Monday 7 June 2021

ഒരു സ്വിസ്സ് ബിയർ അനുഭവം



"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്"
- ബെന്യാമിൻ 

കുഞ്ഞുനാളുമുതലെ മനസ്സിൽ കയറിക്കൂടിയ സ്ഥലമാണ് സ്വിറ്റ്സർലൻഡ്. സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരത്തിൽ ആൽപ്സ്  മലനിരകളിലേയ്ക്കുള്ള യാത്രയ്ക്കിടെ ചിത്രീകരിച്ച സ്വിസ്സ് ഗ്രാമ ഭംഗി മനസ്സിൽ പതിഞ്ഞുപോയി. പിന്നെ ഇടയ്ക്കിടെ സ്വിറ്റ്സർലൻഡ് കാഴ്ചകൾ ഇന്റർനെറ്റിൽ തിരയുന്നത് പതിവായി. എല്ലാവരും സാധാരണയായി പരസ്‌പരം ചോദിക്കുന്ന ഒരു ചോദ്യമാണ് പോകാൻ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥലമേതാണെന്ന്. എന്റെ മനസ്സിൽ എന്നും ഉത്തരം സ്വിറ്റ്സർലൻഡ് ആയിരുന്നു. എന്നെങ്കിലും ആവശ്യത്തിന് പൈസ ഒത്തുവരുമ്പോൾ സ്വിറ്റ്സർലൻഡിൽ പോകണം, അതായിരുന്നു എൻ്റെ ആഗ്രഹം.


അങ്ങനെയിരിക്കുമ്പോളാണ് 2018 ആഗസ്റ്റിൽ ഗവേഷണവുമായി ബന്ധപ്പെട്ടു ഡെന്മാർക്കിൽ നടക്കുന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. സ്കാൻഡനേവിയൻ രാജ്യങ്ങളും എനിക്ക് പ്രിയപ്പെട്ടത് തന്നെ. പച്ചപ്പും, തണുപ്പും, ഭാഗിയുള്ള നിർമ്മിതികളും, വൃത്തിയുള്ള പൊതുവിടങ്ങളുമാണ് എന്നെ എന്നും ആകർഷിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ഞാൻ ഡെൻമാർക്ക്‌ പോകുവാൻ തയ്യാറെടുത്തു. വിമാനച്ചിലവും താമസത്തിനുള്ള ചിലവും കോൺഫറൻസ് സംഘാടകർ നൽകും. അത് വലിയൊരു ആശ്വാസമാണ്. വലിയ ചിലവുകളൊന്നുമില്ലാതെ ഡെൻമാർക്ക്‌ കാണാം. എന്നാൽ അതുമാത്രം പോരാ! ഞാൻ ഒന്നുകൂടെ ചിന്തിച്ചു. ഷെങ്കൻ വിസയാണ് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുവാൻ ആവശ്യമായിട്ടുള്ളത്. അപ്പോൾ ഈ ഒരൊറ്റ വിസയുമായി വേണമെങ്കിൽ എനിക്ക് സ്വിറ്റ്സർലൻണ്ടിലും പോകാം. ഞാൻ അതിൻ്റെ സാധ്യതകളെപ്പറ്റി അന്വേഷിച്ചു. ശരിയാണ്, ഷെങ്കൻ വിസ മാത്രം മതി. അങ്ങനെ ഏതു വിധേനയും സ്വിറ്റസർലണ്ടിൽ കാലുകുത്തുമെന്ന് ഞാൻ ഉറപ്പിച്ചു. ഒരൊറ്റ യാത്രകൊണ്ട് പരമാവധി രാജ്യങ്ങളിൽ കാലുകുത്തണം! എന്നാൽ ഇവിടെമെല്ലാം വിശദമായി കാണാനുള്ള കാശ് എൻ്റെ കൈയിലില്ല താനും.

അങ്ങനെ ഞാൻ പദ്ധതി തയ്യാറാക്കി. ഡെന്മാർക്കിലോട്ടുള്ള യാത്ര ജർമനിയുടെ ലുഫ്താൻസാ വിമാനത്തിലാക്കാൻ തീരുമാനിച്ചു. അതാകുമ്പോൾ ജർമനിയിലെ മ്യുണിക്കിൽ നിന്നാണ് കണക്ഷൻ വിമാനമുള്ളത്. വിമാനത്താവളത്തിൽ ആണെങ്കിലും ജർമൻ മണ്ണിലൊന്നു കാലുകുത്താമല്ലോ! അവിടെ നിന്ന് ഡെന്മാർക്കിലെ കോപ്പൻഹേഗനിലോട്ടാണ് പിന്നീടുള്ള വിമാനം. കോപ്പൻഹേഗനിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയുള്ള ഹെൽസിംഗോർ എന്ന സ്ഥലത്തുവച്ചാണ് കോൺഫറൻസ്. കടൽത്തീരത്തുള്ള ഈ ഹെൽസിംഗോർ പട്ടണത്തിൽനിന്നും ഒരു ചെറിയ കപ്പലിൽ നമുക്ക് തൊട്ടപ്പുറത്തുള്ള സ്വീഡനിലെ ഹെൽസിംഗ്‌ബോർഗ് എന്ന സ്ഥലവും കാണാം. അപ്പോൾ മൂന്നു രാജ്യങ്ങളായി. ഇനിയാണ് എൻ്റെ പ്രധാനപ്പെട്ട സ്വപ്ന രാജ്യമായ സ്വിറ്റ്സർലൻഡ്! ഡെന്മാർക്കിൽ നിന്നും തിരിച്ച് ഡൽഹിയിലോട്ടുള്ള വിമാനം ഞാൻ സ്വിറ്റസർലണ്ടിന്റെ സ്വിസ്സ് എയർ വിമാനത്തിൽ ബുക്ക് ചെയ്തു. അതിനൊരു പ്രത്യേകതയുണ്ട്. ഉച്ച കഴിയുന്നതോടെ സ്വിറ്റസർലണ്ടിലെ സ്യൂറുഹ്ക്കിൽ (Zurich) എത്തിയാൽ പിന്നീടുള്ള വിമാനം ഏകദേശം ഇരുപതു മണിക്കൂറുകൾക്ക് ശേഷം പിറ്റേന്ന് ഉച്ചയ്ക്കാണ് ഡൽഹിയിലോട്ട് പുറപ്പെടുക. ഏകദേശം ഇരുപതു മണിക്കൂർ എനിക്ക് സ്വിറ്റസർലണ്ടിൽ ലഭിക്കും. ഇതിൽ കൂടുതൽ എനിക്കെന്ത് വേണം. തൽക്കാലം ആൽപ്സ് കാണാൻ പറ്റിയില്ലെങ്കിലും ഉള്ളതുവച്ച് തൽക്കാലം സ്യൂറുഹ്ക്ക് സിറ്റിയെങ്കിലും കണ്ടുവരാമെന്ന് ഞാൻ ആശ്വസിച്ചു.

എല്ലാം പ്ലാനുകളും വിചാരിച്ചപോലെതന്നെ നടന്നു. ജർമ്മനിയിൽ കാലുകുത്തി. ഡെൻമാർക്ക്‌, സ്വീഡൻ എന്നീ രാജ്യങ്ങളും വേണ്ടുവോളം കണ്ടു. ഇനിയാണ് എൻ്റെ പ്രിയപ്പെട്ട സ്വിറ്റ്സർലൻഡ് യാത്ര. സ്യൂറുഹ്ക്കിൽ എന്തൊക്കെ ചെയ്യണമെന്നൊന്നും അറിയില്ല. അതിനെപ്പറ്റി അന്വേഷിക്കാനോ ഇന്റർനെറ്റിൽ തിരയാനോ സമയം ലഭിച്ചിരുന്നില്ല. യൂറോപ്പിൽ ഉപയോഗിക്കാവുന്ന ഒരു മൊബൈൽ സിം കാർഡ് കയ്യിലുണ്ട്. ആവശ്യത്തിലധികം ഡാറ്റായും മിച്ചമുണ്ട്. സ്യൂറുഹ്ക്കിൽ ഇറങ്ങിയതിനു ശേഷം പദ്ധതി തയ്യാറാക്കാമെന്നു തീരുമാനിച്ചു. യാത്രയുടെ അവസാന ദിവസങ്ങളായതിനാൽ കയ്യിൽ അധികം പൈസ അവശേഷിച്ചിരുന്നില്ല. യൂറോപ്പിലെ ചിലവുകൾ അങ്ങനെയാണ്. ഏതായാലും ഒത്തിരിയേറെ ആശകളോടെ ഞാൻ സ്യൂറുഹ്ക്കിൽ വിമാനമിറങ്ങി. ആദ്യത്തെ സംശയം ട്രാൻസിറ്റ് ലേ ഓവർ ആയതിനാൽ എയർപോർട്ട് വിട്ട് പുറത്തുപോകാനാകുമോ എന്നതായിരുന്നു. ഇനി പുറത്തിറങ്ങി പോയാൽ പിന്നെ അകത്തേയ്ക്ക് കയറ്റുമോ എന്ന ആശങ്ക. അധിക നേരം ആ സംശയം ഞാൻ കൊണ്ടുനടന്നില്ല. അടുത്തു കണ്ട വിമാന കമ്പനിയുടെ ഓഫീസിൽ ചെന്ന് കാര്യം അന്വേഷിച്ചു. അവർ എൻ്റെ ഈ കുഞ്ഞു സംശയം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു "You go and enjoy the city! Enjoy the night and come back tomorrow." എനിക്ക് സന്തോഷമായി. രാത്രിയിൽ മുറിയെടുക്കാനൊന്നും പണമില്ല, രാത്രി എയർപോർട്ടിൽ തന്നെ വന്നു കിടക്കുമെന്ന് മനസ്സിൽ പറഞ്ഞു ഞാൻ പുറത്തേയ്ക്കിറങ്ങി. ഭാഗ്യത്തിന് ചെക്ക് ഇൻ ചെയ്ത ബാഗ് എടുക്കേണ്ടി വന്നില്ല. ആയതിനാൽ ഭാരം ചുമക്കേണ്ടല്ലോ. അങ്ങനെ പുറത്ത് ഒരു ചെറിയ ബാഗും കയ്യിൽ കോൺഫെറെൻസിനു കൊണ്ടുവന്ന പോസ്റ്റർ ഹോൾഡറുമായി ഞാൻ എയർപോർട്ടിന് വെളിയിലേക്ക് നടന്നു.  "ഇനി എന്ത് ചെയ്യണം?" പെട്ടെന്ന് എന്നെ കുഴക്കുന്ന ആ സംശയം പിടികൂടി. ഞാൻ മൊബൈൽ എടുത്ത് ഇന്റർനെറ്റ് ഓൺ ആക്കി. ഒരനക്കവുമില്ല! എൻ്റെ സിം കാർഡ് പ്രവർത്തിക്കുന്നില്ല. അത്രതന്നെ! 'അയ്യോ, പെട്ടല്ലോ!' ഗൂഗിൾ മാപ്പ് ഇല്ലാതെ ഞാൻ എന്ത് ചെയ്യാനാണ്??? പഠിച്ച പണി പതിനെട്ടും പയറ്റി, ഒരു രക്ഷയുമില്ല. ഇന്റർനെറ്റ് ഇല്ലാതെ ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു. ഇനി ആരെയും ഫോണിൽ ബന്ധപ്പെടാനും സാധിക്കില്ല. എയർപോർട്ട് WiFi യും ലഭിക്കുന്നില്ല. പലരോടും അന്വേഷിച്ചു. ആർക്കും WiFi സംബന്ധിച്ചു ഒരു വിവരവുമില്ല. അൽപ്പനേരം നിശബ്ദത. 

പെട്ടെന്നുതന്നെ ഞാൻ യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നു. കൈയ്യിൽ കിട്ടിയ സൗഭാഗ്യം പൂർണമായും മുതലാക്കിയേ പറ്റൂ. ഞാൻ എവിടുന്നെങ്കിലും ഒരു മാപ്പ് സങ്കടിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. അങ്ങനെയൊരു ടൂറിസ്ററ് ഇൻഫർമേഷൻ സെന്റർ കണ്ടെത്തി ഒരു മാപ്പ് സംഘടിപ്പിച്ചു. അൽപ്പം ആശ്വാസമായി. അങ്ങനെ ഞാൻ പ്ലാൻ B തയ്യാറാക്കി. കൂടുതൽ പണികളൊന്നും നടക്കില്ല. സിറ്റി സെന്ററിലേക്ക് ട്രെയിനിൽ പോവുക എന്നിട്ട് സിറ്റി പറ്റുന്നയത്രയും നടന്നു കാണുക. അത്ര തന്നെ. എയർപോർട്ടിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി കയറി നേരെ സിറ്റി സെന്ററിലെക്ക്.

ട്രെയിൻ ടിക്കറ്റ് എടുത്തപ്പോൾ തന്നെ ട്രാവൽ കാർഡിൽ ശേഷിച്ചിരുന്ന പണം തീർന്നിരിക്കുന്നു. പക്ഷെ ഞാനെടുത്തിരിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഇരുപത്തിനാലു മണിക്കൂർ സിറ്റിയുടെ ഒരു ഭാഗം മുഴുവൻ എത്ര തവണവേണമെങ്കിലും യാത്ര ചെയ്യാം. അതിനാൽ വണ്ടിക്കൂലി ഇനിയൊരു പ്രശ്നമല്ല. എന്നാൽ സിറ്റിയിൽ നിന്ന് എന്തെങ്കിലും കഴിക്കണമെങ്കിൽ സ്വിസ്സ് ഫ്രാങ്ക് തന്നെ വേണം. കൈയിലുള്ള HDFC യുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതെങ്കിലും ATM ഇൽ നിന്നും പണമെടുക്കണം. അങ്ങനെ ഞാൻ ഒരു ATM കണ്ടെത്തി. "ലോകത്തുള്ള കള്ളപ്പണമെല്ലാം കൊണ്ടുവന്നു നിക്ഷേപിച്ചിരിക്കുന്ന ഒരു ബാങ്കിൻറെ ATM ആയിരിക്കണം" ഞാൻ മനസ്സിൽ വിചാരിച്ചു. അങ്ങനെ ഞാൻ ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം രൂപവരുന്ന മുപ്പത് സ്വിസ്സ് ഫ്രാങ്ക് എടുത്തു. സ്വിസ്സ് ഫ്രാങ്ക് കൈയിലെടുത്ത ഞാനൊന്ന് ഞെട്ടി. ഇത്രയും ഭംഗിയുള്ള നോട്ടുകൾ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. പ്ലാസ്റ്റിക് പോലെ തോന്നുന്ന ചുമലയും മഞ്ഞയും നിറമുള്ള ഇരുപത്തിന്റെയും പത്തിന്റെയും നോട്ടുകൾ. എനിക്ക് ആ നോട്ടുകൾ കൊടുക്കാൻ തോന്നില്ലായെന്നു തോന്നി. പക്ഷെ വിശപ്പിനു എന്തെങ്കിലും കഴിച്ചേ പറ്റൂ. ബാങ്കിലും പണം കുറവാണ്. നിലവിൽ ഒത്തിരി പണം ചിലവായിരിക്കുന്നു. അതിനാൽ ഈ നോട്ടുകൾ കൊടുത്തേപറ്റൂ. വിഷമത്തോടെ ഞാൻ നോട്ടുകളുടെ ചിത്രങ്ങളെടുത്തു വച്ചു. ഇടയ്ക്കിടെ കാണാമല്ലോ. ഏതായാലും അധികനേരം നോട്ടുകൾ കൈയ്യിൽ വയ്ക്കാനായില്ല. വിശപ്പ് കാരണം കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങിയിരിക്കുന്നു. ഏതു നാട്ടിൽ ചെന്നാലും ചെറിയ തുകയ്ക്ക് ഭക്ഷണം ലഭിക്കുന്ന ഒരിടമുണ്ടെന്ന് കേട്ടിട്ടുണ്ട് 'McDonalds'. നാട്ടിൽ ഒരാഡംബരമായി കണ്ടിട്ടുള്ള McDonalds ഇൽ ഞാൻ ജീവിതത്തിൽ ആദ്യമായി കയറി. എന്തുപറയണമെന്ന് അറിയില്ല. അൽപ്പം ആശങ്കയോടെ ഞാൻ പറഞ്ഞു "ഒരു ബർഗർ". എൻ്റെ തപ്പി തപ്പിയുള്ള ചോദ്യം കേട്ട അവിടുത്തെ യുവാവ് എന്നോട് സംശയത്തോടെ ചോദിച്ചു "ബർഗർ മാത്രം മതിയോ?" എനിക്ക് വേറൊന്നും അറിയില്ലല്ലോ. "മതി" ഞാൻ പറഞ്ഞു. അങ്ങനെ അവിടെനിന്ന് കിട്ടിയ ഉണക്ക ബർഗറും കൈയിൽ കരുതിയ വെള്ളവും കുടിച്ച് ഞാൻ വിശപ്പടക്കി. 



സ്വിസ്സ് കറൻസികൾ



ഞാൻ കാഴ്ചകളിലേക്ക് നടന്നു. മനോഹരമായ ഒരു നഗരം. വൈകുന്നേരമായതിനാൽ ജോലികൾ കഴിഞ്ഞു വീടുകളിലേക്ക് തിരക്കിട്ട് ഓടുന്ന ആളുകൾ. നഗരം ചുറ്റി നടന്നു കാണുന്ന യാത്രികർ. മുഴുവൻ കല്ലുകൾ പാകിയ വഴിയോരങ്ങൾ. നിലത്തുകിടന്നു ഉറങ്ങാൻ പറ്റുന്നയത്ര വൃത്തി. ഞാൻ എല്ലാവരുടെയും ഷൂ ശ്രദ്ധിച്ചു. വെളുത്ത നിറത്തിലുള്ള ഷൂ ആണെങ്കിലും പോലും അതിലൊന്നും ഒരു ചെളിപോലും കാണാനില്ല. എവിടുന്നു ചെളി പറ്റാനാണ്? നമ്മളുടെ നാട്ടിൽ അത് വിചാരിക്കാൻ പോലും പറ്റില്ലല്ലോ. ചെളി കറകളുള്ള എൻ്റെ ഷൂ കണ്ടപ്പോൾ എനിക്കല്പം ജാള്യത തോന്നി. സിറ്റിയുടെ ഒത്ത നടക്കുകൂടെ ലിമ്മത്ത് നദിയൊഴുകുന്നു. ഒട്ടും മലിനമാകാത്ത നദിയിലൂടെ അരയന്നങ്ങൾ നീന്തിത്തുടിക്കുന്നു. ആ നദിയുടെ അരികിൽ അൽപ്പനേരം വിശ്രമിക്കാൻ തോന്നി. ആദ്യമായി സ്വിറ്റസർലന്റിൽ എത്തിയ സന്തോഷം പങ്കുവയ്ക്കാനാരുമില്ല. ഇനി ഇന്റർനെറ്റ് ലഭിക്കുന്നതുവരെ എനിക്ക് ഞാൻ മാത്രം. കഥ ഒത്തിരി നീണ്ടു പോയിരിക്കുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം.









നദീ തീരത്ത് അൽപ്പനേരം ഇരിക്കണമെന്നോർത്ത് നടക്കുമ്പോളാണ് ഒരു റെസ്റ്റോറന്റ് കണ്ണിൽ പെടുന്നത്. ഡ്രാഫ്റ്റ് ബീറിന്റെ പരസ്യവും കാണാം. കടയുടെ വെളിയിൽ നദിയോട് ചേർന്ന് കസേരകളിട്ടിരിക്കുന്നു. ഡ്രാഫ്റ്റ് ബിയറുകൾ എനിക്കിഷ്ടമാണ്. അതിനാൽ അൽപ്പം ബിയറും അകത്താക്കി അൽപ്പനേരം ശാന്തമായിരിക്കാൻ ഞാൻ തയ്യാറെടുത്തു. മേശയിൽ ബാഗുവച്ചിരുന്നപ്പോൾ കടക്കാരൻ പുറത്തേയ്ക്ക് വന്നു. "One pitcher beer" ഞാൻ പറഞ്ഞു. ഒരു കുപ്പി വെള്ളത്തേക്കാൾ വിലക്കുറവാണ് ബിയറിന്റെ വില! അദ്ദേഹം അകത്തേയ്ക്ക് പോയി ഒരു വലിയ ബിയർ ഗ്ലാസിൽ സാധനം കൊണ്ടുവന്നു. ഞാൻ അല്പമായി ബിയർ നുണയാൻ തുടങ്ങി. കഴിഞ്ഞ കാലവും ഇനി വരാൻ പോകുന്ന ജീവിതത്തെയുംപറ്റി ഞാൻ ആലോചിച്ചിരുന്നു. അപ്പോളാണ് ഞാനിരുന്നു മേശയ്ക്കപ്പുറം ഒരാൾ വന്നിരിക്കുന്നത്. ഒരുഅമ്മൂമ്മ. ഏകദേശം എൺപത് വയസ്സ് പ്രായം തോന്നിക്കും. കാഴ്‌ചയിൽ സ്വിറ്റ്സർലൻഡ് സ്വദേശി തന്നെ. ഒത്തിരിയേറെ ഒഴിഞ്ഞ മേശകളുണ്ടെങ്കിലും അവരെന്തിനാണ് എന്റെയടുത്ത് വന്നിരിക്കുന്നത്. ഞാനോർത്തു. "Can I sit here?" വളരെ സൗമയമായി അവരെന്നോട് ചോദിച്ചു. "Ofcourse" ഞാൻ പെട്ടെന്ന് മറുപടി കൊടുത്തു. അവരെനിക്ക് അഭിമുഖമായിരുന്ന് ഒരു ബിയറിനു ഓർഡർ നൽകി. അൽപ്പനേരം ഒറ്റയ്ക്കിരിക്കാൻ മാനസികമായി തയ്യാറെടുത്ത എന്നോട് അവർ ചോദ്യങ്ങൾ ആരംഭിച്ചു. 

"Where are you from?"

"ഇന്ത്യ" ഞാൻ മറുപടി കൊടുത്തു.

"Wow, great. India, such an amazing country. I wish to visit once." അവർ വളരെ സന്തോഷത്തോടെ പറഞ്ഞു.

സ്വിറ്റസർലാൻഡുമായി താരതമ്യം ചെയ്യുമ്പോൾ നമ്മളുടെ നാട് ഒരു ഭ്രാന്താലയമാണല്ലോ എന്നോർത്തിരുന്ന എന്നോടാണ് അവരത് പറഞ്ഞത്. പിന്നെ സ്ഥിരം ക്ളീഷേ ഡയലോഗുകൾ ഞാനും കാച്ചി.

"Yes. India will be a great experience for you." കൂടാതെ Unity in diversity, rich in culture, different languages. അതുംപോരാതെ  Kerala, Munnar, Alappuzha. ഇതെല്ലം കേട്ട് അമ്മാമ്മ ആകെ ഉത്സാഹത്തിലായി. ബിയറിന്റെ ലഹരികൂടെ ആയപ്പോൾ സംസാരം കൊഴുത്തു.

അമ്മാമ്മയുടെ പേര് ഞാൻ മറന്നിരിക്കുന്നു. സ്യൂറുഹ്ക്ക് തന്നെയാണ് സ്വദേശം. ഏതോ ഒരാളുടെ പേര് പറഞ്ഞതിന് ശേഷം ഞങ്ങളൊരുമിച്ചാകും ഇൻഡ്യയിലോട്ട് വരിക എന്ന് അവരെന്നോട് പറഞ്ഞു. തന്നെ വരേണ്ട ആരെങ്കിലുമായി ഒരുമിച്ച് വരുന്നതാണ് നല്ലതെന്ന് ഞാനും പറഞ്ഞു. അധികം വൈകാതെതന്നെ അമ്മാമ്മയുടെ സഹയാത്രികന്റെ ചിത്രം മൊബൈലിൽ എനിക്ക് കാണിച്ചുതന്നു. അതുകണ്ട ഞാൻ അന്തംവിട്ടു. അവരുടെ വളർത്തു നായയാണ് സഹയാത്രികൻ. പിന്നെയങ്ങോട്ട് വളർത്തുനായയുടെ കഥകളായി. ഒരു റേഡിയോ ഓൺ ആക്കി വച്ചതുപോലെ അവർ സംസാരിച്ചുകൊണ്ടേയിരുന്നു. എനിക്കല്പം വിരസതയുമായി. ഇവരെന്തിനാണ് എന്നോടിതൊക്കെ പറയുന്നതെന്ന് ഒരു നിമിഷമാണെങ്കിലും ഞാൻ ആലോചിച്ചുപോയി. പകുതി ഗ്ലാസ് ബിയർ ഞാൻ ഒരു റോബോട്ടിനെപോലെയിരുന്നു അകത്താക്കി. ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ ഞാൻ ചോദിച്ചു "ഭർത്താവ് എവിടെയാണ്?" സ്വകാര്യ കാര്യങ്ങൾ അവരെന്നോട് പറഞ്ഞതിൻറെ ധൈര്യത്തിലാണ് ഞാനത് ചോദിച്ചത്. അവരൊരു മടിയുമില്ലാതെ മറുപടി പറഞ്ഞു. ഭർത്താവ് വർഷങ്ങൾക്ക് മുന്നേ മരിച്ചു. അവരൊറ്റയ്ക്കാണ് ജീവിക്കുന്നത്. ആകെ കൂടെയുള്ളത് വളർത്തുനായയാണ്. വളർത്തുനായയുമായി ഓരോ ടൂർ പാക്കേജിലൂടെ ചില വിദേശ യാത്രകൾ നടത്തും. അതൊക്കെ തന്നെ ജീവിതം! എനിക്കത്ഭുതം തോന്നി. "മക്കളില്ലേ?" ഞാൻ സംശയം മറച്ചുവച്ചില്ല. ആ ചോദ്യം കേട്ടപ്പോൾ അവർക്ക് ഭയങ്കര സന്തോഷമായി. നാലു മക്കളുണ്ട്. 

"അവരൊക്കെ എവിടെയാണ്?" ഞാൻ ചോദിച്ചു. 

ഇത്രയും പ്രായമായ ഒരു അമ്മൂമ്മ ഒറ്റയ്ക്ക് താമസിക്കുന്നു എന്നുപറഞ്ഞതുകൊണ്ടാണ് മക്കളെപ്പറ്റി അറിയാൻ എനിക്ക് തോന്നിയത്. അവർ ഏതൊക്കെയോ സ്ഥലപ്പേരുകൾ പറഞ്ഞു സിറ്റിയുടെ നാല് ദിക്കുകൾ എന്നെ ചൂണ്ടിക്കാണിച്ചു. എനിക്ക് ആകെ അങ്കലാപ്പായി. ഒരേ സിറ്റിയിൽ തന്നെ മക്കളും താമസിക്കുന്നു. എന്നാൽ അവരെല്ലാം വേറെ വേറെ വീടുകളിൽ. പ്രായമായ ആ അമ്മ ഒറ്റയ്ക്ക്. ബിയർ അകത്തേക്ക് എത്തിയതുകൊണ്ടാണോ എനിക്കാകെ ഇതൊക്കെ കേട്ടിട്ട് അശ്വസ്തത തോന്നി.

"മക്കൾ കാണാൻ വരാറില്ല?" എൻ്റെ അടുത്ത ചോദ്യമായി.

"ഞങ്ങൾ മാസത്തിലൊരിക്കലോ മറ്റോ ഏതെങ്കിലും ഹോട്ടലിൽ ഡിന്നറിനു കണ്ടുമുട്ടും" അവർ സന്തോഷത്തോടെ പറഞ്ഞു. 

എനിക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെ. എൻ്റെ വല്യപ്പനെയും വല്യമ്മയെയുമൊക്കെ എത്രകാര്യമായാണ് ഞങ്ങൾ നോക്കുന്നത്. ഞാനാണെങ്കിലും അതുതന്നെ തുടരും. അല്ലാതെ വേറൊരു ചിന്ത എനിക്കൊരിക്കലും തോന്നിയിട്ടില്ല. അവരുടെ സംസ്ക്കാരം എനിക്ക് വളരെ വിചിത്രമായി തോന്നി. ഇങ്ങനെയൊക്കെയാണ് യൂറോപ്പിലെ സംസ്ക്കാരം എന്നൊക്കെ നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് അനുഭവിച്ചപ്പോളാണ് എനിക്കതിന്റെ സത്യാവസ്ഥ ശരിക്കും മനസിലായത്.

ബിയർ കുടിച്ച് അൽപ്പനേരം സമാധാനത്തോടെ കാഴ്ചകളിൽ മുഴുകിയിരുന്നു ആസ്വദിക്കാമല്ലോ എന്നോർത്തിരുന്ന എന്റെ മൂഡ് പോയതായി എനിക്ക് തോന്നി. 

അവരെന്നെ വളരെ സ്നേഹത്തോടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. നാളെയാണ് വിമാനം എന്നറിഞ്ഞപ്പോൾ രാത്രി വീട്ടിൽ തങ്ങാമെന്നായി അവർ. പക്ഷെ അതെനിക്ക് അത്ര സുരക്ഷിതമായി തോന്നിയില്ല. പരിചയമില്ലാത്ത സ്ഥലം, അൽപ്പം മുന്നേ പരിചയപ്പെട്ട ഒരു അമ്മൂമ്മ. എന്തെങ്കിലും സംഭവിച്ചാൽ പെട്ടത് തന്നെ. ഒരനുഭവത്തിനു നല്ലതാണെങ്കിലും സുരക്ഷയെ ഓർത്തു ഞാൻ ആ ക്ഷണം നിരസിച്ചു. 

രണ്ടു പേരുടെയും ബിയർ തീർന്നിരിക്കുന്നു. സംഭാഷണവും. ഞങ്ങൾ യാത്രപറഞ്ഞു പിരിഞ്ഞു. ഒരു ബിയർ ഗ്ലാസിന്റെ മാത്രം ദൈർഘ്യം ഒരു ബന്ധം. ഞാൻ അവർ നടന്നകലുന്നത് അൽപ്പനേരം നോക്കി നിന്നു. ഒരൽപം മുന്നിലേക്ക് കുനിഞ്ഞു, കൈയിൽ നിറയെ പച്ചക്കറികളുടെയും മറ്റും കവറുകളുമായി അവർ പതിയെ നടന്നകന്നു. എന്താണിപ്പോൾ സംഭവിച്ചത്? ഞാൻ ആലോചിച്ചു. ചിന്തകളൊക്കെ നിശ്ചലമായി. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു, ബാക്കി കാഴ്ചകളിലേക്ക് കൂടെ പോകേണ്ടിയിരിക്കുന്നു. ബിയറിന്റെ ചെറിയൊരു ഉന്മാദത്തോടെ ഞാൻ സിറ്റിയുടെ നടന്നുകൊണ്ടിരുന്നു. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. പട്ടണം ആഘോഷത്തിന്റെ നിമിഷങ്ങളിലൂടെ കടന്നു പോകുന്നു. വഴിയോര ഭക്ഷണ ശാലകളിൽ ആളുകൾ ഒത്തുകൂടിയിരിക്കുന്നു. മദ്യവും വിവിധതരമായ ഭക്ഷണങ്ങളുമായി അവർ ജീവിതം ആഘോഷിക്കുന്നു. നമ്മളുടെ നാട് എന്ന് ഈയൊരു നിലയിലേക്ക് ഉയരും? ഞാൻ മനസ്സിൽ ആലോചിച്ചു. നമ്മളുടെ നാട്ടിൽ ഇങ്ങനെ തുറസ്സായിരുന്ന് ഭക്ഷണം കഴിക്കാൻ, തമാശകൾ പറഞ്ഞിരിക്കാൻ സുരക്ഷിതമായ ഒരു സ്ഥലമുണ്ടോ? എനിക്ക് സംശയം തോന്നി. നദിയിലൂടെ രാത്രിയിലോടുന്ന ബോട്ടുകളിൽപോലും ആഘോഷങ്ങളാണ്. ആ ഒരു നിമിഷം സങ്കടങ്ങളൊക്കെ മറന്നു ജീവിതം ആഘോഷിക്കുന്ന ആളുകൾ. പക്ഷെ കുറച്ചു മുന്നേ കണ്ട ആ അമ്മൂമ്മയോ? എന്തൊരു വൈരുദ്ധ്യം! 

ഇരുട്ട് വീണുതുടങ്ങിയപ്പോൾ 



അല്പനേരംകൂടെ കറങ്ങി നടന്നതിന് ശേഷം ഞാൻ വീണ്ടും റെയിൽവേ സ്റ്റേഷനിൽ എത്തി. അപ്പോളാണ് നേരത്തെ കണ്ട ആ അമ്മൂമ്മയെ ഞാനവിടെ വീണ്ടും കണ്ടത്. സ്വിറ്റ്സർലൻണ്ടിലെ എൻ്റെ ഏക പരിചയക്കാരി. ഞാൻ ഓടിച്ചെന്ന് ഹായ് പറഞ്ഞു. "Who are you?" ഒരു പരിചയവുമില്ലാത്തപോലെ അവരെന്നോട് ചോദിച്ചു. എനിക്ക് അത്ഭുതമായി. ഇനിയെന്നെ പറ്റിക്കുന്നതാണെങ്കിലോ? 

ഞാൻ പറഞ്ഞു, "നമ്മൾ മുന്നേ ആ ഭക്ഷണശാലയിൽവച്ച് പരിചയപ്പെട്ടിരുന്നു" 

"Sorry, I don't remember you" എനിക്കാകെ ഞെട്ടലായി. അവരെന്നെ മറന്നിരിക്കുന്നു. പ്രായാധിക്യം മൂലം മറവിയുള്ള ആളാണ് ആ അമ്മ. ഞാനല്പനേരം സ്തബ്ധനായി പോയി. അത്രയും വയ്യാത്ത അവരാണ് ഇങ്ങനെ പട്ടണത്തിലൂടെ നടക്കുന്നത്. എനിക്ക് എൻ്റെ പപ്പയെ (അമ്മയുടെ അച്ഛൻ) ഓർമ്മ വന്നു. പപ്പയ്ക്കും ഇങ്ങനെയാണ്. മറവി രോഗം. അതിനാൽ ഞങ്ങൾ വളരെ ശ്രദ്ധയോടെയാണ് പപ്പയെ പരിപാലിക്കുന്നത്. അപ്പോളാണ് ഒരുപക്ഷെ പാപ്പയേക്കാൾ പ്രായമുള്ള ആ അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത്. അത്ഭുതം തന്നെ!


ഏകദേശം ഒരു മാസത്തിനു ശേഷം...

യാത്രയൊക്കെ കഴിഞ്ഞു നാട്ടിലെത്തി ഗോവയിലുള്ള എൻ്റെ സഹോദര തുല്യനായ സോളി ചേട്ടനോടൊപ്പം ഇരിക്കുന്ന സമയം. ഞാനെൻറെ ഈ അനുഭവം സോളി ചേട്ടനോട് പറഞ്ഞു. അപ്പോളാണ് സോളി ചേട്ടൻ എന്നോടത് പറയുന്നത്. 

സോളി ചേട്ടൻറെ ഒരു വൈദികനായ സുഹൃത്ത് യൂറോപ്പിലുണ്ട്. എല്ലാ ദിവസവും ആ  അച്ഛനെ കാണുവാൻ അവിടെയുള്ള ഓരോ പ്രായമായ അമ്മമാർ എത്തും. അവർ ആ അച്ഛനോടൊപ്പം നടന്നു കുറെയധികം സംസാരിക്കും. ആ അച്ഛൻ അതെല്ലാം ക്ഷമയുടെ കേൾക്കും. ഏകാന്തതയാണ് പ്രശ്നം. പക്ഷെ അവരത് തുറന്നു പറയില്ല, ചിലപ്പോൾ തിരിച്ചറിയാത്തതാകും. മക്കളോ ഭർത്താവോ കൂടെയില്ല. ഒറ്റയ്ക്കുള്ള ജീവിതം. ആരോടെങ്കിലുമൊന്നു സംസാരിക്കണമെന്ന് മാത്രമാണ് ആഗ്രഹം. അതിനു ആരെയെങ്കിലും ഒന്ന് കിട്ടിയാൽ മതി. മനസ്സ് തുറന്നു ഒന്ന് സംസാരിക്കണം, ചിരിക്കണം. അത്രയേയുള്ളൂ. എനിക്ക് അത്ഭുതമായി. അറിയാതെയാണെങ്കിൽ പോലും ഞാനും ഒരു അമ്മയുടെ ഒരു ദിവസം സന്തോഷകരമാകാൻ കാരണമായി. അൽപ സമയം കൂടെ അവർക്ക് നല്കാനാകാത്തതിൽ ഒരൽപം കുറ്റബോധവും എനിക്ക് തോന്നി.

അതങ്ങനെയാണല്ലോ.. ബെന്യാമിൻ പറഞ്ഞതുപോലെ "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്"

25 comments :

  1. Excellent. Could visualize everything.

    ReplyDelete
  2. Undoubtedly an amusing read.Aju this is you at your very best side 😍

    ReplyDelete
  3. അടിപൊളി.ഒട്ടും മടുപ്പിക്കാതെ രസകരമായ ഒരു എഴുത്ത്. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല ഓർമ്മകൾക്കായി.

    ReplyDelete
  4. Oru attaching life story .entho oru feel.nannayidudu kto avathatanam.,,Aa

    ReplyDelete
  5. മനോഹരം��

    ReplyDelete
  6. 😍😍😍 I too am there in ur writing 😜😜Superb

    ReplyDelete
    Replies
    1. Thank you Fr. Shebin.. Thank you for reading it and I am really happy to see you here.

      Delete
  7. ❤❤👌super.....heart touching ❤

    ReplyDelete
  8. Really beautiful ❤️��
    Loved it❤️❤️❤️

    ReplyDelete
  9. Wow Sach an amazing story
    Keep it up. Expecting more wonders from you

    ReplyDelete
  10. Great narration Ajithabh! Keep going👍

    ReplyDelete

Related Posts Plugin for WordPress, Blogger...