ്യത്തെ നീണ്ടുനിൽക്കുന്ന യാത്ര എന്ന പ്രത്യേകതയുമുണ്ട് ഈ യാത്രക്ക്. കോവിഡ് എല്ലാവരിലും കൊണ്ടുവന്നിരിക്കുന്നപോലെ ചില മാറ്റങ്ങൾ എന്നിലുമുണ്ട്. ഈ യാത്ര എന്നെ എങ്ങനെ സ്വാധീനിക്കുമെന്ന് എനിക്കുതന്നെ ഒരുപിടിയുമില്ല. വേണമെങ്കിൽ ഒരു പരീക്ഷണ യാത്രയായി കണക്കാക്കാം.

കോവിഡിന് വന്നതിനുശേഷം മസ്‌കില്ലാതെ പുറത്തിറങ്ങുന്നത് ഒരു ബുദ്ധിമുട്ടായി മാറിയിരുന്നു. അവസാനം കോവിഡ് പിടിപെട്ടുകഴിഞ്ഞാണ്‌ മസ്‌കില്ലാതെ പുറത്തിറങ്ങാനൊക്കെ സാധിച്ചുതുടങ്ങിയത്. ഇങ്ങനെ പലതരം പ്രശ്നങ്ങളാണ് തരണം ചെയ്യാനുള്ളത്.

ഹൈദരാബാദിൽ നിന്നും ട്രൈനിലാണ് യാത്രാപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഡൽഹി വരെ ദുരന്തോയിലും അവിടുന്ന് പഠാൻകോട്ടിലേക്ക് ദൗലദാർ എക്സ്പ്രസിലുമാണ് ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നത്. ഏപ്രിൽ മൂന്നാം തീയതി ഉച്ചയ്ക്ക് സെക്കൻഡറാബാദിൽ നിന്നു തുടങ്ങുന്ന ദുരന്തോയിലെ യാത്ര നാലാം തീയതി രാവിലെ ഡൽഹിയിൽ അവസാനിക്കും. സെക്കൻഡ് AC ടിക്കറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതിനാൽ തിരക്കുകൾക്കിടയിലുള്ള യാത്ര ഒഴിവാക്കാനായി. എന്നാൽ കോവിഡിന് ശേഷമുള്ള ആദ്യ ട്രെയിൻ യാത്രയാണ്. കൂടാതെ ഒറ്റയ്ക്കും. കൈയിൽ ലാപ്ടോപ്പ് ഉൾപ്പടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ ഉള്ളതിന്റെ ഒരു അധിക ശ്രദ്ധയുണ്ട്. ദുരന്തോ ആയതിനാൽ വണ്ടിക്ക് സ്റ്റോപ്പുകൾ കുറവാണ്. മിക്കവാറും ഡൽഹി വരെ യാത്ര ചെയ്യുന്നവരാണ് വണ്ടിയിലുള്ളത്. ആയതിനാൽ പല ആളുകൾ കയറിയിറങ്ങുന്ന പ്രശ്നമില്ല. എന്റെ അടുത്ത സീറ്റുകളിൽ ഒരു കുടുംബത്തിലെ അംഗങ്ങളാണുള്ളത്. ഒരു ചേട്ടനും ചേച്ചിയും അവരുടെ ചെറിയ രണ്ട് പെണ്‌കുട്ടികളും. ട്രെയിൻ യാത്ര ആരംഭിച്ച് അല്പനേരം കഴിഞ്ഞു ഞാൻ ഇരുപ്പ് അവസാനിപ്പിച്ച് എന്റെ അപ്പർ ബെർത്തിലേക്ക് കയറി കിടന്നു. ആരോടും സംസാരിക്കാനോ പരിചയപ്പെടാനോ തോന്നിയില്ല. മസ്‌ക്ക് ഊരി ബാഗിനുള്ളിൽ സുരക്ഷിതമായി വച്ചു. ട്രൈനിനുള്ളിൽ എന്ത് കൊറോണ? അല്ലേൽതന്നെ ഇനിയെന്ത് കൊറോണ! ഞാൻ സ്വയം എന്നൊടുത്തന്നെ പറഞ്ഞു.

ദുരന്തോ ആയതിനാൽ സമയാസമയം ഭക്ഷണങ്ങൾ എത്തിക്കൊണ്ടിരുന്നു. എനിക്ക് ഇഷ്ടപെട്ട ഒരു കാര്യമാണിത്. ACയിൽ സുഖമായി കിടന്നു ഉറങ്ങുക. സമയാസമയം ഫുഡ് സർവീസ് ചെയ്യുന്ന ആളെത്തി നമ്മളെ വിളിച്ചുണർത്തി ഭക്ഷണം നല്കിക്കൊള്ളും. ആഹാ എന്താ സുഖം! പക്ഷെ യാത്ര പ്രതീക്ഷിച്ച പോലെ സുഖമുണ്ടായിരുന്നില്ല. ലാപ്ടോപ്പ് അടങ്ങിയ ഒരു ബാഗ് തലയ്ക്ക് സമീപം സുരക്ഷിതമായി വച്ചിട്ടാണ് കിടപ്പ്. തുണികൾ അടങ്ങിയ മറ്റൊരു ബാഗ് പോയാൽ പോട്ടെ എന്നു കരുതി സീറ്റിനടിയിലാണ് വച്ചിരിക്കുന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരു സുഖം കിട്ടാത്തതുപോലെ അനുഭവപെട്ടു. എങ്ങനെയെങ്കിലും ഒന്നു ഡൽഹി എത്തിയാൽ മതിയായിരുന്നു എന്നായി ചിന്ത.

രാവിലെ ഡൽഹിയിലെത്തിയാൽ പിന്നെ രാത്രിയാണ് അടുത്ത വണ്ടി. അതുവരെ ഡൽഹി IIT യിൽ PhD ചെയ്യുന്ന സുഹൃത്തുക്കളായ ശരണിന്റെയും സൂരജിന്റെയും വീട്ടിൽ പോയിരിക്കാനാണ് പ്ലാൻ. ഇപ്പോൾ അവരെകൂടാതെ ആഷിഷും അവിടെയുണ്ട്. ഒരു പകൽ അവരുടെ കൂടെ...



No comments :

Post a Comment

Related Posts Plugin for WordPress, Blogger...