Saturday, 10 October 2020

ആദ്യമായി റിംപോച്ചയെ കണ്ടപ്പോൾ | Himalayas 2019 | C#06














ആദ്യമായി റിംപോച്ചയെ കണ്ടപ്പോൾ 

----------------------------
Himalayas 2019 ഇലെ മറ്റുഭാഗങ്ങളിലെക്കുള്ള ലിങ്കുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക  👇


----------------------------

പാങ്ങ് എന്ന സ്ഥലം ഞാൻ കഴിഞ്ഞ ഭാഗങ്ങളിൽ പരിചയപ്പെടുത്തിയിരുന്നല്ലോ! ഞങ്ങൾ താമസിച്ചിരുന്ന ജിസ്പയിൽ നിന്നും ലഡാക്ക് ഭാഗത്തേക്ക് 160 കിലോമീറ്റർ സഞ്ചരിച്ചാലാണ് പാങ്ങ് എത്തിച്ചേരുന്നത്. മണലിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു രാത്രി തങ്ങുവാൻ വേണ്ടി മാത്രം നിലകൊള്ളുന്ന താത്ക്കാലിക സ്ഥലമാണ് പാങ്ങ്. ടൂറിസ്റ് സീസൺ ആകുമ്പോൾ ലേയിൽ നിന്നും എത്തുന്ന ആളുകൾ അവിടെ താത്ക്കാലിക കെട്ടിടങ്ങൾ ഉയർത്തി ലഡാക്ക് യാത്രികർക്ക് ഉറങ്ങുവാനുള്ള സൗകര്യങ്ങളും ഭക്ഷണവും ഉണ്ടാക്കി നൽകുന്നു. ഡീസൽ ജനറേറ്റർ ഉപയോഗിച്ച് ഇരുട്ടുമ്പോൾ മുതൽ രാത്രി 11 മണിവരെ വൈദ്യുതിയും വെളിച്ചവും അവിടെ ലഭിക്കും. ഏറ്റവും വലിയ പ്രത്യേകത ഇതെല്ലം നോക്കി നടത്തുന്നത് സ്ത്രീകൾ ആണെന്നുള്ളതാണ്. സഹായികളായി ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ള തൊഴിലാളികളും. ശൈത്യകാലം ആകുമ്പോൾ അവർ തിരികെ ലേയിലേക്ക് മടങ്ങി പോവുകയും പാങ്ങ് മുഴുവനായും മഞ്ഞിൻറെ അടിയിലാകുകയും ചെയ്യും. 


പാങ്ങ്
പാങ്ങ്



ജിസ്പയിൽ നിന്നും 160 കിലോമീറ്റർ ഉള്ളതിനാൽ ഞങ്ങൾ പാങ്ങിൽ വന്നു ഒന്നോ രണ്ടോ ദിവസം താമസിച്ച് ആ ഭാഗത്തെ ജോലികൾ തീർത്ത് പോകാനാണ് പതിവ്. ചില രാത്രികളിൽ അതി കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന പാങ്ങിൽ ജാക്കെറ്റും ഇട്ട് കമ്പിളിക്ക് അടിയിലാണ് ഉറങ്ങാറുള്ളത്. സ്ഥിരമായി വന്നു താമസിക്കുന്നതിനാൽ പാങ്ങിലെ ഒരു ഹോട്ടലിലെ ആളുകളുമായി ഞങ്ങൾക്ക് നല്ല സൗഹൃദമായി. ലേയിൽ നിന്നും വന്നു താമസിക്കുന്ന അമ്മമാരാണ് ആ ഹോട്ടൽ നടത്തിയിരുന്നത്. രാത്രിയിൽ എത്തുന്ന ഞങ്ങൾക്ക് നല്ല ചൂട് ചൗമീനും (ന്യൂഡിൽസ്) ഓംലെറ്റും ചായയും ഉണ്ടാക്കി തരുന്ന നല്ല സ്നേഹമുള്ള അമ്മമാർ. 

അങ്ങനെയൊരു ദിവസം ഞങ്ങൾ പണിയെല്ലാം കഴിഞ്ഞു ക്ഷീണിച്ച് വിശന്ന് അവശരായി ഹോട്ടലിൽ ചെന്ന് കയറി. തണുത്ത് മരച്ചു കയറിച്ചെന്ന ഞങ്ങൾക്ക് നല്ല ചൂട് വിഭവങ്ങൾ അവർ വിളമ്പി തന്നു. ഇനി നേരെ പോയികിടന്നു ഉറങ്ങിയാൽ മതിയെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. അലുമിനിയം ഷീറ്റ് വച്ച് നിർമിച്ച കെട്ടിടത്തിൻറെ ഭക്ഷണ മുറിയോട് ചേർന്നുള്ള ചെറിയ കൂടാരത്തിലേക്ക് ഞങ്ങൾ ഉറങ്ങുവാനായി കയറി. ഭിത്തിക്ക് പകരം അലുമിനിയം ഷീറ്റ് ആണെങ്കിലും തറ സിമെന്റ് ഇട്ട് നിർമിച്ചവയാണ്. ഞങ്ങൾ അഞ്ചു പേരും ഒരു മുറിയിലാണ് കിടക്കുന്നത്. ഞങ്ങളങ്ങനെ ഉറങ്ങാനായി കിടന്നു. മൊബൈൽ ഫോണിൽ സിഗ്നൽ ലഭിക്കില്ലാത്തതിനാൽ ഫോണിൽ നോക്കിയിരിക്കേണ്ട കാര്യവുമില്ല. ഞാൻ കമ്പിളിക്കുള്ളിൽ ഒളിച്ച് ഉറക്കത്തിലേക്ക് വീഴാറായപ്പോളാണ് കടയിലെ അമ്മ റൂമിലേക്ക് കയറി വരുന്നത്.

എന്നത്തേയുംപോലെ രാവിലെ എട്ടു മണിവരെയൊന്നും കിടക്കാൻ പറ്റില്ല, നാളെ രാവിലെ 7 മണിയാകുമ്പോൾ റിംപോച്ചെ വരും അതുകൊണ്ട്  അതിനുമുന്നെ എണീറ്റ് ഭക്ഷണം കഴിക്കണം എന്നാണ് ഓർഡർ. റിംപോച്ചെ വരുമ്പോൾ അവർ അങ്ങോട്ടേയ്ക്ക് പോകും, പിന്നെ ഭക്ഷണം കിട്ടാൻ താമസിക്കും. അതാണ് പ്രശ്നം. "റിംപോച്ചെ അല്ല ആര് വന്നാലും ശരി, എന്നെ രാവിലെ വന്ന് എണീപ്പിച്ചേക്കരുത്, എനിക്ക് ഉറങ്ങണം" ഞാൻ തമാശയ്ക്ക് തിരിച്ച് പറഞ്ഞു. റിംപോച്ചെ എന്ന് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് യോദ്ധ സിനിമയിലെ ഉണ്ണികുട്ടനെയും അക്കോസേട്ടനെയുമാണ്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള റിംപോച്ചയെ നേരിട്ട് കാണാനുള്ള അവസരം ആണല്ലോ വന്നിരിക്കുന്നത് എന്ന് ഞാൻ മനസ്സിലോർത്തു. എന്നാൽ രാവിലെ കണ്ടുകളയാം! ലളിതവും സമാധാനപൂർണവുമായ ജീവിതം നയിക്കുന്ന ബുദ്ധിസ്റ്റുകൾ എനിക്ക് എന്നും ഒരു കൗതുകമാണ്. അവരുടെ ജീവിതം അടുത്തുനിന്ന് കാണാമല്ലോ!

പുറത്ത് നല്ല ശീത കാറ്റ് വീശുന്നുണ്ട്, നല്ല തണുപ്പും. പുതച്ച് മൂടി കിടന്ന ഞാൻ എപ്പളോ ഉറക്കത്തിലേക്ക് വീണു. രാവിലെ തന്നെ ഹോട്ടലിലെ അമ്മ ഓടിവന്നു "റിംപോച്ചെ വന്നു, റിംപോച്ചെ വന്നു" എന്നുപറഞ്ഞുകൊണ്ട് കതകിൽ തട്ടി. രാവിലെ എന്നെ ഉറക്കമെണീപ്പിക്കുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും റിംപോച്ചയെ കാണാമെല്ലോ എന്നോർത്ത് തടിയൻ കമ്പിളി പൊക്കിമാറ്റി അടിയിൽനിന്നും ഞാൻ ഇറങ്ങി വന്നു. റൂമിനു ചേർന്നുള്ള ഭക്ഷണ മുറിയിൽ നോക്കിയപ്പോൾ ആരെയും കാണാനില്ല. എല്ലാം തുറന്നിട്ട് റിംപോച്ചയെ കാണാൻ ഓടിയിരിക്കുകയാണ് എല്ലാവരും. റിംപോച്ചെ അത്രയ്ക്ക് വലിയ സംഭവം ആണോ എന്ന് ഞാൻ ഓർത്തു. ഞാൻ പതുക്കെ ഹോട്ടലിൽ നിന്നുമിറങ്ങി. പാങ്ങ് മൊത്തത്തിൽ നിശ്ചലമായി ഇരിക്കുകയാണ്. കടകളിലൊന്നും ആരുമില്ല. ജീവനക്കാരെല്ലാം കുറച്ച് മുകളിലായി നിർമിച്ചിരിക്കുന്ന ഒരു കൂടാരത്തിന്റെ മുൻപിൽ ഒത്തുകൂടിയിരിക്കുന്നു. അങ്ങനെ റിംപോച്ചയെ കാണാൻ ഞാനും കൂടാരം ലക്ഷ്യമാക്കി നടന്നു. 


റിംപോച്ചയെ സ്വീകരിക്കാൻ ഒരുക്കിയ കൂടാരം 





നല്ല വൃത്തിയായി അലങ്കരിച്ച കൂടാരത്തിനു മുന്നിൽ 'ഓം മണി പദ്മെ ഹും' എന്ന് ആലേഖനം ചെയ്ത പ്രയർ ഫ്ലാഗുകൾ കാറ്റത്ത് ആടിപ്പറക്കുകയാണ്. കൂടാരത്തിനു മുന്നിലായി പ്രവേശന കവാടം പോലെ വലിയ രണ്ടു തടികളും അതിനു മുകളിൽ കുന്തിരിക്കം പോലെ എന്തോ കത്തിച്ചു അതിൻറെ പുകയും പറക്കുന്നു. ആകെ ഒരു പ്രശാന്തമായ അന്തരീക്ഷമാണ് ചുറ്റും. ചിലർ ആദ്യം തന്നെ കൂടാരത്തിലേക്കുള്ള മൺറോഡിനു ഇരുവശത്തും വരിയായി നിന്ന് സ്ഥാനം പിടിച്ചു, ആദ്യം തന്നെ റിംപോച്ചയെ കാണാനായിരിക്കണം! അങ്ങനെ ഞാനും കൂടാരത്തിനു സമീപം റിംപോച്ചയെ കാണാൻ അവരോടൊപ്പം കാത്തുനിന്നു, നമ്മളുടെ മലയാളികളുടെ മനസ്സിലുള്ള ഉണ്ണിക്കുട്ടനെ കാണാൻ.  ഇനി ഈ റിംപോച്ചെയും കുട്ടി ആയിരിക്കുമോ? ഞാൻ മനസ്സിൽ വിചാരിച്ചു.

അപ്പോളാണ് ഒരു വാഹന വ്യൂഹം എൻ്റെ ദൃഷ്ടിയിൽ പതിയുന്നത്. അടുത്ത് വന്നപ്പോളാണ് ഞാൻ ഞെട്ടിയത്. എൻ്റെ മനസ്സിലെ പല ധാരണകളെയും തെറ്റിച്ചുകൊണ്ട് ചുവന്ന Jeep Wrangler ഇൽ എല്ലാവരും കാത്തുനിന്ന റിംപോച്ചെ എത്തിയിരിക്കുന്നു. പുറകെ ഒരു സ്കോര്പിയോയും ഒരു ട്രാവലറും ഉണ്ട്. എൻ്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന ഒരു ധാരണ ലളിത ജീവിതത്തിൻ്റെ ഉത്തമ ഉദാഹരണമായിരിക്കും ബുദ്ധമതത്തിലെ ആത്മീയ ആചാര്യന്മാർ എന്നാണ്. പക്ഷെ ഏകദേശം 60 ലക്ഷം രൂപയോളം വിലയുള്ള Jeep Wrangler കണ്ടപ്പോൾത്തന്നെ എൻ്റെ കാഴ്ചപ്പാട് മാറിക്കിട്ടി. വാഹനം കൂടാരത്തിനു അടുത്തേക്ക് എത്തുമ്പോൾ മൺപാതയുടെ ഇരുവശത്തും വരിയായി നിന്നവർ കുമ്പിട്ട് വണങ്ങുന്നുണ്ടായിരുന്നു. അങ്ങനെ അവസാനം വാഹനത്തിൽ നിന്നും അല്പം പ്രായം ചെന്ന ബുദ്ധമതക്കാരുടെ ആത്മീയ ആചാര്യനായ റിംപോച്ചെ പുറത്തേയ്ക്ക് ഇറങ്ങി. ശേഷം അദ്ദേഹം കൂടാരത്തിനകത്ത് പ്രത്യേകം സജ്ജമാക്കിയ കസേരയിൽ ഇരുന്നു. മറൂൺ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് റിംപോച്ചെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരനും ഉള്ളത്. പത്തോളം വരുന്ന ശിഷ്യന്മാർ അദ്ദേഹത്തിൻറെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്നുണ്ട്.

റിംപോച്ചെ പാങ്ങിൽ എത്തിയപ്പോൾ 

റിംപോച്ചെ


ആളുകളെല്ലാം ഓരോരുത്തരായി അദ്ദേഹത്തിന്റെ അടുക്കൽ പോയി കുമ്പിട്ട് വണങ്ങുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുകയായി പിന്നെ. കടകളിൽ നിന്നും കൊണ്ടുവന്ന ബിസ്കറ്റുകളും ചോക്ക്ലെറ്റുകളും അവർ അവിടെ സമർപ്പിച്ചു. എനിക്ക് അവരുടെ ബഹുമാനവും ആദരവും കണ്ട് അത്ഭുതം തോന്നി. അത്രയ്ക്ക് ആത്മാർത്ഥമായ ചെയ്തികളാണ് എനിക്ക് കാണുവാൻ കഴിഞ്ഞത്. വളരെ അച്ചടക്കത്തോടെ ഓരോരുത്തരായി കൂടാരത്തിനുള്ളിൽ പ്രവേശിച്ചാണ് അനുഗ്രഹം വാങ്ങുന്നത്. അങ്ങനെ റിംപോച്ചയെ കാണണം എന്ന എൻ്റെ ആഗ്രഹം നടന്നു. എനിക്ക് ശരിക്കും ക്രൈസ്തവ സഭയിലെ വൈദികരെയാണ് അപ്പോൾ ഓർമ്മ വന്നത്. ക്രൈസ്തവ സഭയിലെ ഏറ്റവും ഉയർന്ന വൈദികൻ പോപ്പ് ആണല്ലോ. അതുപോലെ ബുദ്ധിസ്റ്റുകളുടെ പരമോന്നത ആത്മീയ ആചാര്യൻ ദലൈ ലാമ ആണ്. ദലൈ ലാമ താമസിക്കുന്ന ധരംശാലയിലെ മൊണാസ്ട്രിയിൽ ഞാനൊരിക്കൽ പോയിട്ടുള്ളതാണ്. അതുപോലെ രൂപതകളുടെ പ്രധാന വൈദികനായ മെത്രാന്മാരെ പോലെയാകാം റിംപോച്ചെ എന്നെനിക്ക് തോന്നി. രണ്ടു മതത്തിനും ആശയങ്ങളിലും രീതികളിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും എനിക്ക് ഇങ്ങനെ ഒരു സാമ്യം തോന്നി. ഏതായാലും കുറച്ചുനേരം അവരുടെ പ്രവർത്തികൾ നിരീക്ഷിച്ചതിനു ശേഷം ഞാൻ റൂമിലേക്ക് മടങ്ങി പോയി. ഇരുട്ടുന്നതിനു മുന്നേ കുറേ ജോലികൾ തീർക്കേണ്ടതാണ്. മനസ്സിൽ എന്തായാലും അന്നുമുഴുവൻ "ഉണ്ണികുട്ടാ" "അക്കോസേട്ടോ" വിളികൾ മുഴങ്ങിനിന്നു.

6 comments :

Related Posts Plugin for WordPress, Blogger...